തമിഴകത്ത് സിനിമയായും തിരഞ്ഞെടുപ്പിന് മുൻപ് ‘ശശികല’ എത്തും; ബയോപിക് പ്രഖ്യാപിച്ചു

shashikala-film
SHARE

തമിഴകത്ത് രാഷ്ട്രീയ പോര് മുറുകുമ്പോൾ പുതിയ ചുവടുമായി രാം ഗോപാൽ വർമ. സിനിമയും രാഷ്ട്രീയവും ഇടകലർന്ന് കിടക്കുന്ന തമിഴകത്ത്  ജയലളിതയുടെ തോഴി ശശികലയുടെ ജീവിതം പറയാൻ ഒരുങ്ങുകയാണ് അദ്ദേഹം. വിവാദമായ 'ലക്ഷ്മീസ് എൻ‌ടി‌ആർ', 'പവർ സ്റ്റാർ' എന്നീ ചിത്രങ്ങൾക്ക് ശേഷം രാം ഗോപാൽ വർമ 'ശശികല' ഒരുക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ് ചിത്രം തിയറ്ററിലെത്തിക്കുമെന്നും അദ്ദേഹം പറയുന്നു. ജയലളിതയുടെ ജീവിതം പറയുന്ന 'തലൈവി'യും ഉടൻ തിയറ്ററിലെത്തുമെന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് വി.കെ. ശശികല ജയിൽ മോചിതയാകുമെന്നുറപ്പായതോടെ, അവരുടെ വരവ് അണ്ണാഡിഎംകെയിലെ സമവാക്യങ്ങൾ മാറ്റുമോയെന്ന ചർച്ചകൾ സജീവമാണ്. ശിക്ഷയുടെ ഭാഗമായ 10 കോടി പിഴ അടച്ചതോടെയാണു ശശികലയുടെ ജയിൽ മോചനം എളുപ്പമാക്കിയത്. 

10 കോടിയുടെ ഡിമാൻഡ് ഡ്രാഫ്റ്റാണ് ശശികലയുടെ അഭിഭാഷകൻ ബെംഗളൂരു കോടതിയിൽ കെട്ടിവച്ചത്. തങ്കവേലു, വാസന്തി ദേവി, ഹേമ, വിവേക് എന്നിവരുടെ അക്കൗണ്ടുകളിൽനിന്നാണു തുക അടച്ചിരിക്കുന്നത്. ഇതു സ്വീകരിച്ചുകൊണ്ടുള്ള ഉത്തരവ് കോടതി പിന്നീട് ജയിൽ അധികൃതർക്കു കൈമാറി.

ശിക്ഷാ കാലാവധി പൂർത്തിയാക്കുകയാണെങ്കിൽ ജനുവരി 27നായിരിക്കും മോചനം. ഇളവ് ലഭിക്കുകയാണെങ്കിൽ ഏതു നിമിഷവുമുണ്ടാകാം. ജയിലിൽ പോകുമ്പോൾ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയായിരുന്നു ശശികല. പിന്നീട് രാഷ്ട്രീയാന്തരീക്ഷം മാറി ശശികലയും സഹോദരി പുത്രൻ ടി.ടി.വി. ദിനകരനും പാർട്ടിക്കു പുറത്തായി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റ ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം നിയമസഭാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുൾപ്പെടെ അണ്ണാഡിഎംകെ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും പദവിക്കു കടപ്പെട്ടിരിക്കുന്നതു ശശികലയോടാണ്. ചിലർക്കെങ്കിലും അവരോട് ഇപ്പോഴും കൂറുണ്ട്. അതിനാൽ, ശശികല വീണ്ടും കളത്തിലിറങ്ങാൻ തീരുമാനിച്ചാൽ  അണ്ണാഡിഎംകെയിലും അതുവഴി സംസ്ഥാന രാഷ്ട്രീയത്തിലും പുതിയ സമവാക്യങ്ങൾ രൂപപ്പെടാൻ ഇടയാക്കും. ജയിൽമോചനത്തിനുശേഷമുള്ള നീക്കങ്ങളെപ്പറ്റി ശശികലയോ അവരോട് അടുപ്പമുള്ളവരോ ഇതുവരെ മനസ്സു തുറന്നിട്ടില്ല. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...