‘ഇത് മണിച്ചേട്ടനോടുള്ള സ്നേഹം; പ്രളയമുണ്ടാകരുതേ..’; നിയ ഫ്രം ലണ്ടന്‍

niya-mani
SHARE

‘രേവതിന്റെ വാട്സാപ്പില്‍ ‍ഡിപിയായിട്ടിരിക്കുന്നത് മണിച്ചേട്ടന്റെ ഫോട്ടോയാണ്. പേര് കലാഭവന്‍ മണിയെന്നും. കോളര്‍ ട്യൂണും മണിച്ചേട്ടന്റെ പാട്ട്. രേവതിനെ വിളിക്കുന്നതുവരെ എനിക്ക് അതൊന്നുമറിയാമായിരുന്നില്ല. സംസാരിച്ചുകഴിഞ്ഞപ്പോഴാണ് രേവതും മണിച്ചേട്ടനും തമ്മിലുള്ള ബന്ധം മനസ്സിലായത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എല്ലാം യാദൃച്ഛികമായി തോന്നുന്നു. രേവതിന്റെ അവസ്ഥ കണ്ടാണ് സഹായിക്കാന്‍ തോന്നിയത്. അതിന്റെ വാര്‍ത്ത വന്നതുപോലും പിന്നീട് ആളുകള്‍ വിളിച്ച് നല്ലതുപറയുമ്പോഴാണ് ഞാനറിഞ്ഞത്. കലാഭവന്‍ മണി എന്ന കലാകാരനോടുള്ള സ്നേഹമാണ് എന്നെ വിളിച്ചവരുടെ വാക്കുകള്‍ നിറയെ. ശരിക്കും സന്തോഷം തോന്നുന്നു.' സിനിമ സീരിയലുകളിലൂടെ മലയാളിയുടെ ഇഷ്ടംനേടിയ നിയ മനോരമ ന്യൂസ് ഡോട്ട് കോമിനോട് ആഹ്ലാദം പങ്കുവച്ചു. 

നാട്ടിലേക്ക് ഉടന്‍ വരാനാകുമെന്ന് തോന്നുന്നില്ല. കേരളത്തില്‍ മഴ ശക്തമാകുന്നത് വാര്‍ത്തകളില്‍ കണ്ടു. രഞ്ജിത്തിന്റെ വീട് ആലുവയിലാണ്. 2018ലെ പ്രളയ സമയത്ത് ഭാഗ്യം കൊണ്ടാണ് വീട്ടില്‍ വെള്ളം കയറാഞ്ഞത്. വീട്ടില്‍ അച്ഛനും അമ്മയുമാണുള്ളത്. അവര്‍ ബാഗൊക്കെ പാക്കുചെയ്തിരിക്കുകയാണ്. മുമ്പുണ്ടായതുപോലെ വലിയ ദുരന്തങ്ങള്‍ സംഭവിക്കരുതേയെന്ന് പ്രാര്‍ഥനയിലാണ് ഞങ്ങളും– ലണ്ടനിലിരുന്ന് നിയ പറയുന്നു. 

തൃശൂരില്‍നിന്നും തിരുവന്തപുരത്തേക്ക് ഓട്ടംവിളിച്ച് കബളിക്കപ്പെട്ട ഓട്ടോ ഡ്രൈവര്‍ രേവത് ബാബുവിന്റെ അനുഭവം വലിയ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരം ഉദയംകുളങ്ങര സ്വദേശിയായ യുവാവ്, തന്റെ അമ്മ മരിച്ചെന്നും വേഗം വീട്ടിലെത്തണമെന്നും പറഞ്ഞാണ് രേവതിനെ പറ്റിച്ചത്.  ഈ വാര്‍ത്ത മനോരമ ന്യൂസിലൂടെയാണ് നിയ അറിഞ്ഞത്. ഉടന്‍തന്നെ മനോരമയുമായി ബന്ധപ്പെട്ട നിയ രേവതിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ച ശേഷം സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.

കലാഭവന്‍ മണിയുടെ നായികയായി മലയാളി എന്ന ചിത്രത്തിലൂടെയാണ് നിയ സിനിമയിലെത്തുന്നത്. രേവതാകട്ടെ മണിയുടെ കടുത്ത ആരാധകനും. ഉല്‍സവ സീസണുകളില്‍ രേവത് മണിയുടെ നാടന്‍പാട്ടുകളുടെ സിഡികള്‍ വില്‍ക്കാനിറങ്ങാറുണ്ട്. ഇത്തവണ കോവിഡ് കാരണം ഉല്‍സവങ്ങള്‍ മുടങ്ങിയതോടെയാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ കുപ്പായമിട്ടത്. 

കുടുംബത്തോടൊപ്പം നിയ ലണ്ടനിലാണ് ഇപ്പോൾ താമസം. ‘എല്ലാവരെയും ആത്മാര്‍ഥമായി സ്നേഹിക്കുന്നയാളാണ് മണിച്ചേട്ടനെന്ന് ഞാന്‍ ആദ്യസിനിമയിലൂടെ തിരിച്ചറിഞ്ഞതാണ്. ലൊക്കേഷനിലായാലും വീട്ടിലായാലും സഹായംതേടിയെത്തുന്നവരെ അദ്ദേഹം നിരാശരാക്കാറില്ലെന്ന് നേരിട്ടറിഞ്ഞയാളാണ് ഞാന്‍. അദ്ദേഹം പെട്ടെന്ന് ഈ ലോകത്തുന്നിന്ന് പോകേണ്ടി ആളായിരുന്നില്ല.' നിയ മണിയോടുള്ള ആരാധനയും സ്നേഹവും മറച്ചുവച്ചില്ല.

നിരവധി ജനപ്രിയ സീരിയലുകളിലൂടെ മലയാളത്തിലും തമിഴിലും നിറഞ്ഞുനിന്ന അഭിനേത്രിയാണ് നിയ. ഐടി മേഖലയില്‍ ഉദ്യോഗസ്ഥനായ രഞ്ജിത്തുമായി പ്രണയവിവാഹമായിരുന്നു. വിവാഹശേഷം സിംഗപ്പൂരിലായിരുന്നു. പിന്നീട് ഇടവേളയ്ക്ക് വിരാമമിട്ട് സീരിയലുകളില്‍ സജീവമായി. തമിഴില്‍ വേട്ടൈക്കാരന്‍ ഉള്‍പ്പെടെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്തിന് ജോലിയില്‍ ലണ്ടനിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചപ്പോഴാണ് താമസം അങ്ങോട്ടേക്കാക്കിയത്. കോവിഡിന് തൊട്ടുമുമ്പാണ് ലണ്ടനിലെത്തിയത്. രഞ്ജിത്തിനും ഏകമകന്‍ രോഹിത്തിനൊപ്പം സന്തോഷത്തോടെ കഴിയുന്നു. അവന്‍ ഇപ്പോള്‍ രണ്ടാംക്ലാസിലാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...