സഹോദരിമാരുടെ സുശാന്ത്; രാഖി ആഘോഷത്തില്‍ ദുഖം തളം കെട്ടി വീട്

sushanth-singh-sisters
SHARE

ഉത്തരേന്ത്യക്കാർ രക്ഷാബന്ധൻ അഥവാ രാഖിയുടെ ആഘോഷത്തിലാണ്. സഹോദരങ്ങൾക്ക് കയ്യിൽ രാഖി കെട്ടികൊടുക്കുന്ന ചടങ്ങിന്റെ ആഘോഷത്തിലാണ് ബോളിവുഡും. എന്നാൽ ഒരു വീട്ടിൽ മാത്രം ദുഖം തളംകെട്ടി നിൽക്കുകയാണ്. സുശാന്ത് സിങ് രജപുത് സിങ്ങിന്റെ വീട്ടിൽ. അഞ്ച് സഹോദരിമാരുടെ ഏക സഹോദരനാണ് സുശാന്ത്. അനുജന്റെ വിയോഗത്തിന്റെ ആഘാതം ഇനിയും അകന്നിട്ടില്ല. രാഖി ദിനത്തിൽ സഹോദരിമാർ സുശാന്തിനെക്കുറിച്ചുള്ള ഓർമകൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ഏറ്റവും മൂത്ത സഹോദരി നീതുവിന്റെ കുറിപ്പ് ഹൃദയത്തിൽ തൊടുന്നതാണ്. ഹിന്ദിയിലൊരു കവിത പങ്കുവെച്ചുകൊണ്ടാണ് നീതു കുറിപ്പ് ആരംഭിക്കുന്നത്. കുറിപ്പ് ഇങ്ങനെ: 

ഇന്ന് നിന്റെ ദിനമാണ്. നമ്മുടെ ദിനമാണ്. ഇന്നാണ് രാഖി. ഞാനിന്നും പൂജാപാത്രം വിളക്കുകൾ കൊണ്ട് അലങ്കരിച്ചു. എന്നാൽ 35 വർഷത്തിനിടയ്ക്ക് ആദ്യമായി എനിക്ക് നിന്നെ ആരതി ഉഴിയാൻ സാധിക്കുന്നില്ല, നിന്റെ കൈകളിൽ രാഖി അണിയിക്കാനാകില്ല. നിനക്ക് മധുരം തന്ന ശേഷം മൂർദ്ദാവിൽ ചുംബിക്കാനാവില്ല. നിന്നെ ആലിംഗനം ചെയ്യാൻ പറ്റില്ല. നീയാണ് ഞങ്ങളുടെ ജീവിതം പ്രകാശപൂരിതമാക്കിയത്. ഒരു ആയുസിന്റെ സന്തോഷം നീ ജീവിതത്തിൽ തന്നു. 

എന്നാൽ ഒന്നും മാത്രം നീ ഞങ്ങളെ പഠിപ്പിച്ചില്ല. നിന്നെക്കൂടാതെ എങ്ങനെ ജീവിക്കണമെന്ന്. എന്റെ പ്രിയപ്പെട്ട 'ഗുൽഷൻ' നീ ഇല്ലാത്ത ഒരു ദിനം ഞങ്ങളുടെ ജീവിതത്തിൽ വരുമെന്ന് കരുതിയതല്ല. നമ്മൾ ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് പങ്കുവെച്ചു. എന്നാൽ എങ്ങനെയാണ് നിന്നെ കൂടാതെ ജീവിക്കേണ്ടതെന്ന് മാത്രം പഠിച്ചില്ല. അത് നീ തന്നെ ഞങ്ങൾക്ക് പറഞ്ഞുതരൂ. സ്നേഹത്തോടെ നിന്റെ റാണി ദീ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...