അച്ഛനെ 'വില്ലനാ'ക്കി ആക്ഷൻ സിനിമ; വൈറലായി കുട്ടി സംവിധായകൻ

film-19
SHARE

പതിനൊന്നുകാരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അച്ഛന്‍ വില്ലന്‍. സിനിമയില്‍ വില്ലനായ അച്ഛനെക്കാള്‍ പക്ഷെ പ്രാധാന്യം നേടുകയാണ് സംവിധായകനും വാര്‍ത്തയിലെ നായകനുമായ മാസ്റ്റര്‍ ആഷിക് ജിനു. സിനിമാമോഹികളായ ചെറുപ്പക്കാര്‍ക്ക് ഈ ആറാംക്ളാസുകാരന്‍  മാത‍‍ൃകയാണ്.

ഇത് കൊടുംവനത്തിനുള്ളിലെ വാറ്റ് കേന്ദ്രവും അത് റെയ്ഡ് ചെയ്യാനെത്തിയ എക്സൈസുകാരുമല്ല. ഒരു പതിനൊന്നുകാരന്റെ സിനിമസെറ്റാണ്. അതിലെ അഭിനേതാക്കളാണ്. കൊച്ചിയില്‍ വരാപ്പുഴ സ്വദേശി മാസ്റ്റര്‍ ആഷിക് ജിനു സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ സിനിമയുടെ പേര് ഇവ . ആഷിക്കിന്റെ അച്ഛന്‍ ജിനു സേവ്യറാണ് വില്ലന്‍. ലോക്ഡൗണ്‍ കാലത്ത് കൊളംബിയന്‍ അക്കാദമി എന്നൊരു സിനിമ ആഷിക്ക് സംവിധാനം ചെയ്തിരുന്നു. ഈ പ്രായത്തിനിടയില്‍ ആറ് ഷോര്‍ട് ഫിലിമും ഏലൂരിലെ അയ്യംകുളം പദ്ധതിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ആഷിക്കിന്റേതായി പുറത്തുവന്നു കഴിഞ്ഞു. അച്ഛന്റെ പഴയ ക്യാമറയില്‍ ഫോട്ടോയെടുത്ത് തുടങ്ങിയ കമ്പമാണ് ആഷിക്കിനെ സംവിധായകനാക്കിയത്.

ആഷിക്കിന്റെ അച്ഛന്‍ ജിനു സംവിധായകന്‍ മണിരത്നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്മ രജിത  96, എന്തിരന്‍ 2.0 എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്്ടറും. കോവിഡ്കാലം കഴിഞ്ഞുള്ള മലയാള സിനിമയുടെ തിരിച്ചുവരവില്‍ ഇനി ആഷിക്കിന്റെ പേരും ബിഗ് സ്ക്രീനില്‍ കാണാം. സംവിധാനം മാസ്റ്റര്‍ ആഷിക് ജിനു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...