സാധാരണക്കാർക്ക് വിമാനയാത്ര; പിന്നെ രാഷ്ട്രീയത്തിലും പയറ്റി; ഇതാ യഥാർഥ 'മാരൻ'

who-is-captain-gr-gopinath
SHARE

സ്വപ്നസാക്ഷാത്കാരത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന 'സുരരൈ പോട്ര്' ഹിറ്റായപ്പോള്‍ കണ്ടവർ ഒന്നടങ്കം തിരഞ്ഞ ഒരു പേരുണ്ട്– ക്യാപ്റ്റന്‍ ഗോപിനാഥ്. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്‍റെ സ്ഥാപകന്‍ ക്യാപ്റ്റൻ ജി.ആര്‍.ഗോപിനാഥിന്റെ ആത്മകഥ 'സിപ്ലി ഫ്ലൈ' യെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

ജി.ആര്‍ ഗോപിനാഥ് ആരെന്ന ചോദ്യം ഗൂഗിളിൽ വ്യാപകമായി പലരും തിരയുകയാണ്. തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവുമധികം സെർച്ച് ഉണ്ടായിരിക്കുന്നത്. പോണ്ടിച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലുള്ളവരും ജി.ആർ ഗോപിനാഥ് ആരെന്ന ചോദ്യം ഉന്നയിച്ചിട്ടുണ്ട്. സിനിമയില്‍ ഡെക്കാന്‍റെ പ്രധാന എതിരാളിയായായ പരേഷ് ഗോസ്വാമിയും അദ്ദേഹത്തിന്റെ ജാസ് എയര്‍ലൈന്‍ എതാണെന്ന് അന്വേഷിക്കുന്നവരുമുണ്ട്.

ആരാണ് ക്യാപ്റ്റൻ ജി.ആർ ഗോപിനാഥ്?

കർണാടക സ്വദേശിയാണ് ക്യാപ്റ്റൻ ജി.ആർ ഗോപിനാഥ്. സിനിമയിൽ സൂര്യ അവതരിപ്പിച്ച കഥാപാത്രത്തെ പോലെ തന്നെ അധ്യാപകന്റെ മകൻ. സ്കൂൾ പഠനത്തിനു ശേഷം പുണെയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഗോപിനാഥ് ഇന്ത്യൻ മിലിറ്ററി അക്കാദമിയിലെ പരിശീലത്തിനു ശേഷം കരസേനയിൽ ചേർന്നു. 1971ലെ ഇന്ത്യ - പാക് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. 28-ാം വയസിൽ സൈനിക സേവനം നിർത്തി. 

ക്ഷീര വ്യവസായം, പട്ടുനൂൽകൃഷി, കൺസൽട്ടന്റ്, കോഴി വളർത്തൽ, ഹോട്ടൽ വ്യവസായം, റോയൽ എൻഫീൽഡ് ബൈക്ക് ഡീലിങ്ങ്, സ്റ്റോക്ക് ബ്രോക്കർ തുടങ്ങിയ പല മേഖലകളിലും കൈവെച്ചു. പിന്നീടാണ് എയർ ഡെക്കാൻ എന്ന ബജറ്റ് ഫ്രണ്ട്‍ലി എയർലൈനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഹെലികോപ്റ്ററുകൾ വാടകയ്ക്കു നൽകുന്ന ചാർട്ടർ സർവീസുമായിട്ടായിരുന്നു തുടക്കം. സുഹൃത്തും സംരഭത്തിൽ പങ്കാളായായിരുന്നു. പ്രധാനമായും രാഷ്ട്രീയ പാർട്ടി നേതാക്കളായിരുന്നു ഡക്കാൻ ഏവിയേഷനെ ആശ്രയിച്ചിരുന്നവരിൽ‌ ഏറെയും. പതിയെ, ഇന്ത്യ-ശ്രീലങ്ക മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ എയർ ചാർട്ടർ കമ്പനികളിലൊന്നായി ഡക്കാൻ ഏവിയേഷൻ മാറി. 

ആ രംഗങ്ങളിൽ കരച്ചിലടക്കാനായില്ല: സുരരൈ പോട്രിലെ ഞാൻ: ക്യാപ്റ്റന്‍ ഗോപിനാഥ്

രാജ്യത്തെ സാധാരണക്കാർക്കു വേണ്ടിയുള്ള വിമാനസർവീസ് എന്ന ലക്ഷ്യമായിരുന്നു പിന്നീട്. അങ്ങനെ 2003 ൽ എയർ ഡക്കാൻ രൂപം കൊണ്ടു. സ്വയം സമ്പാദിച്ചതും കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ചതുമായ ആറ് കോടിയായിരുന്നു  മൂലധനം. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് എയർ ഡക്കാൻ സർവീസ് ആരംഭിച്ചു. അനാവശ്യ ചെലവുകള്‍ വെട്ടിക്കുറച്ചും ചുരുങ്ങിയ സമയത്തിനകം മടക്കയാത്ര ആരംഭിച്ചുമായിരുന്നു സർ‌വീസ്. എതിരാളികളുടേതിനാക്കാള്‍ പകുതിയോളമായിരുന്നു ടിക്കറ്റ് നിരക്ക്. അന്വേഷണങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനുമൊക്കെയായി ദിവസം മുഴുവൻ പ്രവർത്തിക്കുന്ന കോൾ സെന്റർ സ്ഥാപിച്ചു. മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാൽ കനത്ത പിഴയും ഈടാക്കിയിരുന്നു. ഇന്ത്യൻ വ്യോമഗതാഗ മേഖലയുടെ 22 ശതമാനം വിഹിതം പതിയെ എയർ ഡെക്കാൻ സ്വന്തമാക്കി. 

രാജ്യത്തെ വ്യോമയാന മേഖലയിൽ മത്സരം കടുത്തപ്പോൾ അത് എയർ ഡക്കാനെയും പ്രതികൂലമായി ബാധിച്ചു. പ്രതിസന്ധിയിലായോടെ മദ്യരാജാവായ വിജയ് മല്യയ്ക്ക് എയർ ഡക്കാൻ വിൽക്കാൻ ക്യാപ്റ്റൻ ഗോപിനാഥ് നിർബന്ധിതനായി. എയർ ഡക്കാൻ ഏറ്റെടുത്ത് കിങ്ഫിഷർ റെഡ് എന്ന പേരിൽ മല്യ സർവീസ് ആരംഭിച്ചു. പിന്നീട് കിങ്ഫിഷര്‍ എയർലൈൻസ് പൂട്ടുകയും മല്യ രാജ്യം നാടുവിടുകയും ചെയ്തു. 

എയർ ഡക്കാന്‍ പ്രവർത്തനം അവസാനിപ്പിച്ചതിനു പിന്നാലെ ക്യാപ്റ്റൻ ഗോപിനാഥ് ഡക്കാൻ 360 എന്ന പേരിൽ വിമാനമാർഗമുള്ള ചരക്ക് നീക്കം ആരംഭിച്ചു. എന്നാൽ അതും പ്രതിസന്ധിയിലായി. 2013ൽ ഡക്കാൻ 360 പ്രവർത്തനം നിർത്തി. 

പിന്നീട് ഉഡാൻ പദ്ധതിയുടെ ഭാഗമായുള്ള ഹ്രസ്വദൂര റൂട്ടുകളുടെ ലേലത്തിൽ എയർ ഡക്കാൻ 34 എണ്ണം വാങ്ങിയിരുന്നു. മുംബൈ–നാസിക് സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. 

വ്യോമഗതാഗത മേഖലയിൽ നിന്നു പിൻവലിഞ്ഞ ശേഷം ക്യാപ്റ്റൻ ഗോപിനാഥ് രാഷ്ട്രീയത്തിലും ഒരു കൈ പയറ്റിയിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 

ആത്മകഥാപരമായ 'സിംപ്ലി ഫ്ലൈ എ ഡക്കാൻ ഒഡീസി'), 'യു കനോട്ട് മിസ് ദിസ് ഫ്ലൈറ്റ് എസ്സേയ്സ് ഓൺ എമേർജിങ്' എന്നീ രണ്ട് പുസ്തങ്ങള്‍ എഴുതിയിട്ടുണ്ട് അദ്ദേഹം. മാധ്യമങ്ങളിൽ കോളമിസ്റ്റായും സാന്നിധ്യം അറിയിക്കാറുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...