പരുക്ക് പറ്റി; ധനുഷ് ചിത്രം നഷ്ടമായി; അജിത്തും വിക്രവും ചേർത്ത് നിർത്തി

dhanush-ajith-vijay-pakru
SHARE

‘ഡിഷ്യും’ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു തമിഴില്‍ കാലുകുത്തുന്നത്. അരങ്ങേറ്റം മോശമായില്ല. തമിഴ് നാട് സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള അവാര്‍ഡ് പോക്കറ്റിലാക്കിയാണ് പക്രു കേരളത്തിലേക്ക് മടങ്ങിയത്. ധനുഷിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നശേഷം തമിഴകവുമായുള്ള തന്റെ ബന്ധത്തെകുറിച്ച് മനോരമ ന്യൂസ് ഡോട്ട് കോമുമായി താരം സംസാരിച്ചു. അതില്‍ ഒരു സുവര്‍ണാവസരം നഷ്ടപ്പെട്ടതിന്റെ സങ്കടക്കടലുമുണ്ട്. 

‘വിനയന്‍ സാറിന്റെ അത്ഭുതദ്വീപ് തമിഴില്‍ അര്‍പ്പുത തീവായി മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. ജീവയ്ക്കൊപ്പം അഭിനയിച്ച ഡിഷ്യൂ ആണ് അവിടെ അംഗീകാരം നല്‍കിയത്. വിജയ്ക്കൊപ്പം സിദ്ധിഖ് സാറിന്റെ കാവലനും സൂര്യയ്ക്കൊപ്പം ഏഴാം അറിവും ഇറങ്ങിയതോടെ തമിഴില്‍ സിനിമകളില്‍ നിന്ന് കൂടുതലായി അവസരങ്ങള്‍വന്നു. ഈ താരങ്ങളെപ്പോലെതന്നെ എനിക്ക് ഇഷ്ടവും ആരാധനയുമുള്ള നടനാണ് ധനുഷ്. അവിചാരിതമായി ധനുഷിന്റെ സിനിമയിലേക്ക് സ്വപ്നതുല്യമായി അവസരം തേടിയെത്തി. പക്ഷേ, എന്റെ നിര്‍ഭാഗ്യത്തിന് അത് ചെയ്യാനായില്ല. വീഴ്ചയില്‍ പരുക്കുപറ്റി വിശ്രമത്തിലായതായിരുന്നു അതിന്റെ കാരണം. ആ ദുഃഖം ഇപ്പോഴും മാറിയിട്ടില്ല. വീണ്ടുമൊരു അവസരം കിട്ടുമെന്ന പ്രതീക്ഷയില്‍തന്നെയാണ് ഞാന്‍. തമിഴ് സിനിമയിലെ സൂപ്പര്‍താരങ്ങള്‍, പ്രത്യേകിച്ച് അജിത് സാറും വിക്രമുമൊക്കെ എപ്പോഴും സ്നേഹാന്വേഷണം നടത്തുന്നത് വലിയ സന്തോഷം നല്‍കാറുണ്ട്.’

തമിഴിലേക്ക് വീണ്ടും സ്വപ്നങ്ങളുമായി പോയത് അടുത്തിടെയാണ്. പ്രഭുദേവയുടെ പുതിയ സിനിമയായ ബഗീരയ്ക്കുവേണ്ടി. നായകന്റെ സുഹൃത്തായി ഞാനാണ് അഭിനയിക്കുന്നത്. കുട്ടികളുടെ ഹരമായ ജംഗിള്‍ ബുക്കിലെ ബഗീര എന്ന കഥാപാത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രഭുദേവയുടെ കഥാപാത്രത്തെ സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ സൃഷ്ടിച്ചിരിക്കുന്നത്. സിനിമ പൂര്‍ത്തിയാകാന്‍ പത്തുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ലോക്ക് ഡൗണില്‍പെട്ടുപോയത്. ചിത്രീകരണം പുനഃരാരംഭിച്ചാല്‍ ആദ്യം പൂര്‍ത്തിയാക്കാനുള്ളതും ബഗീരയാണ്.

pakru-surya

കോവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ ഗിന്നസ് പക്രു വീട്ടില്‍തന്നെ കഴിയുകയാണ്. മകള്‍ ദീപ്ത കീര്‍ത്തിക്കൊപ്പമുള്ള ചെറിയ വീഡിയോകളെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒപ്പം സിനിമ കാണലും. മിമിക്രിയില്‍നിന്നുവന്ന് ഗിന്നസ് ബുക്കിലെത്തിയ നടന്‍ കുട്ടീം കോലിലൂടെ സംവിധായകനായി. പിന്നെ പോയവര്‍ഷം ഫാന്‍സി ഡ്രസിലൂടെ നിര്‍മാതാവായും. സിനിമാലോകം വീണ്ടും സജീവമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഗിന്നസ് പക്രു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...