വിവാദത്തിന് തിരശീല; പൃഥ്വി തന്നെ കുറുവച്ചന്‍; സുരേഷ് ഗോപി ചിത്രത്തിന് വിലക്ക്

kaduva-20
SHARE

സുരേഷ് ഗോപിയുടെ 250ാം ചിത്രമായി പ്രഖ്യാപിച്ച കടുവാക്കുന്നേല്‍ കുറുവച്ചന് ൈഹക്കോടതിയുടെ വിലക്ക്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജില്ലാ കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സുരേഷ് ഗോപി കഥാപാത്രത്തിനും അദ്ദേഹത്തിന്‍റെ ഇരുനൂറ്റി അന്‍പതാം ചിത്രത്തിനുമെതിരെ കേസ് കൊടുത്തത്. 

കേസ് പരിഗണിച്ച ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന്‍റെ ചിത്രീകരണം സ്റ്റേ ചെയ്തു. 2020 ഓഗസ്റ്റില്‍ സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്‌തു. വിധിക്കെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി നീണ്ടു നിന്ന കേസിനാണ് ഒടുവിൽ വിരാമമായത്. ഇരുകൂട്ടരുടെയും വാദത്തിനു ശേഷം ജില്ലാക്കോടതിയുടെ വിധി പരിപൂർണമായും ശരിയാണെന്നും എസ്.ജി. 250 സിനിമ നിര്‍ത്തിവയ്ക്കണമെന്നും ഹൈക്കോടതിയും വിധി പുറപ്പെടുവിക്കുകയായിരുന്നു.

മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ. ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് ഇരുനൂറ്റമ്പതാം ചിത്രമെന്ന നിലയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിടുന്നത്. ഇതിനു ശേഷമാണ് കടുവ എന്ന സിനിമയുടെ തിരക്കഥയും കഥാപാത്രങ്ങളുടെ പേരും പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തിയെന്ന് ആരോപിച്ച് ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...