‘അന്ന് ഫഹദിനേക്കാൾ ഇഷ്ടമായത് സുരാജിനെ’; പുച്ഛിച്ചവരും ആരാധിക്കുന്നു; കുറിപ്പ്

suraj-fahad
SHARE

ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ സുരാജ് വെഞ്ഞാറമ്മൂടിന് അഭിനന്ദനപ്രവാഹമാണ്. ഏറ്റവും ഉചിതമായ കൈകളിൽ ആണ് പുരസ്കാരം എത്തിയതെന്നാണ് ആരാധകർ പറയുന്നത്. വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ സിനിമകളിലെ സ്വാഭാവിക അഭിനയം പ്രേക്ഷകരും അത്ര കണ്ട് സ്വീകരിച്ചതാണ്. ഇപ്പോഴിതാ സുരാജിന്റെ ജീവിതം ഒരു പ്രചോദനമാണെന്ന് പറയുകയാണ് എഴുത്തുകാരൻ സന്ദീപ് ദാസ്. 

ഒന്നുമില്ലായ്മയിൽനിന്ന് ഉയരങ്ങൾ കീഴടക്കാൻ മോഹിക്കുന്നവർക്ക് സുരാജ് മഹത്തായ മാതൃകയാണ്. സുരാജിന് ലഭിച്ച സംസ്ഥാന അവാർഡ് അതിന്റെ ഏറ്റവും പുതിയ തെളിവാണെന്നാണ് ഫെയ്സ്ബുക്കിൽ സന്ദീപ് ദാസ് കുറിച്ചിരിക്കുന്നത്.

സുരാജിന്റെ ആവർത്തനവിരസമായ ഹാസ്യവേഷങ്ങൾ ഒരു ഘട്ടത്തിൽ പ്രേക്ഷകരെ മടുപ്പിച്ചിരുന്നു. തിരുവനന്തപുരം ഭാഷ മാത്രമാണ് സുരാജിന്‍റെ കരുത്ത് എന്ന് നാം കരുതി. അദ്ദേഹം സിനിമാവ്യവസായത്തിൽനിന്ന് പുറത്തായി എന്ന് സകലരും ഉറപ്പിച്ചതാണ്. ആ സമയത്ത് സുരാജ് വ്യത്യസ്തമായ വേഷങ്ങൾ ചെയ്തുതുടങ്ങി. ദേശീയ പുരസ്കാരം പോലും കരസ്ഥമാക്കി. ഒരിക്കൽ സംവിധായകൻ രഞ്ജിത്ത് പറഞ്ഞു: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ ഫഹദ് ഫാസിൽ ഉണ്ടായിരുന്നു. പക്ഷേ അതിലെ സുരാജിന്റെ പ്രകടനമാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. ഞാൻ അത് ഫഹദിനോട് പറയുകയും ചെയ്തിരുന്നുവെന്ന്. വിമർശകർ വരെ സുരാജിന്റെ ആരാധകരായി മാറിയിരിക്കുന്നുവെന്നും സന്ദീപ് ദാസ് കുറിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം: 

സുരാജ് വെഞ്ഞാറമ്മൂടിന്റെ ജീവിതം വലിയൊരു പ്രചോദനമാണ്. ഒന്നുമില്ലായ്മയിൽനിന്ന് ഉയരങ്ങൾ കീഴടക്കാൻ മോഹിക്കുന്നവർക്ക് സുരാജ് മഹത്തായ മാതൃകയാണ്. സുരാജിന് ലഭിച്ച സംസ്ഥാന അവാർഡ് അതിന്റെ ഏറ്റവും പുതിയ തെളിവാണ്.

2000ത്തിന്റെ ആരംഭത്തിൽ പുറത്തിറങ്ങിയ പല സിനിമകളിലും സുരാജിനെ ചെറിയ വേഷങ്ങളിൽ കാണാം. അവയൊന്നും വേണ്ടതുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പ്രതിഭാധനനായ സുരാജ് സിനിമയുടെ പിന്നാമ്പുറങ്ങളിൽ അലഞ്ഞുതിരിഞ്ഞിരുന്ന കാലമായിരുന്നു അത്.

അത്തരം കഷ്ടപ്പാടുകൾക്കുശേഷം സുരാജിന്റെ വലിയൊരു മോഹം സഫലമായി. ഇഷ്ടതാരമായ മമ്മൂട്ടിയോടൊപ്പം 'രാജമാണിക്യം' എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ സിനിമ പുറത്തിറങ്ങിയപ്പോൾ സുരാജ് അഭിനയിച്ച സീൻ മുറിച്ചുമാറ്റപ്പെട്ടിരുന്നു!

ആ സംഭവം സുരാജിനെ തളർത്തിയില്ല. അദ്ദേഹം പരിശ്രമം തുടർന്നു. മലയാളസിനിമയിലെ മുൻനിര കൊമേഡിയനായി മാറി. എങ്കിലും സുരാജിനോട് പലർക്കും പുച്ഛമായിരുന്നു.

സുരാജ് സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. സീരിയൽ താരങ്ങളെയും മിമിക്രി ആർട്ടിസ്റ്റുകളെയും അംഗീകരിക്കാൻ സമൂഹം മടി കാണിക്കാറുണ്ട്. ആ മനോഭാവത്തിന്റെ തിക്തഫലങ്ങൾ സുരാജും നല്ലതുപോലെ അനുഭവിച്ചിരുന്നു.

സുരാജിന്റെ ആവർത്തനവിരസമായ ഹാസ്യവേഷങ്ങൾ ഒരു ഘട്ടത്തിൽ പ്രേക്ഷകരെ മടുപ്പിച്ചിരുന്നു. തിരുവനന്തപുരം ഭാഷ മാത്രമാണ് സുരാജിന്‍റെ കരുത്ത് എന്ന് നാം കരുതി. അദ്ദേഹം സിനിമാവ്യവസായത്തിൽനിന്ന് പുറത്തായി എന്ന് സകലരും ഉറപ്പിച്ചതാണ്. ആ സമയത്ത് സുരാജ് വ്യത്യസ്തമായ വേഷങ്ങൾ ചെയ്തുതുടങ്ങി. ദേശീയ പുരസ്കാരം പോലും കരസ്ഥമാക്കി.

അപ്പോഴും വിമർശകർ ചോദിച്ചു-''ഇതെല്ലാം എത്ര കാലത്തേക്കാണ്? കോമഡി കാണിച്ചുനടക്കുന്ന ഇവനൊക്കെ എന്തിനാണ് നാഷണൽ അവാർഡ് കൊടുത്തത്? അണയാൻ പോകുന്ന തീ ആളിക്കത്തും. ഇതും അതുപോലെ കൂട്ടിയാൽ മതി....''

പക്ഷേ സുരാജ് എന്ന അഗ്നി കൂടുതൽ ശക്തിയോടെ ജ്വലിച്ചതേയുള്ളൂ. മികച്ച വേഷങ്ങൾ വരിവരിയായി എത്തി. വിമർശകർ വരെ സുരാജിന്റെ ആരാധകരായി മാറി. ആ യാത്ര ഇപ്പോഴത്തെ സംസ്ഥാന അവാർഡ് വരെ എത്തിനിൽക്കുന്നു.

ഈ ലോകം നമുക്കെതിരെ തിരിഞ്ഞേക്കാം. നമുക്കുചുറ്റും പരിഹാസങ്ങളും ശാപവാക്കുകളും നിറഞ്ഞേക്കാം. പക്ഷേ ആത്മവിശ്വാസത്തോടെ കഠിനാദ്ധ്വാനം ചെയ്താൽ നാം ലക്ഷ്യം നേടുക തന്നെ ചെയ്യും. ഇതാണ് സുരാജിന്റെ സന്ദേശം.

ഒരിക്കൽ സംവിധായകൻ രഞ്ജിത്ത് പറഞ്ഞു-

''തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ ഫഹദ് ഫാസിൽ ഉണ്ടായിരുന്നു. പക്ഷേ അതിലെ സുരാജിന്റെ പ്രകടനമാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. ഞാൻ അത് ഫഹദിനോട് പറയുകയും ചെയ്തിരുന്നു...''

മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ്. പക്ഷേ പ്രശസ്ത സംവിധായകനായ ഫാസിലിന്റെ മകനായി ജനിച്ചു എന്ന ആനുകൂല്യം ഫഹദിന് ലഭിച്ചിട്ടുണ്ട്.

സുരാജിന് അതുപോലൊരു പാരമ്പര്യമില്ല. അമ്പലപ്പറമ്പുകളിലും കൊച്ചു സ്റ്റേജുകളിലും മിമിക്രി അവതരിപ്പിച്ച് ജീവിച്ചിരുന്ന ഒരു സാധാരണക്കാരനായിരുന്നു സുരാജ്. ആ സുരാജ് ഫഹദിനേക്കാൾ നന്നായി അഭിനയിച്ചു എന്നാണ് രഞ്ജിത്ത് പറഞ്ഞുവെച്ചത്!

ഇനി പറയൂ. സുരാജിന്റെ ജീവിതം ഏറ്റവും വലിയ പ്രചോദനമല്ലേ?

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...