ജീവിതത്തിലെ ഒരേട്; രചന, സംവിധാനം: രഞ്ജു രഞ്ജിമാർ; പുതുവേഷം

ranju-ranjimar
SHARE

സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ടിസ്റ്റ്, സിനിമാപ്രവർത്തക, ട്രാൻസ്ഡെൻഡർ ആക്ടിവിസ്റ്റ്, മോഡൽ... അങ്ങനെ പലതുമായിരുന്നു രഞ്ജു രഞ്ജിമാർ എന്ന വ്യക്തിയുടെ ഇതുവരെയുള്ള മേൽവിലാസം. പ്രതിബന്ധങ്ങൾ പലതിനെയും അതിജീവിച്ച ജീവിതയാത്രയിൽ ഇനിയും പലതും ചെയ്യാനാകും എന്ന ആത്മവിശ്വാസം എപ്പോഴും കൂടെയുണ്ട്. 

ആ ആത്മവിശ്വാസം കൈമുതലാക്കി രഞ്ജു പുതിയ ജീവിതവേഷമണിയുകയാണ്. രചന, സംവിധാനം രഞ്ജു ര​ഞ്ജിമാർ എന്ന് ബിഗ് സ്ക്രീനിൽ അധികം വൈകാതെ തന്നെ പ്രേക്ഷകർ കാണും. ആ യാത്രയെക്കുറിച്ച് രഞ്ജു ര​ഞ്ജിമാർ മനോരമ ന്യൂസ് കോമിനോട്:

എല്ലാം അപ്രതീക്ഷിതം

''ഒരിക്കലും സംവിധായികയാകുമെന്ന് വിചാരിച്ചിട്ടില്ല, സ്വപ്നത്തിൽ പോലും. സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുമ്പോഴൊക്കെയും ഇങ്ങനെ ഒരു ലക്ഷ്യം ഉണ്ടായിരുന്നില്ല. അവിചാരിതമായി ഇത് എന്നിലേക്ക് എത്തിപ്പെടുകയായിരുന്നു. ഒരു ഷോർട്ഫിലിം മത്സരത്തിന്റെ ഭാഗമായി കഥ അയച്ചിരുന്നു. സെലക്ട് ചെയ്യപ്പെടുന്ന മൂന്ന് കഥകള്‍ അവർ നിർമിക്കുമെന്നാണ് അറിയിച്ചിരുന്നത്. എനിക്ക് ലഭിച്ചത് നാലാം സ്ഥാനമാണ്. പക്ഷേ, ആ കഥ എന്റെ മനസിൽ എപ്പോഴും ഉണ്ടായിരുന്നു. ഇത് സിനിമയാക്കാം എന്ന് അന്നേ തോന്നിയിരുന്നു''.

കഥയും കഥാപാത്രങ്ങളും സാങ്കൽപികമല്ല

''18-ാം വയസിൽ എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം തന്നെയാണ്. ഇതേക്കുറിച്ച് സിനിമാപ്രവർത്തകരില്‍ തന്നെ പലരോടും സംസാരിച്ചിരുന്നു. അവരൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. രമ്യ നമ്പീശനൊക്കെ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു, എനിക്കിത് ചെയ്യാനാകും എന്നു പറഞ്ഞ്. സ്ക്രിപ്റ്റുമായി ലാൽ ജോസ് സാറിനെ കണ്ടിരുന്നു. അദ്ദേഹവും നല്ല അഭിപ്രായമാണ് പറഞ്ഞത്. ഉറപ്പായും മുന്നോട്ടുപോകാം എന്നു പറഞ്ഞ് എല്ലാം പിന്തുണയും തന്നു''.

സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. കൊച്ചി ആയിരിക്കും ഷൂട്ടിങ്ങ് ലൊക്കേഷൻ. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് രഞ്ജു തന്നെ ആയിരിക്കും. നടി മുക്തയും പ്രധാന കഥാപാത്രങ്ങളിലൊരാളായി എത്തുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...