‘കുളിസീൻ’ കണ്ടോ..?; സ്വാസികയുടെ ഷോർട്ട് ഫിലിം ഹിറ്റ്; വലിയ സന്തോഷം

swasika-kuli
SHARE

ജൂഡ് ആന്തണി ജോസഫ്, സ്വാസിക, പാഷാണം ഷാജി എന്നിവർ പ്രധാനവേഷങ്ങൾ ചെയ്യുന്ന കുളിസീന്‍ ‍2 ഹ്രസ്വചിത്രം ആണിപ്പോൾ ശ്രദ്ധേയമാകുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രം ഓൺലൈനില്‍ കണ്ടത് നിരവധി പേരാണ്. 2013 ൽ പുറത്തിറങ്ങിയ ഹിറ്റ് ഷോർട്ട്ഫിലിം കുളിസീന്‍ എന്നതിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. 'മറ്റൊരു കടവിൽ' എന്നു പേരിട്ടിരിക്കുന്ന ചിത്രം രാഹുൽ കെ. ഷാജി സംവിധാനം ചെയ്തിരിക്കുന്നു.  മിനിസ്ക്രീനിലും സിനിമയിലും ഒരേപോലെ തിളങ്ങിയ സ്വാസിക ഇപ്പോൾ‌ ഷോർട് ഫിലിം ഹിറ്റായ സന്തോഷത്തിലാണ്. ആ സന്തോഷവും ഹ്രസ്വ ചിത്രത്തിലേക്ക് എത്തിപ്പെട്ടതും എങ്ങനെയെന്ന് സ്വാസിക പറയുന്നു. 

സാരിയുടുത്ത് വീണ്ടും സ്വാസിക

സംവിധായകൻ എന്റെ നാട്ടുകാരനാണ്. മുമ്പ് ചെയ്ത ഷോർട്ട് ഫിലിം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതെനിക്കറിയാമായിരുന്നു. കുറച്ച് കാലത്തിന് ശേഷം അതിന്റെ രണ്ടാം ഭാഗം ചെയ്യുന്നുവെന്ന് കേട്ടപ്പോൾ എനിക്ക് താൽപര്യം തോന്നി. ജൂഡ് ആന്തണി, പാഷാണം ഷാജി തുടങ്ങി അറിയാവുന്ന ആൾക്കാരായിരുന്നു എല്ലാവരും. ഇത്രയും ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷേ ജനങ്ങൾ അത് സ്വീകരിച്ചു. ഒരു ദിവസം കൊണ്ട് ഇത്രയും ആൾക്കാർ കണ്ടു എന്ന് മാത്രമല്ല നെഗറ്റീവ് കമന്റുകൾ കുറവുമാണ് എന്നത് വലിയ സന്തോഷം തരുന്നു. ഞാൻ കൂടുതലും സാരി ഉടുത്തിട്ടുള്ള കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളത്. സിനിമയിലും സീരിയലിലും. ഷോർട്ട് ഫിലിമിലും അതേ വേഷം തന്നെ ചെയ്യാൻ ശ്രദ്ധിച്ചു. അത് എന്റെ കോണ്‍ഫിഡന്‍സ് കൂട്ടി എന്ന് പറയാം. 

സിനിമ, സീരിയൽ, ഷോർട് ഫിലിം: എല്ലാം ഹിറ്റ്

എന്തോ ഒരു ഭാഗ്യമുണ്ട്. സീരിയല്‍ ചെയ്യുന്നതിനൊപ്പം വലിയ സിനിമകളുടെ ഭാഗമാകാൻ സാധിച്ചു. ഇപ്പോൾ ഷോർട്ട് ഫിലിം ചെയ്തപ്പോൾ അതും ശ്രദ്ധിക്കപ്പെടുന്നു. സിനിമാ രംഗത്തുള്ളവർ ചെയ്യുന്നതുകൊണ്ടാകാം ഇത്ര സ്വീകാര്യത ഉണ്ടായത്. കോവിഡ് വരുന്നതിനൊക്കെ മുന്നേ ചിത്രീകരിച്ച സിനിമയാണിത്. നേരത്തെ റിലീസാകേണ്ടതായിരുന്നു. പക്ഷേ അത് നീട്ടിവച്ചാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. അതിനെയും പൊസിറ്റീവായി കാണുന്നു. കാരണം എന്നെപ്പോലെ വളർന്നു വരുന്ന ആർടിസ്റ്റുകൾക്ക് മോശം സമയമാണിത്. ഒരു വർക്കും പുറത്തു വരാതിരിക്കുന്ന സമയത്താണ് ഈ ഷോർട് ഫിലിം പുറത്തിറങ്ങിയിരിക്കുന്നത്. അതുകൊണ്ട് പ്രേക്ഷകർ നമ്മളെ ഓർക്കുകയും കാണുകയും ചെയ്യുമല്ലോ. 

സ്വാസികയുടെ 'കുളിസീൻ' കണ്ടോ..?

ഇപ്പോഴത്തെ കാലത്ത് എല്ലാം പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കണം. പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ. സ്വാസികയുടെ കുളിസീൻ കണ്ടു എന്ന് പറഞ്ഞാൽ അത് ഇങ്ങനെയൊരു ഷോർട്ട് ഫിലിം പുറത്തിറങ്ങി എന്ന് ആൾക്കാർ അറിയാൻ സാധ്യത കൂടുതലാണ്. അതിനെയൊക്കെ ഞാൻ പൊസിറ്റീവായി തന്നെയാണ് കാണുന്നത്. വൾഗറായി പോകാവുന്ന രംഗങ്ങളുണ്ടായിരുന്നു. കുളിസീൻ എന്ന് കേട്ടപ്പോൾ പലരും സ്വാസികയുടെ അടുത്തു നിന്ന് ഇങ്ങനെ പ്രതീക്ഷിക്കുന്നില്ല എന്നാണ് പറഞ്ഞത്. പക്ഷേ കണ്ട് കഴിഞ്ഞപ്പോൾ എല്ലാവര്‍ക്കും കാര്യം മനസ്സിലായി. ആകെ ഒന്നോ രണ്ടോ കുളക്കടവിലുള്ള രംഗങ്ങൾ മാത്രമാണ് അതിലുള്ളത്. അത് കൃത്യമായി തന്നെ തിരക്കഥയിലുണ്ടായിരുന്നു. അതൊട്ടും വൾഗറല്ലാതെ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ ജൂഡ് ആന്റണിയാണ് ഒപ്പം അഭിനയിച്ചത്. അദ്ദേഹം ആക്ടർ‌ എന്ന നിലയിൽ വളരെ സപ്പോർ‌ട്ടീവാണ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...