‘മൊഞ്ചത്തിപ്പെണ്ണേ, ഉണ്ണിമായേ..’; അവളെ പറ്റിക്കാൻ എഴുതി; ദുൽഖർ പാടി ഹിറ്റാക്കി; അക്കഥ

dq-song-viral
SHARE

‘മൊഞ്ചത്തി പെണ്ണേ, ഉണ്ണിമായേ, തഞ്ചത്തിൽ ഒപ്പന പാടിവായോ..’ പ്രിയ ദുൽഖർ, യൂട്യൂബിൽ ട്രെൻഡിങിൽ നിൽക്കുകയാണ് താങ്കൾ പാടിയ ഈ പാട്ട്. ദുൽഖർ തന്നെ നിർമിക്കുന്ന ‘മണിയറയിലെ അശോകൻ’ എന്ന സിനിമയിലെ മനോഹരമായ പാട്ട്. എന്നാൽ ഈ പാട്ടിന്റെ വരികൾക്ക് പിന്നിൽ താങ്കൾക്ക് പോലും അറിയാത്ത ഒരു കഥയുണ്ട്. ഏറെ കൗതുകവും അതിനപ്പുറം കുസൃതിയും നിറഞ്ഞൊരു കഥ. ഈ കഥയ്ക്ക് പിന്നിലെ താരം ദുൽഖറിന്റെ ഒരു സന്ദേശത്തിനായി, ഒരു ഫോൺകോളിനായി കാത്തിരിക്കുന്നു എന്ന് ആദ്യമേ പറഞ്ഞു കൊണ്ട് നമുക്ക് ആ കഥ കേൾക്കാം.

‘ഞാൻ ഷിഹാസ്, ദുൽഖർ ഇപ്പോൾ പാടി ഹിറ്റായ പാട്ട് 2017ൽ ഞാൻ എഴുതിയതാണ്. ഹൈദരാബാദ് യൂണിവാഴ്സിറ്റിയിലെ അവാസാന വർഷം. അപ്പോഴാണ് സാറാഹ എന്ന ആപ്പ് തരംഗമാവുന്നത്. ഫെയ്സ്ബുക്കിലൂടെ പരിചയമുള്ള ആളുകൾക്ക് സാറാഹ എന്ന ആപ്പിലൂടെ സന്ദേശമയക്കാം. ഇത് അയക്കുന്നത് ആരാണെന്ന് സന്ദേശം ലഭിക്കുന്നവർക്ക് അറിയാനും പറ്റില്ല. അങ്ങനെ സുഹൃത്തുകളെ പറ്റിക്കുക എന്നത് അക്കാലത്തെ പ്രധാന വിനോദമായിരുന്നു.

അക്കൂട്ടത്തിൽ ഞങ്ങളുടെ സഹപാഠിയായ ഉണ്ണിമായക്കും ഒരു സന്ദേശം അയച്ചു. ‘മൊഞ്ചത്തി പെണ്ണേ, ഉണ്ണിമായേ, തഞ്ചത്തിൽ ഒപ്പന പാടിവായോ..തേനൂറുമെന്റെ പ്രേമം നീയേ..പാലിട്ട പഞ്ചസാര ചായ..നീയേ..ഉപ്പിലിട്ട മാങ്ങ നീയേ..തെങ്ങിൻ മേലെ തേങ്ങ നീയേ..നിരത്തിൻമേലേ മത്തി നീയേ..റോഡിൻമേലെ ടാറ് നീയേ..’ ഇതായിരുന്നു ഉണ്ണിമായക്ക് അയച്ച സന്ദേശം.

വരികളിലെ കൗതുകം അവളെ ‘കവി’ ആരെന്ന് അന്വേഷിക്കാൻ പ്രേരിപ്പിച്ചു. ഫെയ്സ്ബുക്കിൽ ഈ വരികൾ പോസ്റ്റ് ചെയ്ത് അവൾ ഉടമയെ തേടി. ‍‍ഞാൻ അതു കണ്ടെങ്കിലും വെളിച്ചത്ത് വരണം എന്നു തോന്നിയില്ല.അതോടെ ആ കഥ അവസാനിച്ചു എന്നാണ് കരുതിയത്. ക്ലാസ് കഴിഞ്ഞു ഹൈദരാബാദ് വിട്ടു. ജോലിയൊക്കെ ചെയ്തു മുന്നോട്ടുപോകുമ്പോഴാണ്. കഴിഞ്ഞ വർഷം ഉണ്ണിമായ ഇൻബോക്സിൽ അവതരിക്കുന്നത്.

‘എടാ, നീയാണോ ഈ വരികളെഴുതിയത്’ എന്ന് സംശയത്തോടെ ചോദിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇതെന്തിനാ കുത്തിപ്പൊക്കുന്നേ എന്ന സംശയത്തിൽ  ഞാൻ ‘കുറ്റം’ ഏറ്റു. എന്നാൽ അവളുടെ മറുപടി എന്നെ അമ്പരപ്പിച്ചു. ‘എടാ, ഈ പാട്ട് സിനിമയിൽ എടുത്തു. ദുൽഖർ നിർമിക്കുന്ന പടത്തിൽ അദ്ദേഹം ഈ പാട്ട് പാടുന്നു.’ അവളുടെ ഈ വാക്കുകൾ ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നെ ചിത്രം വ്യക്തമായി. സിനിമയുടെ സംവിധായകൻ ഷംസു എന്നെ നേരിട്ട് വിളിച്ചു.

സംഗീത സംവിധായകൻ ശ്രീഹരി ഉണ്ണിമായ പാട്ടിന് അസാധ്യമായി സംഗീതമൊരുക്കിയിരിക്കുന്നു. ഈ വരികളെഴുതിയ ആളെ തേടി അണിയറക്കാർ ഒരുപാട് അലഞ്ഞിരുന്നു. ദുൽഖറും അന്വേഷിച്ചതായി അറിഞ്ഞു. ഒടുവിൽ ഈ പോസ്റ്റ് ആദ്യം പങ്കുവച്ച ഉണ്ണിമായയിലേക്ക് അവർ എത്തി. പക്ഷേ അപ്പോഴും ഉണ്ണിമായയ്ക്ക് ആളാരാണെന്ന് അറിയില്ലായിരുന്നു. പിന്നെ ഒപ്പം പഠിച്ചവരുടെ മുഖവും വരികളിലെ ഒരു കോഴിക്കോടൻ ടച്ചും കൊണ്ടാവണം അവൾ എന്നെ സംശയിച്ചതും ചോദിച്ചതും. എന്തായാലും പാട്ട് ഹിറ്റായി. കുഞ്ഞിക്ക അസാധ്യമായി പാടി. ആ ചിത്രത്തിലും ഒരു ഉണ്ണിമായ ഉണ്ടെന്ന് അറിഞ്ഞു.. എന്തായാലും സന്തോഷം..പെരുത്ത് സന്തോഷം..’ 

‘മൊഞ്ചത്തി പെണ്ണായ ഉണ്ണിമായയുടെ..’ കഥ ഷിഹാസ് പറഞ്ഞവസാനിപ്പിക്കുന്നു. ഇനി പാട്ടുകാരനും എഴുത്തുകാരനും തമ്മിൽ കാണുന്ന നിമിഷത്തിനായി കാത്തിരിക്കാം..നന്ദി. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...