‘ആട് കണ്ടപ്പോൾ ആശാന് എന്നോട് ദേഷ്യം വന്നോ?’; ചിരിപൊട്ടിച്ച് മണിയും ഇന്ദ്രൻസും

mani-indrans
SHARE

‘ആട് എന്ന സിനിമ പുറത്തിറങ്ങിയ ശേഷം എനിക്കൊരു ഭയമൊക്കെ ഉണ്ടായിരുന്നു. ആശാന് എന്നോട് ദേഷ്യം തോന്നുമോ, എന്നൊട് ദേഷ്യം കാണിക്കുമോ എന്നൊക്കെ കരുതി. അങ്ങനെ ഞാൻ പല പരിപാടികളിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടുണ്ട്.’ തനത് ശൈലിയിൽ ഇന്ദ്രൻസിന്റെ വാക്ക്. കയ്യൊന്ന് തിരുമ്മി പൊട്ടിച്ചിരിച്ച് ‘ഏയ് എനിക്ക് അങ്ങനെയാന്നും തോന്നുകേല.. എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാ..’ എന്ന് മന്ത്രി എം.എം മണിയുടെ മറുപടി. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഈ അപൂർവ അഭിമുഖം.

നടൻ ഇന്ദ്രൻസ് മന്ത്രി എം.എം.മണിയുമായി നടത്തിയ അഭിമുഖം ദി കേരള ഒബ്സർവർ എന്ന യൂട്യൂബ് പേജിലാണ് പങ്കുവച്ചിരിക്കുന്നത്. ആട് സിനിമയിൽ മന്ത്രി എം.എം മണിയോട് രൂപം കൊണ്ടും ഭാവം കൊണ്ടും സാമ്യമുള്ള വേഷം ചെയ്യുമ്പോൾ ഭയം ഉണ്ടായിരുന്നതായി ഇന്ദ്രൻസ് തുറന്നു പറഞ്ഞു. താങ്കളെ ഇഷ്ടപ്പെടുന്നവർ പ്രശ്നമുണ്ടാക്കിയാലോ എന്ന് ഭയന്ന് ചുണ്ടനക്കിയാണ് സീനുകൾ എടുത്തതെന്നും ഇന്ദ്രൻസ് പറഞ്ഞു. 

ഒരുപാട് കാര്യങ്ങളിൽ എനിക്കും ആശാനാണ് താങ്കളെന്നും അതുകൊണ്ട് ആശാനെ എന്നുതന്നെ വിളിച്ചോട്ടെ എന്നും അഭിമുഖത്തിന്റെ തുടക്കത്തിൽ ഇന്ദ്രൻസ് ചോദിക്കുന്നുണ്ട്. നാളെ എന്നോട് ഇന്ദ്രൻസ് ആവണമെന്ന് പറഞ്ഞാൽ അതിനും ഞാൻ തയാറാണെന്ന് മന്ത്രിയുടെ മറുപടി. അഭിനയമോഹം ഉണ്ടായിരുന്നെന്നും ചില സീനുകളിൽ അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ പാർട്ടി വിലക്കിയതോടെ കലാജീവിതം അവസാനിച്ചെന്നും ചിരിയോടെ മണിയാശാനും മറുപടി നൽകി. 

തന്റെ കൈ കൊണ്ടുള്ള ആക്ഷൻ ചെറുപ്പം മുതലേ ശീലിച്ചതാണെന്നും സംസാരിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും വാക്കിനൊത്ത് കയ്യുടെ ചലനവും മാറുമെന്നും അദ്ദേഹം ഇന്ദ്രൻസിനോട് പറഞ്ഞു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...