സുരേഷ് ഗോപിയുടെ കുറുവച്ചന് വിലക്ക് തുടരും; കോടതി വാദങ്ങൾ ഇങ്ങനെ

സുരേഷ്ഗോപിയുടെ 250–ാം ചിത്രമായി പുറത്തിറങ്ങാനിരുന്ന കടുവാക്കുന്നേൽ കുറുവച്ചന്റെ വിലക്ക് കോടതി സ്ഥിരപ്പെടുത്തി. ചിത്രത്തിന്റെ തിരക്കഥ കോപ്പിയടിയാണെന്ന് ആരോപിച്ച് സംവിധായകൻ ജിനു എബ്രഹാം സമർപ്പിച്ച പരാതിയിലാണ് വിലക്ക് നീട്ടിയത്. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. കേസ് പൂർണമായും അവസാനിക്കും വരെ കുറുവച്ചന് വിലക്ക് തുടരുമെന്നും കോടതി വ്യക്തമാക്കി.

രണ്ട് ഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് കോടതിയുടെ ഈ ഉത്തരവ്. തിരക്കഥയും മറ്റ് രേഖകളും കോടതി പരിശോധിക്കുകയും ചെയ്തു. സുരേഷ്ഗോപിയുടെ  250–ാം ചിത്രമായി 'കടുവാക്കുന്നേൽ കുറുവച്ചൻ' പ്രഖ്യാപിച്ച് മോഷൻ പോസ്റ്ററും റിലീസ് ചെയ്തതോടെയാണ് വിവാദം തുടങ്ങിയത്. സമൂഹമാധ്യമങ്ങളിലടക്കം ചിത്രത്തിന്റെ പ്രമോഷനും പരസ്യ പ്രചാരണവും വിലക്കി. നേരത്തെ ഇടക്കാല ഉത്തരവിലൂടെ ചിത്രത്തിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. 

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ പിന്നണി പ്രവർത്തകരാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തിയെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന. 

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ പേര് പകർപ്പവകാശനിയമ പ്രകാരം റജിസ്റ്റർ ചെയ്തതിന്റെ രേഖകൾ ഹർജിഭാഗം കോടതിയിൽ ഹാജരാക്കി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമിക്കുന്നത്. ഈ വർഷം ജൂലൈ 15ന്  തുടങ്ങാനിരുന്ന ഷൂട്ടിങ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.