ഇതെങ്ങനെ ന്യായീകരിക്കും, മന്യയുടെ പ്രതികരണം കണ്ട് ഞെട്ടി: രേവതി സമ്പത്ത്

reavthy-manya
SHARE

വാസു അണ്ണന്റെ ഫാമിലി എന്ന ട്രോളിനെ നടി മന്യ പിന്തുണച്ചതിനെതിരെ നടിയും സാമൂഹ്യപ്രവർത്തകയുമായ രേവതി സമ്പത്ത്. പീഡിപ്പിക്കപ്പെട്ട ആ പെൺകുട്ടിയുടെ ഹൃദയം നിങ്ങളിലൂടെയാണ് ആവിഷ്കരിക്കപ്പെട്ടത്. അതുകൊണ്ട് താങ്കൾക്ക് ഇതിൽ കൃത്യമായി പ്രതികരിക്കുക എന്ന ഉത്തരവാദിത്തമുണ്ട്. റേപ്പ് എന്നത് റേപ്പ് തന്നെയാണ്. അതിന് തീവ്രതയുടെ വ്യത്യാസമൊന്നുമില്ല. അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് അത്ര ലൈറ്റല്ല. ഹാഷ് ടാഗിൽ troll , comedy എന്നൊക്കെ വച്ചാലും അത് കോമഡിയാകില്ല. ഇത്തരം ട്രോളുകളെ പ്രോത്സാഹിപ്പിക്കരുതെന്നും ഇത്രയും അഭിനയസമ്പത്തുള്ള താങ്കൾ നടത്തിയ പ്രതികരണം ഒരു പ്രതികരണം എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണം ആണെന്നും രേവതി പറയുന്നു.

കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ സായികുമാര്‍ അവതരിപ്പിച്ച വാസു എന്ന കഥാപാത്രം കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങള്‍ ഭരിക്കുകയാണ്. ചിത്രത്തില്‍ നടി മന്യ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രവും വാസുവും തമ്മിലുള്ള വിവാഹമായിരുന്നു ട്രോളുകളില്‍ നിറഞ്ഞത്. മന്യയുടെ വിവാഹഫോട്ടോ എഡിറ്റ് ചെയ്ത് അതില്‍ സായികുമാറിന്റെ മുഖമാക്കി മാറ്റുകയായിരുന്നു. വ്യാപകമായി ഇത് വൈറലായതോടെ ട്രോളുകളില്‍ പ്രതികരിച്ച് നടി മന്യയും രംഗത്ത് വന്നിരുന്നു. ട്രോളിനെ തമാശരൂപത്തില്‍ പിന്തുണച്ചായിരുന്നു നടിയുടെ പ്രതികരണം. എന്നാൽ സിനിമയിലെ അതിക്രൂരനായ വില്ലൻ കഥാപാത്രത്തെ ട്രോൾരൂപത്തില്‍ ആഘോഷിക്കുന്നതിനെതിരെ പലരും വിമർശനവുമായി എത്തി.

രേവതി സമ്പത്തിന്റെ കുറിപ്പ് വായിക്കാം:

സിനിമയിൽ ഒത്തിരി കഥാപാത്രങ്ങൾ അഭിനയിച്ച അനുഭവസമ്പത്തുള്ള നടിയാണ് മന്യ. പക്ഷേ ഇത്രയും അഭിനയസമ്പത്തുള്ള താങ്കൾ നടത്തിയ പ്രതികരണം ഒരു പ്രതികരണം എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണം ആണ്.

എന്റെ വ്യക്തിപരമായ ജീവിതത്തെയും കുടുംബത്തെയും ബാധിക്കാത്തതുകൊണ്ടും എനിക്കൊന്നും അതിൽ ചെയ്യാനില്ലാത്തതുകൊണ്ടും ഞാനിതിനെ സിംപിൾ ആയി എടുക്കുന്നു എന്നാണ് താങ്കൾ പറയുന്നത്. ഇതിലൊരു പ്രശ്നമുണ്ടെന്നും ഞാൻ അതിൽ നിസ്സഹായയാണെന്നും താങ്കൾ പറയാതെ പറയുന്നുണ്ട്. താങ്കളുടെ വ്യക്തി ജീവിതത്തിൽ മാത്രമല്ല താങ്കളുടെ സിനിമകൾ ഒതുങ്ങുന്നത്. സിനിമ എത്രയോ മനുഷ്യരുടെ ഭൗതിക-വൈകാരിക ഇടങ്ങളെ സ്വാധീനിക്കുന്ന കലയാണ്. താങ്കൾക്ക് ഒന്നും ചെയ്യാനില്ല എന്നതു തന്നെ എസ്കേപിസം മാത്രമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാതിരുന്നെങ്കിൽ തന്നെ ഒരു കലാകാരി എന്ന നിലയിൽ താങ്കളുടെ കടമ നിർവഹിക്കപ്പെട്ടേനെ.

പീഡിപ്പിക്കപ്പെട്ട ആ പെൺകുട്ടിയുടെ ഹൃദയം നിങ്ങളിലൂടെയാണ് ആവിഷ്കരിക്കപ്പെട്ടത്. അതുകൊണ്ട് താങ്കൾക്ക് ഇതിൽ കൃത്യമായി പ്രതികരിക്കുക എന്ന ഉത്തരവാദിത്തമുണ്ട്. റേപ്പ് എന്നത് റേപ്പ് തന്നെയാണ്. അതിന് തീവ്രതയുടെ വ്യത്യാസമൊന്നുമില്ല. അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് അത്ര ലൈറ്റല്ല. ഹാഷ് ടാഗിൽ troll , comedy എന്നൊക്കെ വച്ചാലും അത് കോമഡിയാകില്ല.

രണ്ടാമത്തെ പടത്തിൽ Me and My Hubby watching Vasu Anna's scary love story എന്നാണ് ക്യാപ്ഷൻ. പീഡനത്തെ പ്രണയമാക്കാൻ ശ്രമിക്കുന്നതും Scary Love Story ആക്കി മാറ്റാനും ശ്രമിക്കുന്നത് എത്രമാത്രം മനുഷ്യവിരുദ്ധമാണ്. ശരിക്കും ഞെട്ടിപ്പോയി. 'Love Story' എന്ന് കേട്ടിട്ടും നിങ്ങൾക്ക് ഇപ്പോഴും ഇതിനെ ന്യായീകരിക്കാൻ തോന്നുന്നുണ്ടോ?

ഇത് പറയുമ്പോൾ നടിയെ പറഞ്ഞു, ട്രോളിനെ സീരിയസാക്കി എന്നൊക്കെ പറയുന്നതിനു മുമ്പേ ആലോചിക്കുക നിങ്ങളുടെ ഓരോ തമാശയും എത്രമാത്രം സമൂഹത്തിന്റെ റേപ്പ് കൾച്ചറിലേക്ക് സംഭാവന ചെയ്യുന്നുണ്ടെന്ന്. തന്റെ സൃഷ്ടി ഉദ്ദേശ്യത്തിൽ നിന്ന് വ്യതിചലിച്ചു പോകുമ്പോൾ അതിനെ ലൈറ്റാക്കി പോട്ടേന്ന് ന്യായീകരിക്കലാണ് കലാകാരന്റെ ഭൗത്യമെങ്കിൽ അത്തരം വിഡ്ഢിത്തങ്ങളെ താങ്ങാൻ സാധിക്കുകയില്ല.

നടിക്കില്ലാത്ത എന്തു കുരുവാണ് നിങ്ങൾക്ക് എന്ന് ചോദിക്കുന്നവരോടാണ്,

നടിക്കില്ലെങ്കിലും ആർക്കില്ലെങ്കിലും സ്വന്തം നിലപാട് പറയുകയെന്നത് ഒരു പൗരന്റെ അവകാശമാണ്. അതിന് ഞാൻ എന്ത് ചെയ്യുന്നു എന്നതു പോലും ആരുടെയും കാര്യമല്ല. ഒരു സിനിമ എന്നത് അത് സൃഷ്ടിക്കുന്നവരും എഴുതുന്നവരും സംവിധാനം ചെയ്യുന്നവരും അഭിനയിക്കുന്നവരും ഉൾപ്പടെ എല്ലാവരും ചേരുന്നതാണ്. ആ കഥാപാത്രത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എല്ലാവരും ബാധ്യസ്ഥര്യമാണ്. ഒരു പൗരനെന്ന നിലയിൽ അതിനോട് പ്രതികരിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ട്. അതൊന്നും ആരുടെയും ഔദാര്യമല്ല.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...