‘മുഖത്തെ ഈ പാടുകളാണ് എന്റെ ചോറ്’; നോവിപ്പിച്ച് അനിലും മടങ്ങുന്നു

anil-side
SHARE

നടന്‍ അനില്‍ മുരളി വിടവാങ്ങിയെന്ന വാര്‍ത്ത ഒട്ടൊക്കെ അപ്രതീക്ഷിതമായിരുന്നു. കരള്‍രോഗത്തെത്തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്നു സിനിമയില്‍ ഇനിയും ഏറെ സാധ്യതകള്‍ ബാക്കി കിടന്ന ഈ നടന്‍. പരുക്കനായിരുന്നു സ്ക്രീനിലെ അനില്‍ മുരളി. പാതി അടഞ്ഞ കണ്ണുകളും മുഖത്തെ പാടുകളുമാണ് തന്റെ സിനിമയിലെ ചോറിന് കാരണമെന്ന് എപ്പോഴും സുഹൃത്തുക്കളോട് ചിരിയോടെ പറയുമായിരുന്നു. സൗഹൃദങ്ങളില്‍ ഫലിതപ്രിയനും രസികനുമായി ജീവിതം നയിച്ചൊരാള്‍. 

സമീപനാളുകളില്‍ തമിഴ് സിനിമയാണ് അനില്‍ മുരളിക്ക് ശക്തമായ വേഷങ്ങള്‍ നല്‍കിയത്. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളില്‍ കരുത്തറിയിച്ച നടനായിരുന്നു അനില്‍ മുരളി. തമിഴ് സിനിമകള്‍ മൊഴിമാറ്റി റിലീസ് ചെയ്തത് ഹിന്ദിയിലുള്‍പ്പെടെ അനിലിന് പ്രശസ്തി നല്‍കി.  അഭിനയിച്ചുതുടങ്ങിയത് സീരിയലുകളിലാണ്. അതും ചെറിയവേഷങ്ങളില്‍.  ജയഭാരതിയും വിനീതും മുഖ്യവേഷങ്ങള്‍ ചെയ്ത കന്യാകുമാരിയില്‍ ഒരു കവിതയാണ് അനിലിന്റെ ആദ്യസിനിമ. ആലപ്പുഴയില്‍ സ്വന്തമായി നാടകട്രൂപ്പുമായി കലാലോകത്ത് സജീവമായിരുന്നു വിനയന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമകൂടിയായിരുന്നു അത്.

‘തിരുവന്തപുരത്തെ ഹോട്ടലിലായിരുന്നു സിനിമയുടെ ചര്‍ച്ചകള്‍. പ്രധാനവേഷങ്ങളിലേക്ക് ആളുകളെ കണ്ടുവച്ച സമയം. ഒരുദിവസം ഉച്ചകഴിഞ്ഞ് ഒരു ചെറുപ്പക്കാരന്‍ റൂമില്‍ വന്നു. സിനിമയില്‍ അവസരം ചോദിച്ചു. സാധാരണയായി നാടകത്തിലായാലും സിനിമയിലായാലും പ്രമുഖരുടെ ശുപാര്‍ശക്കത്തുകളുമായാണ് പലരും എത്താറുള്ളത്. നേരിട്ട് വന്ന് അവസരം ചോദിച്ചയാളെ എനിക്ക് ഇഷ്ടപ്പെട്ടു. പേരു ചോദിച്ചപ്പോള്‍ അനില്‍ മുരളിയെന്ന് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. ആദ്യനോട്ടത്തില്‍തന്നെ എന്തോ ഒരു പ്രത്യേകത അനിലില്‍ കണ്ടിരുന്നു. അതുകൊണ്ടുതന്നെ വെറുംകയ്യോടെ മടക്കിവിടാന്‍ തോന്നിയില്ല. ചിത്രത്തിലെ പ്രധാനവേഷങ്ങളിലൊന്നുതന്നെ അനിലിന് നല്‍കി. തീരുമാനം ശരിയായിരുന്നുവെന്ന് അനില്‍ മുരളി തെളിയിക്കുകയും ചെയ്തു. വില്ലനെ കണ്ടെത്തി. കന്യാകുമാരിയില്‍ ഒരു കവിത അനില്‍ മുരളിയുടെ ആദ്യസിനിമയാകുന്നത് അങ്ങനെയാണ്...’ 

സംവിധായകന്‍ വിനയന്‍ ഓര്‍ക്കുന്നു.  അനിലിലെ നടനെ വളര്‍ത്തുന്നതില്‍ അനില്‍ ബാബു ടീമും ജോഷിയുമൊക്കെ വലിയ പങ്കുവഹിച്ചു. പകല്‍പ്പൂരം, വാല്‍ക്കണ്ണാടി തുടങ്ങിയ സിനിമകളില്‍ അവര്‍ അനിലിനെ നന്നായി ഉപയോഗിച്ചു. വാല്‍ക്കണ്ണാടിയില്‍ കലാഭവന്‍ മണിക്കൊപ്പം ഉജ്വല അഭിനയമാണ് അനില്‍ കാഴ്ചവച്ചത്. ബാബുവുമായി പിരിഞ്ഞശേഷം അനില്‍ ചെയ്ത അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍, കയം തുടങ്ങിയ സിനിമകളിലും അനിലിന് പ്രാധാന്യമുള്ള വേഷങ്ങളുണ്ടായിരുന്നു.

സൂപ്പര്‍താരസിനിമകളില്‍ സ്ഥിരം സാന്നിധ്യമായ അനില്‍ മുരളി പൊലീസ് കഥാപാത്രങ്ങളില്‍ കൂടുതല്‍ മികവറിയിച്ചു. അതാണ് മറ്റുഭാഷകളിലേക്ക് അവസരമൊരുക്കിയത്. തമിഴില്‍ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ തേടിവന്നു. നിമിര്‍ന്തുനില്‍, കനിതന്‍, കൊടി തുടങ്ങിയ സിനിമകള്‍. കനിതനിലെ ക്രൂരനായ പൊലീസ് കഥാപാത്രം അനിലിന് തമിഴ് സിനിമയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കി. ലോക് ഡൗണിന് തൊട്ടുമുമ്പ് വന്ന വാള്‍ട്ടറിലാണ് തമിഴില്‍ അഭിനയിച്ചത്. സൗഹൃദങ്ങളായിരുന്നു അനിലിന്റെ കരുത്ത്. സുഹൃത്തുക്കള്‍ക്കൊപ്പം തമാശ പറഞ്ഞ് ചിരിക്കുന്ന അനില്‍ മുരളിയുടെ മുഖമായിരിക്കും ഈ വേര്‍പാടുവേളയിലും അടുത്തറിയാവുന്നവരുടെ മനസ്സുനിറയെ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...