എസ്ഐയെ ഇടിച്ചിട്ട ‘കുറുവച്ചന്‍’; ഒരുങ്ങും മുന്‍പേ കോടതി കയറി: വിവാദം

പാതിരാപ്പെരുനാളിന് എസ്ഐ ഡൊമിനിക് പോളിനെ കുരിശുപള്ളി കവലയില്‍ ഇടിച്ചു കൂട്ടി കയ്യടി വാങ്ങിയ കടുവാക്കുന്നേല്‍ കുറുവച്ചന്‍ പക്ഷേ എട്ടാംപക്കം കോടതി കയറി. പെരുനാളും ഇടിയുമൊക്കെ സിനിമയിലാണെങ്കില്‍ കോടതി കയറ്റം റിയലാണ്. പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് സംവിധായകന്‍ ജിനു എബ്രാഹാമാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സുരേഷ് ഗോപി കഥാപാത്രത്തിനും അദ്ദേഹത്തിന്‍റെ ഇരുനൂറ്റി അന്‍പതാം ചിത്രത്തിനുമെതിരെ കേസ് കൊടുത്തത്. കേസ് പരിഗണിച്ച കോടതി സുരേഷ് ഗോപി ചിത്രത്തിന്‍റെ ചിത്രീകരണം സ്റ്റേ ചെയ്തു. 

ജിനു എബ്രാഹമിന്‍റെ രചനയില്‍ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയുടെ തിരക്കഥയും കഥാപാത്രങ്ങളുടെ പേരും പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തി എന്നാണ് ഹര്‍ജിക്കാരന്‍റെ ആരോപണം. കടുവയുടെ ഓരോ സീനും തിരക്കഥയും പകര്‍പ്പവകാശ നിയമ പ്രകാരം റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ രേഖകളുടെ കൂടി അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി ചിത്രത്തിന് എറണാകുളം ജില്ലാ കോടതി സ്റ്റേ ഏര്‍പ്പെടുത്തിയത്. ചിത്രത്തിന് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്‍റെ പേരില്‍ പ്രചാരണം നടത്തുന്നതിനും വിലക്കുണ്ട്. 

തന്‍റെ സിനിമയുടെ കഥയെയും കഥാപാത്രങ്ങളെയും അതുപോലെ പകര്‍ത്തിയാണ് പുതിയ സിനിമയെന്നാണ് ജിനു എബ്രാഹാമിന്‍റെ ആരോപണം. കടുവ എന്ന സിനിമയില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന്‍റെ പേരും കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നു തന്നെയാണ്. ഇതിനു പുറമേ സുരേഷ് ഗോപി ചിത്രത്തിലെ മറ്റ് പല കഥാപാത്രങ്ങളുടെ പേരും തന്‍റെ സിനിമയിലേതു തന്നെയാണെന്നു ജിനു എബ്രാഹാം ആരോപിക്കുന്നു. കടുവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പൊലീസുകാരെ ഇടിച്ച് വീഴ്ത്തിയശേഷം പൊലീസ് ജീപ്പിനു മുകളില്‍ ഇരിക്കുന്ന പൃഥ്വിരാജിന്‍റെ ചിത്രമാണ്. സുരേഷ് ഗോപിയുടെ പോസ്റ്ററും സമാനമായ തരത്തില്‍ ജീപ്പിനു മുകളിലിരിക്കുന്നതാണ്.

സുരേഷ് ഗോപിയുടെ ഇരുനൂറ്റമ്പതാം ചിത്രമെന്ന നിലയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്ത് വിട്ട മോഷന്‍ പോസ്റ്റര്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. സമാനമായ തരത്തില്‍ കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയ കടുവയുടെ പോസ്റ്ററും വൈറലായിരുന്നു. കടുവ ഈ മാസം 15ന് ചിത്രീകരണം തുടങ്ങാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും ലോക്ക് ഡൗണ്‍ മൂലം വൈകുകയായിരുന്നു

പൃഥ്വിരാജ് നായകനായി അഭിനയിച്ച ആദം ജോണിന്‍റെ സംവിധായകന്‍ കൂടിയാണ് ഹര്‍ജിക്കാരനായ ജിനു എബ്രഹാം. ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ സിനിമകളുടെ തിരക്കഥാകൃത്തുമായിരുന്നു. ആദം ജോണില്‍ ജിനുവിന്‍റെ സംവിധാന സഹായി ആയിരുന്ന മാത്യൂസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്‍റെ സംവിധായകന്‍.