‘ആലായാല്‍ തറ വേണോ..?’; പൊളിച്ചെഴുത്ത് വൈറലായി; പ്രതിഷേധം; തുണ; ചർച്ചച്ചൂട്

song-viral-new
SHARE

തലമുറകൾ തമ്മിലുള്ള അപൂർവവും രസകരവുമായ ഒരു ചർച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ് ‘ആലായാൽ തറ വേണോ?..അടുത്തൊരു അമ്പലം വേണോ?’ എന്ന ഗാനം. സൂരജ് സന്തോഷാണ് മലയാളിയുടെ നാവിൻതുമ്പിലുള്ള നാടൻ പാട്ടിന് പുതിയ തലമൊരുക്കിയത്. പക്ഷേ വരികൾ തിരുത്താൻ നമുക്കവകാശമുണ്ടോ ? എന്ന് ചോദിച്ച് കാവാലം ശ്രീകുമാർ രംഗത്തെത്തിയതോടെ സോഷ്യൽ ലോകം ഇതേറ്റെടുത്തു. അനുകൂലിച്ചും പിന്തുണച്ചും ആളുകൾ നിരന്നതോടെ പാട്ട് വൈറലായി എന്നും പറയാം.

ശ്രീകുമാറിന്റെ ചോദ്യം ഇങ്ങനെ: ‘ആലായാൽത്തറ വേണം..’ അങ്ങനെ തന്നെയാണാ പാട്ട്‌. അത്‌ 100 വർഷത്തിലേറെ പഴക്കമുള്ള ഒരു നാടൻ ശീലാണ്‌. ഇത്‌ അഛൻ എഴുതിയതല്ലാ. അഛൻ കണ്ടെത്തി.നെടുമുടി വേണുച്ചേട്ടനും ഞങ്ങളുമൊക്കെ പാടിപ്പാടി നടക്കുന്ന ഒരു പാട്ട്‌. പിന്നെ കറുകറക്കാർമ്മുകിൽ അഛന്റെ മുദ്ര പതിഞ്ഞ ഒരു മഴപ്പാട്ടാണ്‌. അവസാനം പാടിയ മണ്ണ്‌ എന്ന കവിതയിലെ വരികളും അഛന്റെയാണ്‌. എന്നും നമ്മുടെ നാടൻ ശീലുകൾ മണ്ണും മണ്ണിൽ അദ്ധ്വാനിക്കുന്നവരുടെയും ആണ്‌. ഈ വരികൾ തിരുത്താൻ നമുക്കവകാശമുണ്ടോ ?’ അദ്ദേഹം ചോദിക്കുന്നു.

പാട്ടിനെ അനുകൂലിച്ച് മനോജ് കൂറൂറിന്റെ കുറിപ്പ് ഇങ്ങനെ: 

‘ആലായാൽ തറ വേണം' എന്ന പഴയ പാട്ടിന്റെ വരികൾ പുതുതലമുറ മാറ്റിയെഴുതുന്നതു ശരിയാണോ എന്ന ശ്രീ. കാവാലം ശ്രീകുമാറിന്റെ ചോദ്യം ശരിക്കും എന്നെ അമ്പരപ്പിച്ചു. പ്രശസ്തമായ ആ പാട്ടിലൂടെ അവതരിപ്പിക്കുന്ന ചില മൂല്യങ്ങളോട് പുതുതലമുറയ്ക്ക് വിയോജിപ്പു പ്രകടിപ്പിക്കാനും അവകാശമുണ്ടല്ലോ. മാത്രമല്ല, അത്തരത്തിൽ എത്രയോ കവിതകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.

പഴയ ഓണപ്പാട്ടിലെ 'മാവേലി നാടു വാണീടും കാലം' എന്നു തുടങ്ങുന്ന പ്രശസ്തമായ വരികൾ സഹോദരൻ അയ്യപ്പൻ അദ്ദേഹത്തിന്റെ മൂല്യസങ്കല്പത്തിനനുസരിച്ചു മാറ്റി സ്വതന്ത്രമായ കവിതയാക്കിയിട്ടുണ്ട്. കാവാലം നാരായണപ്പണിക്കർ, മണ്ണ് എന്ന കവിതയിൽ, കുട്ടനാട്ടിൽ ഓണപ്പടയ്ക്കു പാടുന്ന, 'വാളിങ്ങെടുക്കെന്റെ വടിയിങ്ങെടുക്കേ/പവ്വകക്കാളിയൊടു പട വെട്ടി വരട്ടോ' എന്നിങ്ങനെയുള്ള വരികൾ, 'മാളിങ്ങെടുത്തോ, ഏന്റെ മണിയിങ്ങെടുത്തോ/ ഏൻ മന്ത്രവാസത്തിനങ്ങാ പോയി മരട്ട്' എന്നിങ്ങനെ സ്വന്തം രീതിക്കു പുനഃസൃഷ്ടിച്ചിട്ടുണ്ട്. 

‘ഏനിന്നലെ ചൊപ്പനം കണ്ടപ്പാ' എന്നു തുടങ്ങുന്ന സച്ചിദാനന്ദന്റെ 'പറയപ്പാട്ട്' അങ്ങനെതന്നെ തുടങ്ങുന്ന ഒരു നാടൻപാട്ടിന്റെ രീതിയിൽ എഴുതിയതാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'യാത്രാമൊഴി' എന്ന കവിത ആരംഭിക്കുന്നത്, വടക്കൻ പാട്ടിലെ പ്രസിദ്ധമായ വരികൾ ആ കവിതയിലെ സന്ദർഭത്തിനനുസരിച്ച് മാറ്റിയെഴുതിക്കൊണ്ടാണ്. പ്രശസ്തകവിതകൾക്ക്, സീതാരാമനും സഞ്ജയനും തൊട്ടിങ്ങോട്ടുള്ള കവികൾ എഴുതിയിട്ടുള്ള പാരഡികളുടെ എണ്ണമെടുക്കാൻതന്നെ ഈ ചെറിയ ഇടം പോരാ. പുതുകവികളും പാരഡിയുടെ രീതിയിൽ ധാരാളം കവിതകൾ എഴുതിയിട്ടുണ്ട്. ചരിത്രം ഇതായിരിക്കെ ഇങ്ങനെയൊരു ചോദ്യത്തിന് എന്തു പ്രസക്തി?

(കാവാലം നാരായണപ്പണിക്കർ സാറുമായി എനിക്കു വളരെ അടുപ്പമുണ്ടായിരുന്നു. കലാസംബന്ധിയായ കാര്യങ്ങളിൽ പല അഭിപ്രായവ്യത്യാസങ്ങളും ഞാൻ നേരിട്ടു പറഞ്ഞതിനോട് അദ്ദേഹം വളരെ വാത്സല്യത്തോടെയാണ് പ്രതികരിച്ചിരുന്നത് എന്നോർക്കുന്നു. കഴിഞ്ഞ വർഷം മുംബൈയിൽ കനക് റെലെയുടെ സ്ഥാപനത്തിൽ ശ്രീകുമാറേട്ടനുമൊരുമിച്ചു പങ്കെടുത്ത പരിപാടിയിലെ സൗഹൃദപൂർണമായ സമയങ്ങളും ഓർക്കുന്നു. ഈ വിയോജിപ്പ് വ്യക്തിപരമല്ല എന്നർത്ഥം.)

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...