പാലായെ കുലുക്കിയ കുറുവച്ചൻ; സിനിമയിൽ കാണാൻ പോകുന്ന ജീവിതം ഇതാ

kuruvachan-movie
കുറുവച്ചൻ, ഭാര്യ മറിയാമ്മ
SHARE

ലോക്ഡൗൺ കാലത്ത് സിനിമാഷൂട്ടിങ്ങുകൾ മുടങ്ങിയെങ്കിലും രണ്ട് സിനിമകൾ കോടതിയിൽ കയറിയിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയും സുരേഷ് ഗോപി കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമാകുന്ന 250-ാമത്തെ ചിത്രവും. ഇരുചിത്രങ്ങളും പാലായിലുള്ള പ്ലാന്റർ കുരുവിനാക്കുന്നേൽ കുറുവച്ചന്റെ (ജോസ് കുരുവിനാക്കുന്നേൽ അഥവാ മ്ലാപറമ്പിൽ കുറുവച്ചൻ) ജീവിതവുമായി സാമ്യമുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. ഇരുസിനിമകളും കോടതി കയറാനുള്ള കാരണവും ഇതാണ്. പൊലീസുമായി വർഷങ്ങൾ നീണ്ട നിയമപോരാട്ടമാണ് കുറുവച്ചനെ ശ്രദ്ധേയനാക്കുന്നത്.  കുറുവച്ചൻ തന്റെ ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് മനോരമന്യൂസ് ഡോട്ട്കോമിനോട് അഭിപ്രായം തുറന്നു പറയുന്നു. 

കുറുവച്ചന്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള സിനിമയാണ് ഇപ്പോൾ സംസാരവിഷയം. ജീവിതം സിനിമയാകുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

സിനിമയാക്കുന്നതിനോട് എനിക്ക് വിരോധമൊന്നുമില്ല. പക്ഷെ എന്റെ കഥയോ, ജീവിതപശ്ചാതലമോ, പേരോ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഡയലോഗ് സഹിതം തിരക്കഥ കണ്ട് ബോധ്യപ്പെടണം. അതല്ലാതെ സിനിമയെടുക്കാൻ സമ്മതിക്കില്ല. ആര് സിനിമയെടുത്താലും എന്റെ ജീവിതത്തോട് നീതിപുലർത്തുന്നതായിരിക്കണം. 

കുറുവച്ചന്റെ കഥ സിനിമയാക്കാൻ തീരുമാനിക്കുന്നത് എങ്ങനെയാണ്

23 വർഷം മുൻപ് രൺജിപണിക്കർ എന്റെ കുടുംബവുമായി അടുപ്പമുള്ള ബിജുവിന്റെ വീട്ടിലെത്തി. അതിനുശേഷം ഒരിക്കൽ ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഷാജി കൈലാസുമൊത്ത് രൺജി എന്റെ വീട്ടിൽ വന്നിരുന്നു. അന്ന് അവരോട് ഞാൻ നടത്തിയ നിയമപോരാട്ടങ്ങളെക്കുറിച്ചും അനുഭവിച്ച കാര്യങ്ങളെക്കുറിച്ചുമൊക്കെ സംസാരിച്ചു. കോടതിയിൽ കേസ് നടക്കുന്ന സമയമാണ്. ഇതൊക്കെ കേട്ടപ്പോൾ രൺജിപണിക്കരാണ് ഷാജി കൈലാസിനോട് ഇത് നമുക്ക് സിനിമയാക്കിയാലോ എന്ന് പറഞ്ഞത്. രൺജി എന്റെ നാട്ടുകാരൻ കൂടിയായതുകൊണ്ട് ഞാനും സമ്മതിച്ചു. കോടതി വിധിയൊന്നും അന്ന് വന്നിരുന്നില്ല. എങ്കിലും എനിക്കുറപ്പായിരുന്നു വിജയം എനിക്കൊപ്പമായിരിക്കുമെന്ന്. അതുകൊണ്ട് ആ രീതിയിൽ തന്നെ കഥയെഴുതിക്കോളൂ. വിധിയൊക്കെ വന്നശേഷം സിനിമായാക്കാമെന്ന് രൺജിപണിക്കരോട് വാക്കാൽ പറഞ്ഞിരുന്നു. 

mlapparambil-home
മ്ലാപറമ്പിൽ വീട്

സിനിമയ്ക്ക് വിഷയമായ സംഭവത്തെക്കുറിച്ച് ചുരുക്കി പറയാമോ?

ഉയർന്ന ചില പൊലീസുകാരുമായി നാട്ടിലെ ചില തർക്കത്തിന്റെ പേരിൽ തുടങ്ങിയ കേസുകളാണ്. അത് പിന്നീട് വൈരാഗ്യമായി വളർന്നു. കേസും കേസിന്റെ മേൽ കേസുകളുമായി. ഒടുവിൽ എല്ലാ കേസിലും ഞാൻ തന്നെ വിജയിച്ചു. 

പാലാക്കാരുടെ തനതായ സ്വഭാവത്തിന്റെ പര്യായമെന്നാണല്ലോ കുറുവച്ചനെക്കുറിച്ച് പറയുന്നത്. തെറിക്കുത്തരം മുറിപ്പത്തൽ എന്ന രീതിയാണ് കുറുവച്ചന്റേതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതിനെക്കുറിച്ച്?

അന്നും ഇന്നും ഈ പറഞ്ഞ രീതി തന്നെയാണ് ഞാൻ പിന്തുടരുന്നത്. എനിക്കാരെയും പേടിക്കേണ്ട ആവശ്യമില്ല. ഞാൻ ആരുടെയും കട്ടും മോഷ്ടിച്ചുമല്ല ജീവിക്കുന്നത്. തെറ്റായ രീതിയിൽ യാതൊന്നും ചെയ്യാറുമില്ല. ന്യായമായ രീതിയിൽ ഞാൻ സമ്പാദിച്ചതിൽ നിന്നാണ് നാട്ടുകാർക്കും സ്കൂളുകൾക്കുമടക്കം സഹായം ചെയ്യുന്നത്. അതല്ലാതെ കള്ളും കഞ്ചാവും വിറ്റിട്ടല്ല. നിർധനരായ പെൺകുട്ടികളും വിവാഹം നടത്താനും വിദ്യാഭ്യാസം നൽകാനുമൊക്കെ നേരായ രീതിയിലുള്ള കാശാണ് ഉപയോഗിച്ചിട്ടുള്ളത്. എനിക്ക് വ്യക്തിപരമായി അറിയാവുന്നവർക്കാണ് സഹായങ്ങൾ ചെയ്യുന്നത്. എന്റെ മകളുടെ കല്യാണം നടത്തിയത് പോലും അയൽവാസികളായ നിർധന കുടുംബങ്ങൾക്ക് വീടുവച്ചുകൊടുക്കകുയും രണ്ട് പെൺകുട്ടികളുടെ വിവാഹം നടത്തികൊടുക്കുകയും ചെയ്ത ശേഷമാണ്.  

"നീതിയ്ക്ക് വേണ്ടി പോരാടുന്നവർ ഭാഗ്യവാന്മാർ, കാരണം അവർക്കുള്ളതാകുന്നു സ്വർഗരാജ്യം"- മത്തായിയുടെ ഈ സുവിശേഷം അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്. അതല്ലാതെ പള്ളിയേയോ പ്രമാണിമാരെയോ പോലും എനിക്ക് പേടിയില്ല. ഞാൻ പള്ളിക്കമ്മിറ്റിയിൽ ട്രഷറായിരുന്ന കാലത്ത് പള്ളിക്ക് ഒരു കുടുംബം സംഭാവന നൽകിയ പിയാനോ (ഓർഗൻ) പള്ളിയിലെ വികാരിയച്ചൻ മോഷ്ടിച്ചു. ഇതിനെതിരെ ഞാൻ ശബ്ദമുയർത്തുകയും കേസിന് പോകുകയും ചെയ്തു. 

ഇതേ തുടർന്ന് മെത്രാന്റെ അടുത്തേക്ക് എന്നെ വിളിപ്പിച്ചിട്ടുണ്ട്. പള്ളിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം വരെ അന്നവർ എടുത്തിട്ടുണ്ട്. അരമനകോടതിയിൽ നിന്നും പള്ളിയിലെ ഔദ്യോഗിക പദവികൾ വഹിക്കാൻ അനുവാദമില്ലെന്ന് കത്ത് തന്നു. അതിന് മറുപടിയായി സന്തോഷം എന്നു പറഞ്ഞാണ് ഇറങ്ങിപ്പോയത്. എന്നോട് പള്ളിക്കും പൊലീസിനുമൊക്കെ വൈരാഗ്യം തോന്നാനുള്ള കാരണങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്.

പൊലീസുമായുള്ള പ്രശ്നത്തിന്റെ പേരിൽ കുറച്ചുകാലം എനിക്ക് ഒളിവിലൊക്കെ കഴിയേണ്ടി വന്നിട്ടുണ്ട്. ആ കാലത്ത് എന്റെ വീട്ടിൽ കൂട്ടുകിടന്ന ഒരു സ്ത്രീ മരിച്ചപ്പോൾ പള്ളി അവരെ അടക്കില്ലെന്ന് പറഞ്ഞു. അവർ പണ്ട് ഒരു കൊലപാതകക്കേസിൽ പ്രതിയായിട്ടുണ്ടെന്നാണ് കാരണം പറഞ്ഞത്. അന്ന് പള്ളിയിലച്ചന്റെ സ്ഥാനത്ത് നിന്ന് മണിയൊക്കെ കിലുക്കി ഒപ്പീസ് ചൊല്ലി കുഴിവെട്ടി അവരെ അടക്കം ചെയ്തത് ഞാനും സുഹൃത്തുക്കളും കൂടിയാണ്. പണ്ടത്തെ പോലെ തന്നെ ഇന്നും ആരെയും ഞാൻ കൂസാറില്ല.

kuruvachan-family
കുറുവച്ചനും കുടുംബവും

ഹൈക്കോടതി ആദ്യമായി 'പ്രൊട്ടക്ഷൻ ഫ്രം പൊലീസ്' എന്ന വിധി പ്രസ്താവിച്ച കേസ് കുറുവച്ചന്റേതാണെന്ന് കേട്ടിട്ടുണ്ട്. ആ സംഭവത്തെക്കുറിച്ച്?

പൊലീസുമായി ഉടക്കി കഴിഞ്ഞാലുള്ള അവസ്ഥ ഊഹിക്കാമല്ലോ. മാനസികമായി ഏതൊക്കെ രീതിയിൽ വേണമെങ്കിലും അവർ പീഡിപ്പിക്കും. ഞാൻ അത്തരം ഒരുപാട് പീഡനങ്ങൾക്ക് വിധേയനായിട്ടുണ്ട്. എന്റെ വീടിന്റെ വഴിനീളെ പൊലീസ് സംഘം അണിനിരന്ന കാലമുണ്ടായിരുന്നു. കേസുകളെത്തുടർന്ന് കുറച്ചുകാലം എനിക്ക് തമിഴ്നാട്ടിലൊക്കെ ഒളിവിൽ കഴിയേണ്ടി വന്നിട്ടുണ്ട്. എന്നെ നേരിട്ട് അവർ കൈവെയ്ക്കാൻ ധൈര്യം കാണിച്ചിട്ടില്ല. 

പക്ഷെ എന്റെ അളിയനെ ഉപദ്രവിച്ചിട്ടുണ്ട്. അന്ന് എന്റെ ഒപ്പം നിന്നത് കൂട്ടുകാരാണ്. എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് എന്നെ തൊട്ടിട്ടില്ല. രാത്രി ഒന്നരയ്ക്കൊക്കെ വീട്ടിൽ വന്ന് വിളിച്ചിറക്കി കൊണ്ടുപോയിട്ടുണ്ട്. എന്റെ വണ്ടികൾ വരെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്ന് എന്റെ കൂട്ടുകാരാണ് വണ്ടി തന്ന് സഹായിച്ചത്. നീതിക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് സ്റ്റേഷനിൽ കയറാൻ മടിയുമില്ലായിരുന്നു. എന്ത് വന്നാലും പിൻമാറില്ലെന്ന് ഉറച്ചുതന്നെയാണ് പോരാട്ടം തുടങ്ങിയത്. എനിക്ക് അനുകൂലമായി വിധി പ്രസ്താവിച്ച സമയത്ത് കോടതിയാണ് പൊലീസ് പ്രൊട്ടക്ഷന് പകരം പ്രൊട്ടക്ഷൻ ഫ്രം പൊലീസ് എന്ന് പറഞ്ഞത്. പൊലീസിനെക്കൊണ്ട് എന്തെങ്കിലും ശല്യമുണ്ടെങ്കിൽ പറഞ്ഞാൽ മതിയെന്ന് കോടതി തന്നെ പറ‍ഞ്ഞു.

വിന്റേജ് കാറുകളോടും തോക്കിനോടുമുള്ള കമ്പത്തെക്കുറിച്ച്?

ലൈസൻസുള്ള തോക്കാണ് ഉപയോഗിക്കുന്നത്. ഓയിലൊക്കെയിട്ട് ഭംഗിയായിട്ടാണ് സൂക്ഷിക്കുന്നത്. തോക്ക് നന്നായി സൂക്ഷിക്കുന്നതിന് പൊലീസ് അഭിനന്ദിച്ചിട്ടുണ്ട്. 86 മോഡലാണ് എന്റെ ബെൻസ്. ലണ്ടനിൽ നിന്ന് ഇറക്കുമതിയാണ്. 123 മോഡലാണ്. 1984ലാണ് അംബാസിഡർ സ്വന്തമാക്കുന്നത്. എൻഡീവറുള്ളത് തമിഴ്നാട്ടിൽ ഹൈറേജിൽ പോകുമ്പോൾ ഉപയോഗിക്കുന്നതായിരുന്നു. ഏത് കാട്ടിൽക്കൂടെയും കയറിപ്പൊയ്ക്കോളും. ഇതോടൊപ്പം ഫ്രണ്ട് ഗിയറുള്ള മഹീന്ദ്ര ജീപ്പുമുണ്ട്. 

സ്വന്തം കഥ സിനിമയാക്കിയാൽ ആരെ നായകനായി കാണാനാണ് താൽപര്യം?

എന്റെ ബോഡിലാംഗേജും സംസാരരീതിയും ആക്ഷനുമൊക്കെ ചേരുന്നത് സുരേഷ്ഗോപിക്കാണ്. എന്റെ കഥ സിനിമയാക്കുകയാണെങ്കിൽ സുരേഷ് ഗോപി നായകനായി കാണണമെന്നാണ് ആഗ്രഹം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...