‘ഇനി നിലത്തു നിന്നൊന്നും എടുത്ത് കഴിക്കില്ല’; എല്ലാവരും കേള്‍ക്കണം ഈ കഥ

vinay-son
SHARE

പല മാതാപിതാക്കളും പറയുന്ന കാര്യമാണ് അവരുടെ കുഞ്ഞ് നിലത്തു നിന്നും ഭക്ഷണമല്ലാത്ത വസ്തുക്കൾ എടുത്ത് വായിലിടും എന്നത്. എത്ര പറഞ്ഞാലും കുഞ്ഞ് പിന്നേയും ഇതുതന്നെ ആവർത്തിക്കുന്നുവെന്ന്. പേപ്പർ, കളിപ്പാട്ടങ്ങളുടെ ചെറിയ കക്ഷണങ്ങൾ, കല്ല്, കളിക്കുന്ന ക്ലേ തുടങ്ങിയവയൊക്കെ അകത്താക്കാറുണ്ട് ചില കുട്ടിക്കുറുമ്പുകൾ. മുതിർന്നവരുടെ കണ്ണുവെട്ടിച്ചാവും ഇതൊക്കെ. ചിലപ്പോൾ ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമായെന്നു വരാം. ഇലക്ട്രോണിക് കളിപ്പാട്ടങ്ങളുടെ ബാറ്ററി വിഴുങ്ങി അപകടത്തിലായ കുട്ടികളുടെ വാർത്തകൾ പലതും നാം കാണാറുണ്ടല്ലോ.

ഇതൊക്കെ വായില്‍ ഇടരുതെന്ന് പറഞ്ഞാലും ഉപദേശിച്ചാലുമൊന്നും എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അവർക്ക് മനസിലാകണമെന്നില്ല. ഇവരോട് കുഞ്ഞു കഥകളിലൂടെ ഇതിന്റെ അപകടം മനസിലാക്കിക്കൊടുക്കുന്നതാണ് ഉത്തമം. അത്തരമൊരു കഥയുമായെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ വിനയ് ഫോർട്ടും മകൻ വിഹാനും.

വിഹാനും ഇങ്ങനെ ഭക്ഷണമല്ലാത്ത ചില വസ്തുക്കൾ അകത്താക്കാറുണ്ടത്രേ. പ്ലാസ്റ്റിക്കും ക്ലേയും പേപ്പറുമൊക്കെ മകൻ വായിലാക്കുന്നത് നിർത്താൻ മകന് പ്രിയപ്പെട്ട ചീറ്റയെ കൂട്ടുപിടിച്ചിരിക്കുകയാണ് താരം. കൂടാതെ വാശി കൂടുമ്പോൾ തല ഭിത്തിയിലിടിച്ച് കാര്യം സാധിക്കാറുമുണ്ടത്രേ കക്ഷി. മകനെ ഇതിൽ നിന്നെല്ലാം പിൻതിരിപ്പിക്കാൻ ഒരു തകർപ്പൻ കഥയുമായെത്തിയിരിക്കുകയാണ് താരം. അച്ഛനും മകനും കൂടെയാണ് കഥ പറച്ചിൽ.

ഇവയെല്ലാം കഴിച്ച് വയറുവേദന പിടിച്ച ചീറ്റകുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുന്നതും പിന്നീട് വയറ് മുറിച്ച് എല്ലാം പുറത്തടെുക്കുന്നതുമാണ് കഥ. അച്ഛൻ ചീറ്റക്കുഞ്ഞിന്റെ കഥയങ്ങനെ ആസ്വദിച്ച് പറയുന്നതിനിടെയില്‍ കുഞ്ഞുവിഹാന്റെ ക്യൂട്ട് ചില കമന്റുകളുമുണ്ട്. ‘ഞാൻ ക്ലേയൊന്നും കഴിക്കില്ല, തലയൊന്നും അടിക്കില്ല’ എന്നൊക്കെ നിഷ്കളങ്കമായാണ് ഈ കൊച്ചുമിടുക്കൻ പറയുന്നത്. ചീറ്റക്കുഞ്ഞിന്റെ കഥ കേട്ട് താൻ ഇനി ഭക്ഷണമല്ലാത്തതൊന്നും കഴിക്കില്ല എന്ന് പറയുകയാണ് വിഹാൻ. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...