'ഒറ്റമണിക്കൂറിൽ പാട്ടുപാടി സ്ഥലം വിട്ടു'; ഇന്നും ചുവടുവയ്ക്കുന്ന ആ ഗാനം; ഓർമ

spb-nenjil
SHARE

മലയാളത്തിൽ നൂറിലേറെ പാട്ടുകളാണ് എസ്പിബിയുടെ ശബ്ദത്തിൽ വിരിഞ്ഞത്. പലതും സൂപ്പർ ഹിറ്റുകളും. മോഹൻലാലിന്റെ ഡാൻസ് നമ്പറുകളിൽ‌ മികച്ചു നിൽക്കുന്ന ഗാനമാണ് ഗാന്ദർവത്തിലെ 'നെഞ്ചിൽ കഞ്ചബാണം..' എന്ന് തുടങ്ങുന്നത്. എസ്പിബിയുടെ ഊർജസ്വലമായ ശബ്ദമാണ് ആ പാട്ടിന്റെ വലിയ പ്രത്യേകത. ഒറ്റ മണിക്കൂർ‌ കൊണ്ട് എസ്പിബി പഠിച്ചു പാടിയതാണ് ആ ഗാനം. ആ ഓർമകളിലൂടെ ചിത്രത്തിന്റെ സംവിധായകന്‍ സംഗീത് ശിവൻ. 

'ഈ ഗാനം ചിട്ടപ്പെടുത്തിയപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു ഇത് എസ്പിബി തന്നെ പാടണം എന്ന്. കാരണം അത്രമാത്രം എനർജറ്റിക്കായ, രസമുള്ള പാട്ടാണ്. അത് അദ്ദേഹത്തിന്റെ ശബ്ദത്തിന് മാത്രമേ സാധിക്കൂ എന്ന് തോന്നി.  അതുവരെ ഞാൻ അദ്ദേഹത്തിന്റെ പാട്ട് കേട്ടിട്ടുണ്ടെന്നല്ലാതെ നേരിട്ട് കണ്ടിട്ടില്ലായരുന്നു. അന്ന് പാടാൻ വന്നപ്പോഴാണ് ആദ്യമായി കണ്ടത്. 

എനിക്ക് അദ്ഭുതമായിരുന്നു. എസ് പി വെങ്കിടേഷാണ് സംഗീതം നൽകിയത്.  വളരെ എളുപ്പം പാടി. ഒരു മണിക്കൂറിനുള്ളിൽ എല്ലാം തീർത്ത് ആള് പോയിരുന്നു. ഒരു ജാഡയുമില്ലാത്ത മനുഷ്യൻ എന്നാണ് വിശേഷിപ്പിക്കാൻ തോന്നിയത്. ശരിക്കും ഒരു ഡാൻസ് നമ്പറായാണ് ആ പാട്ട് ചിട്ടപ്പെടുത്തിയത്. വല്ല ചടുലതയും വേഗവും വേണം. എസ്പി സർ ഒന്ന് പറഞ്ഞുകൊടുത്തു. എസ്പിബി അത് നിമിഷനേരം കൊണ്ട് ഹൃദിസ്ഥമാക്കി. 

മോഹൻലാൽ‌‌ അതിഗംഭീരമായി നൃത്തം വച്ച പാട്ടാണത്. പ്രഭുദേവയുടെ സഹോദരൻ രാജു മാസ്റ്ററാണ് കൊറോയോഗ്രാഫി ചെയ്തത്. ഇന്നും ആളുകൾ അത് പാടുന്നു, നൃത്തം വയ്ക്കുന്നു. എസ്പിബി വിടവാങ്ങുന്ന ഈ നേരത്ത് വീണ്ടും ആ ഓർമകള്‍ എത്തുന്നു. വിധിയെ ആർക്കും തടുക്കാനാവില്ലല്ലോ'. സംഗീത് ശിവന്റെ വാക്കുകൾ. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...