മധുരപ്പതിനേഴില്‍ മൂസ; ഉണ്ടാകുമോ അനുജന്‍; ഉദയനും സിബിയും പറയുന്നു

cid-moosa-interview
SHARE

മധുരപ്പതിനേഴിലാണ് മലയാളത്തിന്റെ ചിരിമൂസ... ഒരേയൊരു സി.ഐ.ഡി മൂസ. 2003 ജൂലൈ നാലിന് പിറന്ന സിനിമ ഇന്നും മലയാളിയെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ദിലീപിന്റെ കരിയറിലെ തന്നെ വലിയ ഹിറ്റായി മാറിയ മൂസ ജോണി ആന്റണി എന്ന സംവിധായകനെ മലയാളത്തിന് സമ്മാനിച്ചു. ഉദയ്കൃഷ്ണയും സിബി കെ.തോമസും ഒന്നിച്ചിരുന്നെഴുതിയ സിനിമ കുറച്ചുകാലമായി വാര്‍ത്തകളില്‍നിറയുന്നത് 'ഉടന്‍' വരാന്‍ പോകുന്ന രണ്ടാംഭാഗത്തെ ചുറ്റിപ്പറ്റിയാണ്. സിഐഡി മൂസയ്ക്ക് തുടര്‍ച്ചയുണ്ടാകുമോ..?  എന്താണ് യാഥാര്‍ഥ്യം...?

‘ജോണിച്ചേട്ടനൊക്കെ തിരക്കുള്ള നടനായി മാറി. അതുകൊണ്ട് അദ്ദേഹത്തിന്റെ ഡേറ്റ് ആദ്യമെടുക്കണം..’ സിഐഡി മൂസയെകുറിച്ച് ചോദിച്ചപ്പോള്‍ പതിവുചിരിയോടെ ഉദയ് കൃഷ്ണ. തമാശ പറയേണ്ട സാഹചര്യമല്ല പുറത്തെന്ന് കൊച്ചിയില്‍ കോവിഡ് കണക്കുകള്‍ ഉയരുന്നത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. കോവിഡിനെതുടര്‍ന്ന് പുറത്തിറങ്ങാനാകാത്ത വിഷമമാണ് ഒരു കാലത്ത് സൂപ്പര്‍ഹിറ്റുകള്‍ ഒന്നിച്ചിരുന്നെഴുതിയ സിബി കെ. തോമസും. ഇരുവരും അവരവരുടെ വീടുകളിലിരുന്ന് മനോരമ ന്യൂസ്. ഡോട് കോമുമായി മൂസയെകുറിച്ച് സംസാരിച്ചു.

ഒന്നിച്ചിരിക്കണം ആദ്യം: ഉദയ്കൃഷ്ണ 

സിഐഡി മൂസ ഇറങ്ങിയപ്പോള്‍ തന്നെ രണ്ടാംഭാഗത്തെകുറിച്ച് ആവശ്യങ്ങളുയര്‍ന്നിരുന്നു. പിന്നെ മറ്റുസിനിമകളുടെ തിരക്കിലായിരുന്നു. എങ്കിലും പത്തുവര്‍ഷത്തോളമായി സജീവചര്‍ച്ചയാണ് രണ്ടാംഭാഗത്തെകുറിച്ച് പലകോണുകളില്‍ നടക്കുന്നത്. എന്നാല്‍ ചര്‍ച്ച നടക്കേണ്ടിടത്ത് ചര്‍ച്ച നടന്നിട്ടില്ല എന്നതാണ് സത്യസന്ധമായ കാര്യം. എല്ലാവരും ഒന്നിച്ചിരുന്നു രണ്ടാംഭാഗത്തെകുറിച്ച് പ്രാഥമികമായെങ്കിലും ധാരണയിലെത്തേണ്ടതുണ്ട്. ഒന്നരവര്‍ഷത്തോളം ഒന്നിച്ചിരുന്നതിന്റെ ഫലമാണ് സിഐഡി മൂസയുടെ വിജയം. സിഐഡി മൂസ വീണ്ടും വരുമ്പോള്‍ പ്രതീക്ഷ അധികമായിരിക്കും എന്നുള്ളതുകൊണ്ടുതന്നെ രണ്ടുവര്‍ഷത്തോളമെങ്കിലും ഇരിക്കേണ്ടിവരും. അതിനാണ് ആദ്യശ്രമം ആവശ്യം.  കാര്‍ട്ടൂണ്‍ സ്വഭാവമുള്ള സിനിമ എന്ന നിലയില്‍ സാങ്കേതികമായ മാറ്റങ്ങള്‍കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ട്. രണ്ടാംഭാഗം ഉടനുണ്ടാകുമെന്ന് ഒരിക്കലും പറയാനേയാകില്ല. അതിന് കൃത്യമായ സമയം ആവശ്യമാണ്. എങ്കിലും ആഗ്രഹമുണ്ട്.

ഒന്നിച്ചിരിക്കാന്‍ റെഡി, പക്ഷേ: സിബി കെ. തോമസ്

ഞാനും ഉദയനും ഒരുപാട് ഹിറ്റുകള്‍ ഒന്നിച്ചെഴുതിയാണ് പിരിഞ്ഞത്. പിരിഞ്ഞു എന്നു പറയാമോ എന്നറിയില്ല. അപ്പോഴും ഇപ്പോഴും സ്നേഹത്തോടെയാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. സ്വന്തമായ സിനിമകളിലേക്ക് മാറി എന്നുമാത്രം. സിഐഡി മൂസയുടെ രണ്ടാംഭാഗത്തിനുവേണ്ടി എത്രനാളും ഒന്നിച്ചിരിക്കുന്നതില്‍ സന്തോഷമേയുള്ളൂ. പക്ഷെ, രോഗകാലം കടന്നുപോകണം. പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് സമയമെടുത്തുതന്നെ എഴുതേണ്ടി സിനിമയാണ് സിഐഡി മൂസ. ചിരിപ്പിക്കുക എന്നതു എളുപ്പം സാധിക്കുന്ന ഒന്നല്ല. 

ദിലീപ് ആഗ്രഹിക്കുന്നത് 

ദിലീപിനെ സംബന്ധിച്ച് കേവലം തിരക്കഥാകൃത്തുക്കള്‍ മാത്രമല്ല, ഉറ്റ സുഹൃത്തുക്കള്‍കൂടിയാണ്  ഉദയ് കൃഷ്ണയും സിബി കെ.തോമസും. സംവിധായകന്‍ ജോണി ആന്റണിയും ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അതുകൊണ്ടുതന്നെ സിനിമ യാഥാര്‍ഥ്യമാക്കുക എളുപ്പവുമാണ്. രണ്ടുസിനിമകളുടെ തിരക്കഥകളാണ് ദിലീപ് ഇരുവരോടും ആവശ്യപ്പെട്ടത്. സിഐഡി മൂസയുടെ രണ്ടാംഭാഗത്തിന്റെയും റണ്‍വേയുടെ രണ്ടാംഭാഗമായി വരുന്ന വാളയാര്‍ പരമശിവത്തിന്റെയും. ഇതിലൊരു സിനിമയിലൂടെയാവും ദിലീപും ഹിറ്റ് തിരക്കഥാകൃത്തുക്കളും തമ്മിലുള്ള പുനഃസമാഗമം. അത് വേഗത്തില്‍ വേണമെന്ന അഭിപ്രായമാണ് ദിലീപിന്. ജോണി ആന്റണിയും ആഗ്രഹിക്കുന്നത് അതാണ്.

അന്ന് ദീലീപ് പറഞ്ഞത്

പ്രതിസന്ധിയും പ്രതീക്ഷയും

മൂസയില്‍ കയ്യടി നേടിയ പലരും ജീവിതത്തില്‍നിന്ന് വിടവാങ്ങിയത് പ്രതിസന്ധി തന്നെയാണ്. മുരളി, സുകുമാരി, ക്യാപ്റ്റന്‍ രാജു, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പറവൂര്‍ ഭരതന്‍, മച്ചാന്‍ വര്‍ഗീസ് തുടങ്ങിയവര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. പോലീസ് വേഷത്തിലെത്തിയ ജഗതി ശ്രീകുമാറാകട്ടെ അപകടത്തിനുശേഷം ക്യാമറയ്ക്കുമുന്നിലേക്ക് തിരിച്ചെത്തിയിട്ടുമില്ല. അതുകൊണ്ടുതന്നെ മൂസയുടെ തുടര്‍ച്ച ഒരുക്കുമ്പോള്‍ സാഹസം തിരക്കഥയെഴുത്ത് തന്നെയാവും. അങ്ങനെയെങ്കില്‍ മറ്റൊരു സാധ്യത ഉദയ്കൃഷ്ണ ചൂണ്ടിക്കാട്ടുന്നുണ്ട്– സാധാരണ മറ്റുഭാഷകളിലൊക്കെ ഒരു സിനിമയ്ക്ക് രണ്ടാംഭാഗം ചെയ്യുമ്പോള്‍ സ്വീകരിക്കുന്ന സാധാരണ മാര്‍ഗമുണ്ട്. ആദ്യഭാഗത്തിലെ പ്രധാന കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ച് പുതിയ ഭാഗം ചെയ്യുക എന്നുള്ളതാണ് അത്. അങ്ങനെ വന്നാല്‍ മൂസയുടെ പശ്ചാത്തലം പാടേ മാറിയേക്കാം.

ദിലീപിന്റെ ഗ്രാന്‍റ് പ്രൊഡക്ഷന്‍സ് തന്നെയാണ് രണ്ടാംഭാഗവും നിര്‍മിക്കുക. നിലവില്‍ കരാര്‍ ചെയ്തിട്ടുള്ള സിനിമകള്‍ തന്നെ കോവിഡ് കാരണംഅനിശ്ചിതത്വത്തിലാണ്. അതുകൊണ്ട് മൂസയ്ക്കായുള്ള കാത്തിരിപ്പ് നീളുമെന്ന കാര്യത്തില്‍ സംശയമില്ല.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...