ഒരുപാട് സമയമുണ്ട്; വിവാഹം 60 കഴിഞ്ഞ്; കാരണം പറഞ്ഞ് ഇടവേള ബാബു; വിഡിയോ

edavela-interview
SHARE

മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഇടവേള ബാബു. എന്നാല്‍ അദ്ദേഹത്തെ തുടര്‍ച്ചയായി സിനിമകളില്‍ കണ്ടെന്നു വരില്ല. സ്ക്രീനിനു പുറത്താകാം, അല്ലെങ്കില്‍ മറ്റു റോളുകളിലാകാം ഇടവേള ബാബുവിനെ കാണാനാകുക. അമ്മയുടെ ജനറല്‍ സെക്രട്ടറിയായി ഇപ്പോഴും തുടരുന്നു. ഏതു പ്രശ്നവും പ്രതിസന്ധിയും ഇടവേളകളില്ലാതെ കൃത്യ സമയത്തു പരിഹരിക്കുന്നതു തന്നെയാണ് ഇദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്.

അവശത അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്ന ബാലയുടെ 'ലീവ് ടു ഗിവ്' പരിപാടിയിൽ അതിഥിയായി എത്തിയ താരം  വിവാഹത്തെക്കുറിച്ചും മറ്റും മനസു തുറക്കുന്നു. ക്രോണിക് ബാച്ചിലര്‍ എന്നാണ് താരം സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ 60 വയസ് കഴിഞ്ഞാല്‍ വിവാഹിതനാകണം എന്ന് പറയാറുള്ള ആളാണ് താനെന്നും നടന്‍ ബാലയുമായുള്ള അഭിമുഖത്തില്‍ ഇടവേള ബാബു പറയുന്നു. 

‘ഈ ജീവിതം വളരെ നല്ലതാണ് എന്ന അഭിപ്രായക്കാരനാണ്. ഒരുപാട് സമയം നമ്മളുടെ കയ്യിലുണ്ട്. അതേസമയം തന്നെ ഇത് ശരിയാണോ എന്ന് ചോദിച്ചാൽ ശരിയാണ് എന്ന് പറയില്ല. നമ്മൾ മാനസികമായി തയാറാവണം. 60 വയസ്സ് കഴിഞ്ഞ് വിവാഹം ചെയ്യണമെന്ന് പറയാറുള്ള ആളാണ് ഞാൻ.’–ഇടവേള ബാബു പറയുന്നു.

‘അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. ഇപ്പോള്‍ അൻപതിന്റെ മധ്യത്തിലാണ്. മറ്റൊരാളുടെ ആവശ്യം വരുമ്പോള്‍ വിവാഹം ചെയ്യുക എന്നതാണ് എന്റെ തത്വം’.–ഇടവേള ബാബു പറഞ്ഞു. ബാച്ചിലര്‍ ലൈഫിന്റെ ഗുണങ്ങളെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. അവിവാഹിതനായാല്‍ കുറച്ച് നുണ പറഞ്ഞാല്‍ മതി. സുഹൃത്തുക്കള്‍ക്ക് എട്ടു മണി കഴിഞ്ഞാല്‍ ഭാര്യമാരുടെ കോള്‍ വരും പുറപ്പെട്ടു, അവിടെയെത്തി എന്നൊക്കെ നുണ പറയണം.

ബെഡ് കണ്ടാല്‍ അപ്പോള്‍ തന്നെ താന്‍ ഉറങ്ങും. ഒരു ടെന്‍ഷനുമില്ല. എന്നാല്‍ പലര്‍ക്കും ഗുളിക വേണം അല്ലെങ്കില്‍ രണ്ടെണ്ണം സേവിക്കണം. നമുക്ക് ഇത് ഒന്നും വേണ്ട. കല്യാണം കഴിച്ചാല്‍ നമ്മള്‍ ചിന്തിക്കാത്ത വശങ്ങള്‍ വരെ കണ്ടെത്തുന്ന ആള്‍ ഉണ്ടായേക്കും. സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫ് നല്ലതാണെന്ന് ബാബു പറയുന്നത്.

ഒരു പേന നിലത്തു വീണാല്‍ പോലും എടുത്തു തരാന്‍ ആളില്ലെന്ന് സ്വയം തീരുമാനിക്കണം. സ്വന്തം വീട്ടില്‍ ചേട്ടന്‍ എവിടെയെങ്കിലും യാത്ര പോകുമ്പോള്‍ ചേട്ടത്തിയമ്മ പാക്ക് ചെയ്തു കൊടുക്കും. തന്റെ കാര്യത്തില്‍ അത് സ്വയം ചെയ്യണം. ഇത് മനസ്സിലാക്കി എന്തൊക്കെ ചെയ്യണമെന്നതിന് സ്വന്തം സിസ്റ്റം വേണം എന്നും ഇടവേള ബാബു പറഞ്ഞു.

ഈയിടെ തനിക്കെതിരെ ഉയർന്ന വിവാദങ്ങളെക്കുറിച്ചും താരം തുറന്നു പറഞ്ഞു. ‘കഴിഞ്ഞ 21 വർഷമായി ഈ ജോലി ചെയ്യുന്നു. എന്റെ ജീവിതം മാറി മറിഞ്ഞത് അമ്മ എന്ന സംഘടനയിൽ വന്നതിനു ശേഷമാണ്. ജോലിയെടുക്കാൻ തയാറായി തന്നെ വന്നതാണ്. ഏത് പാതിരായ്ക്കു വിളിച്ചാലും ഞാൻ സജീവമാണ്. അതുകൊണ്ട് തന്നെ പല ചീത്തപ്പേരും കേട്ടിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെടാൻ ഒരുപാട് സാധ്യതയുള്ള സ്ഥാനമാണ് എന്റേത്. അമ്മയിൽ അഞ്ഞൂറോളം ആളുകൾ ഉണ്ട്, അതിൽ മൂന്നോ നാലോ പേരാകും എനിക്കെതിരെ പറഞ്ഞത്. ബാല തന്നെ നോക്കൂ, നമ്മുടെ ഇന്ത്യയിൽ തന്നെ ഇത്രയും കൃത്യമായി മുന്നോട്ടുപോകുന്ന വേറെ ഏത് സിനിമാ സംഘടന ഉണ്ട്. ഇത്തരം വിവാദങ്ങളിൽ നമ്മൾ സമയം ചിലവഴിക്കാതിരിക്കുക.’–ഇടവേള ബാബു വ്യക്തമാക്കുന്നു.

‘എന്നെ ആർക്കും വിളിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതെന്നെ നേരിട്ട് വിളിച്ച് ചോദിച്ചാൽ ഞാനത് ബോധ്യപ്പെടുത്തും. ആരെയും കുറ്റപ്പെടുത്തില്ല. അവർക്ക് അതിനുള്ള അവകാശമുണ്ട്. ചില കാര്യങ്ങളുണ്ട്. എത്രയോ വർഷങ്ങൾകൊണ്ട് ഉണ്ടാക്കിയെടുത്ത പ്രസ്ഥാനമാണ് അമ്മ. അതിനെ മറ്റൊരു പേരിൽ വിളിക്കുക, ബാലയുടെ അച്ഛനും അമ്മയും ഒരു പേരിട്ട് വിളിക്കുന്നു. ആ പേര് വേണ്ടെന്ന് ബാല തീരുമാനിക്കുമ്പോൾ അച്ഛനും അമ്മയ്ക്കും വിഷമം തോന്നില്ലേ. സിനിമയിൽ പ്രശ്നങ്ങൾ ഉണ്ടാകാം. അത് പരസ്പരം സംസാരിച്ചാൽ തീരാവുന്നതേ ഒള്ളൂ. എല്ലാം തുറന്നു സംസാരിച്ചാൽ തീരും. എനിക്ക് ആരോടും വഴക്കില്ല.’-ഇടവേള ബാബു പറഞ്ഞു

മലയാള ചലച്ചിത്രമേഖലയിൽ ഇടവേള ബാബുവിന്റെ സാന്നിധ്യം ആരംഭിച്ചിട്ട് നാല് പതിറ്റാണ്ടോളമാവുന്നു. 1982ൽ പുറത്തിറങ്ങിയ ഇടവേള എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതമാരംഭിച്ച  ബാബു ചന്ദ്രനാണ് പിൽക്കാലത്ത് ഇടവേള ബാബു എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. അഭിനയത്തെക്കാളേറെ അസംഖ്യം ചലച്ചിത്ര പ്രവർത്തകരെ ചേർത്തു പിടിക്കുന്ന താര സംഘടനയായ അമ്മയുടെ അമരക്കാരിൽ പ്രധാനിയാണ് താരം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...