‘കുറച്ചുകൂടി ചെറിയ ഡ്രസ് വാങ്ങിത്തരാം’; അച്ഛൻ പറഞ്ഞത്; അനശ്വര അഭിമുഖം

anaswara-rajan
SHARE

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന പേരിൽ സദാചാര ഭീഷണികള്‍ നേരിടേണ്ടി വന്ന അനശ്വര രാജന്‍ പ്രതികരണവുമായി രംഗത്ത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംഭവിച്ചതും അനുഭവവും നടി വിശദീകരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ അയച്ചു തന്നപ്പോള്‍ തനിക്ക് അത് ഒത്തിരി ഇഷ്ടപ്പെട്ടെന്നും അതിനാലാണ് സോഷ്യല്‍ മീഡിയയില്‍ അത് പങ്ക് വെച്ചതെന്നും അനശ്വര പറയുന്നു. തുടര്‍ന്ന് കുറച്ചു കമന്റുകള്‍ വായിച്ചപ്പോള്‍ അവരുടെ മാനസികാവസ്ഥ എനിക്ക് മനസിലായിരുന്നു. ആദ്യം അവഗണിക്കാന്‍ തീരുമാനിച്ചതായിരുന്നു, അത് ശരിയാവില്ലെന്ന് പിന്നീടാണ് മനസ്സിലായത്.

കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസ്സിലായപ്പോഴാണ് ഞാന്‍ പ്രതികരിക്കുവാന്‍ തീരുമാനിച്ചത്. അത് വളരെ ആവശ്യമാണെന്ന് തോന്നിയെന്നും അനശ്വര രാജന്‍ പറയുന്നു. ഇത് എന്നെ വൈകാരികമായി ബാധിച്ചില്ല, പക്ഷേ നമ്മള്‍ ഇപ്പോഴും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പുരോഗമന കേരളത്തിലാണോ എന്ന് ആലോചിച്ചുപോയി. നെഗറ്റീവ് അഭിപ്രായങ്ങളുണ്ടാകുമെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും അനശ്വര പറയുന്നു.

'എന്റെ ഫോട്ടോകളില്‍ അഭിപ്രായമിട്ടവരുടെ സഹോദരിമാരെയും അയല്‍വാസികളെയും കുറിച്ച് ഞാന്‍ ചിന്തിച്ചു. അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലേ? സംസ്‌കാരത്തിന്റെയും ധാര്‍മ്മികതയുടെയും പേരില്‍ ഈ ആളുകള്‍ അവരെ അടിച്ചമര്‍ത്തില്ലേ?' അവള്‍ ചോദിക്കുന്നു. എന്നെപ്പോലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ഞാന്‍ മറുപടി നല്‍കിയത്.

മോശം കമന്റിട്ടവരുടെ കണ്ണിന്റെ കുഴപ്പമാണിത്. അവരെയാണ് ബോധവത്കരിക്കേണ്ടത്. എന്റ മാതാപിതാക്കള്‍, കുടുംബം, അയല്‍ക്കാര്‍, സഹപാഠികള്‍ ഇവർക്കൊന്നും യാതൊരു പ്രശ്നവുമില്ല. ചില കമന്റുകള്‍ ഞാന്‍ അച്ഛനെ വായിച്ചു കേള്‍പ്പിച്ചു. അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ വസ്ത്രം വാങ്ങി തരാമെന്നാണ് അച്ഛന്‍ പറഞ്ഞത്'– അനശ്വര പറഞ്ഞു. 

വിവാദത്തിന് പിന്നാലെ അനശ്വരക്ക് പിന്തുണയുമായി മലയാളത്തിലെ നായികമാര്‍ രംഗത്തെത്തിയിരുന്നു. സദാചാര വാദികൾക്ക് അനശ്വര തന്നെ തക്ക മറുപടിയും നൽകിയിരുന്നു. ‘ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ പ്രവൃത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നത് എന്തിനെന്നോർത്ത് നിങ്ങൾ ആശങ്കപ്പെടുക' എന്നാണ് അനശ്വര പ്രതികരിച്ചത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...