‘സത്യം വിജയിക്കും’; കൈകൾ മടക്കി, നിറ കണ്ണുകളോടെ റിയ; വിഡിയോ പുറത്ത്

rhea-chakraborthy-video
SHARE

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് നടിയും സുഹൃത്തുമായ റിയ ചക്രവര്‍ത്തി. നിറകണ്ണുകളോടെ ‘സത്യം വിജയിക്കും’ എന്നു നടി പറയുന്ന വിഡിയോ റിയയുടെ അഭിഭാഷകർ പുറത്തുവിട്ടു. മകന്റെ അക്കൗണ്ടിൽനിന്ന് റിയ പണം പിൻവലിച്ചെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ആരോപിച്ചു സുശാന്തിന്റെ പിതാവ് നൽകിയ പരാതി പൊലീസ് അന്വേഷിക്കുന്ന പശ്ചാത്തലത്തിലാണു വിഡിയോ വന്നത്.

‘എനിക്കു ദൈവത്തിലും ജുഡിഷ്യറിയിലും അതിയായ വിശ്വാസമുണ്ട്. എനിക്കു നീതി ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളിൽ എന്നെക്കുറിച്ചു ഭയാനകമായ നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. പല കാര്യങ്ങളും കോടതിയിലായതിനാൽ, അഭിഭാഷകരുടെ ഉപദേശം മാനിച്ച് അതിലൊന്നും അഭിപ്രായം പറയാതെ ഞാൻ വിട്ടുനിൽക്കുകയാണ്. സത്യമേവ ജയതേ, സത്യം വിജയിക്കും’– കൈകൾ മടക്കി, നിറ കണ്ണുകളോടെ റിയ വിഡിയോയിൽ പറയുന്നു.

അഭിഭാഷകൻ സതീഷ് മനേഷിൻഡെ ആണ് 28കാരിയായ റിയയുടെ പ്രതികരണം പുറത്തുവിട്ടത്. സുശാന്തിനൊപ്പം ഒരു വര്‍ഷം ലിവ് ഇന്‍ റിലേഷനിൽ ആയിരുന്നെന്നും ജൂണ്‍ എട്ടിനാണ് മാറിയതെന്നും റിയ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. 

സുശാന്ത് വിഷാദത്തിനു ചികില്‍സയിലായിരുന്നുവെന്നും റിയ ചൂണ്ടിക്കാട്ടി. റിയ ഉപദ്രവിക്കുന്നതായി സുശാന്ത് പറഞ്ഞിരുന്നെന്നു മുന്‍കാമുകി അങ്കി‍ത മൊഴി നല്‍കിയിരുന്നു. റിയ താമസം മാറി ആറു ദിവസത്തിനുശേഷം ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ പെട്ടെന്നുള്ള മരണം ബോളിവുഡിൽ വിവാദങ്ങൾക്കു വഴിതുറന്നു. കേസുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തി, സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി, ആദിത്യ ചോപ്ര, മുകേഷ് ഛബ്ര, ശേഖര്‍ കപൂര്‍, രാജീവ് മസന്ദ് തുടങ്ങി 40 ഓളം പേരെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. സുശാന്തിന്റെ അച്ഛന്റെ പരാതിയില്‍ റിയ അടക്കം ആറു പേര്‍ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...