മകൾ അലംകൃതയ്ക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്. അല്ലിയുടെ ആറാം പിറന്നാളിൽ തീർത്തും വൈകാരികമായ കുറിപ്പോടെയാണ് പൃഥ്വിയുടെ ആശംസ. ഇത്രവേഗം നീ വളരല്ലേയെന്ന് ആഗ്രഹിക്കുമ്പോഴും നിന്റെ വളർച്ചയിൽ സന്തോഷം കണ്ടെത്തുന്നുണ്ടെന്നും നീയെന്നും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷവും പ്രകാശവുമാണെന്നും പൃഥ്വി കുറിച്ചു.
കുറിപ്പിങ്ങനെ: എന്റെ സൂര്യകിരണത്തിന് പിറന്നാൾ ആശംസകൾ. ദാദയുടേയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷവും പ്രകാശവും എക്കാലവും നീയായിരിക്കും. ഇത്ര വേഗം നീ വളരല്ലേയെന്ന് എന്റെയുള്ളിൽ തോന്നുമ്പോഴും മറുപാതിയിൽ നിന്റെ വളർച്ചയിൽ ഞാൻ സന്തോഷിക്കുന്നു. കൗതുകങ്ങൾ നിറഞ്ഞവളായി വളരുക.ഇപ്പോഴത്തെ പോലെ ലോകത്തെ സ്നേഹിക്കുന്നത് എക്കാലവും തുടരുക. ഞാൻ നിന്നെ സ്നേഹിക്കുന്നു പെൺകുഞ്ഞേ.. എന്നായിരുന്നു പൃഥ്വിയുടെ കുറിപ്പ്.
സന്തോഷത്തോടെ ചിരിച്ച് ഉല്ലസിച്ച് നിൽക്കുന്ന അല്ലിയുടെ ചിത്രമാണ് താരം പങ്കുവച്ചത്. രണ്ട് വർഷം മുൻപ് വരെ അല്ലിയുടെ മുഖം കാണുന്ന ചിത്രങ്ങൾ പൃഥ്വി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നില്ല.