ദേശക്കാരുടെ സ്വന്തം 'മണിയേട്ടൻ'; മലയാളത്തിന്റെ ഭരതൻ വിടപറഞ്ഞിട്ട് 22 വർഷം

bharathan-30
SHARE

മലയാളിയുടെ സിനിമ ഇഷ്ടങ്ങളിൽ പ്രണയത്തിന്റെയും ഗൃഹാതുരതയുടെയും സെല്ലുലോയിഡ് പതിപ്പിച്ച സംവിധായകൻ ഭരതൻ വിടപറഞ്ഞിട്ട് 22വർഷം. കടുംചായകൂട്ടുകളും പച്ചയായ മനോവ്യാപാരങ്ങളുമായി അദ്ദേഹം  വെള്ളിത്തിരയിൽ വരച്ചിട്ട മായകാഴ്ചകളാണ് ഇന്നും നമ്മുടെ ഇഷ്ട ചിത്രങ്ങളിൽ ഏറെയും. 

ഇതാണ് നമ്മളനുഭവിച്ച ഭരതൻ സ്പർശം. കോളെജ് ഓഫ് ആർട്സിൽ നിന്ന് പഠിച്ചിറങ്ങിയത് മുതൽ മനസ്സിൽ കൊണ്ടുനടന്ന ചായക്കൂട്ടുകളൊക്കെയും ഓരോ റീലിന്റെയും ചാരുതക്കായ് ചമയിച്ച പ്രതിഭ. ഭരതന്റെ ക്യാൻവാസിൽ പിറന്ന 40ചിത്രങ്ങളും വെറും സിനിമകഥകളായിരുന്നില്ല. തിരശീലയില്ലാത്ത പച്ചയായ ജീവിതങ്ങളുടെ സൗന്ദര്യവും നോവും നേരും നെറികേടും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ മുദ്രകളായിരുന്നു. സിനിമയിലേക്ക് അദ്ദേഹം കാലെടുത്തു വെക്കുമ്പോൾ കൈപിടിച്ചു കയറ്റാനുണ്ടായിരുന്നത് അമ്മാവൻ പി എൻ മേനോനും വിൻസെന്റും ഒക്കെ ആയിരുന്നു. 

നദി, പൊന്നാപുരം കോട്ട ഗന്ധർവ ക്ഷേത്രം തുടങ്ങിയ ചിത്രങ്ങളിൽ ഭരതനിലെ ശില്പിയും ചിത്രകാരനും പാകപ്പെടുകയായിരുന്നു. 1975ലെ ആദ്യ സ്വതന്ത്ര ചിത്രമായ പ്രയാണം വെള്ളിത്തിരയിലെത്തിക്കാൻ പണം നൽകിയത് മുതൽ ഭരതന്റെ സ്വന്തം ഗ്രാമവും അദ്ദേഹത്തോടൊപ്പം നിന്നു. സിനിമ ചർച്ചകൾക്ക് വിരാമമിട്ട് മദിരാശിയിൽ നിന്ന് ഭാരതൻ ഓടിയെത്തുമായിരുന്നു വടക്കാഞ്ചേരി യിലെ സ്വന്തം ഗ്രാമമായ എങ്കക്കാട്ടേക്ക്. പാലിശേരി തറവാടിന്റെ പടിപ്പുരയിലും സുബ്രമണ്യകോവിലിന്റെ ഒതുക്കുക്കലിലുമിരുന്ന് രൂപപ്പെട്ടതാണ് കേളിയും, വെങ്കലവും, താഴ്‌വാരവും മാളൂട്ടിയുമൊക്കെ. ദേശക്കാർക്ക് ഭരതൻ അവരുടെ മണിയേട്ടനായിരുന്നു. 

വർഷങ്ങളോളം ഭരതനും, ഒടുവിൽ ഉണ്ണികൃഷ്ണനും മേനോനും അബൂബക്കറുമൊക്കെ കൊണ്ടു നടന്ന കലാസമിതിയും അവരുടെ 'കണ്ണില്ല കാഴ്ചയുണ്ട്, പോക്കറ്റ് ലാംപ് തുടങ്ങിയ നാടകങ്ങളുമൊക്കെ ഭാരതനിലെ ദേശിയ പുരസ്കാരജേതാവിനേക്കാൾ അവർക്ക് പ്രിയപ്പെട്ടതാണ്. ഭരതൻ ടച്ച്‌ ആ സൗഹൃദക്കൂട്ടം  ആദ്യം അറിയുന്നത് ഒരു ടെമ്പോ ട്രാവലറിൽ കൊണ്ടുപോയി അവരെ പൊന്നാപുരം കോട്ട എന്ന സിനിമയുടെ സെറ്റിട്ടത് കാണിക്കുന്നിടത്താണ്. മണ്ണിൽ ചവിട്ടിനിന്ന് ഭരതൻ ഒരുക്കിയ ചാമരം, തകര, ലോറി,  രതിനിർവേദം തുടങ്ങിയ ചിത്രങ്ങളൊക്കെയും  ഇരുട്ടിൽ പൂട്ടിവെച്ച മനുഷ്യവികാരങ്ങളെ പ്രേക്ഷകർക്ക് കാട്ടികൊടുത്തവയാണ്. 40 ചിത്രങ്ങളുടെ ആയുസ്സിൽ മുഴുമിപ്പിക്കാത്തൊരു ക്യാൻവാസ് പോലെ ഇന്നും മലയാളിയുടെ ഉള്ളിൽ മായാതെയുണ്ട് ഭരതൻ ടച്ച്‌. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...