‘അന്വേഷിച്ചപ്പോൾ തിരക്കഥയിലും സാമ്യം’; തുറന്നുപറഞ്ഞ് ജിനു; നടന്നത് ചതിയോ..?

സുരേഷ് ഗോപിയുടെ ഇരുനൂറ്റിയമ്പതാം സിനിമയുടെ ചിത്രീകരണം എറണാകുളം ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന വാർത്തയ്ക്ക് പിന്നാലെ മലയാള സിനിമയില്‍ പുതിയ വിവാദം. സിനിമയുടെ പ്രഖ്യാപനം കോടതി കയറാനുണ്ടായ സാഹചര്യം വിശദമാക്കുകയാണ്  സംവിധായകന്‍ ജിനു എബ്രഹാം. കഥാപാത്രത്തിന്‍റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് എടുത്തതാണെന്ന് കാണിച്ച് ജിനു അബ്രാഹം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. 

'2019 ഒക്ടോബർ 16–ന് പൃഥ്വിരാജിന്റെ ജന്മദിനത്തിനാണ് 'കടുവ' എന്ന ചിത്രം ഞങ്ങള്‍ പ്രഖ്യാപിക്കുന്നത്. അന്ന് തന്നെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറക്കിയിരുന്നു. അതിലെ കഥാപാത്രത്തിന്റെ പേരാണ് 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്നത്. അന്ന് കോപ്പിറൈറ്റ് ആക്ട് പ്രകാരമാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇപ്പോൾ പുറത്തു വന്ന 'കടുവാക്കുന്നേൽ കറുവാച്ചൻ' എന്ന സുരേഷ് ഗോപി നായകനായെത്തുന്ന സിനിമയിലെ കഥാപാത്രങ്ങളുടെ പേരും ഫസ്റ്റ്ലുക്ക് പോസ്റ്റുമെല്ലാം ഞങ്ങൾ തീരുമാനിച്ച സിനിമയുടേത് പോലെ തന്നെ. ഞങ്ങൾക്കതിൽ വലിയ തരത്തിലുള്ള സാമ്യം തോന്നി. ബിഗ്ബജറ്റ് ചിത്രമായി ഷൂട്ട് തുടങ്ങേണ്ട സിനിമയായിരുന്നു കടുവ. 

ഈ കോവി‍ഡ് കാരണമാണ് അത് നീണ്ടു പോയത്. സംഭവത്തിന്റെ ആധികാരികത ഉറപ്പു വരുത്തണം. ആരോടും വാശി കാണിക്കാനോ ഒന്നുമല്ല. അതുകൊണ്ട് ഞങ്ങൾ കോടതിയെ സമീപിച്ചു. സിനിമ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഡോക്യുമെന്റുകളും കോടതിക്ക് കൈമാറി. കോടതിക്ക് ഞങ്ങളുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് മനസ്സിലായി. സിനിമ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറങ്ങി. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമയുടെ അണിയറപ്രവർത്തകർക്ക് അവരുടെ ഭാഗം ന്യായീകരിക്കാൻ അവസരമുണ്ടാകും. അത് കേട്ട കോടതി തീരുമാനം എടുക്കട്ടെ'.  ജിനു പറയുന്നു. 

'പൃഥ്വിരാജ് മുണ്ടുടുത്ത് ജീപ്പിന്റെ മുകളിൽ ഇരിക്കുന്ന തരത്തിലയിരുന്നു കടുവയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ. അതേ ഗെറ്റപ്പിലാണ് സുരേഷ് ഗോപിയെ പുതിയ പോസ്റ്ററിൽ കാണാനാകുക. ഞങ്ങൾ അന്വേഷിച്ചപ്പോൾ തിരക്കഥയിലും സാമ്യമുണ്ടെന്ന് കണ്ടെത്തി. ഇത്രയും പണം മുടക്കി എടുക്കുന്ന സിനിമയുടെ തിരക്കഥ വേറൊരു സിനിമയിൽ വന്ന് പോകുന്നത് തിരക്കഥാകൃത്തിനെ സംബന്ധിച്ച് വലിയ നഷ്ടമാണ്. പ്രീപ്രൊഡക്ഷൻ വർക്കുകളും നടന്നിരുന്നു. അതും നഷ്ടമായി. പൃഥ്വിരാജും ഞാനും ചേർന്നാണ് ഷാജി കൈലാസിനെ കണ്ട് ഈ സിനിമയുടെ സംവിധാനം ഏൽപ്പിച്ചത്. പൃഥ്വിരാജിന് ഏറെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു ഇത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഈ സിനിമയുടെ നിർമാണ പങ്കാളിയായത്. ലിസ്റ്റിൻ സ്റ്റീഫനാണ് മറ്റൊരു നിർമാതാവ്'. 

2012 മുതൽ എന്റെ കൂടെ ഉണ്ടായിരുന്ന ആളാണ് ഇപ്പോൾ പ്രഖ്യാപിച്ച സിനിമയുടെ സംവിധായകനെന്നും ജിനു എബ്രഹാം വ്യക്തമാക്കുന്നു.

സുരേഷ് ഗോപി ചിത്രത്തിന് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ പ്രചാരണം നടത്തുന്നതിനും കോടതിയുടെ വിലക്കുണ്ട്.  പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റെ തിരക്കഥയും കഥാപാത്രത്തിന്റെ പേരും സമാനമാണെന്നാണ് തിരക്കഥാകൃത്ത് ജിനു എബ്രഹാം പറയുന്നത്. കടുവ എന്ന് പേരിട്ട സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും 2019–ൽ പുറത്തു വിട്ടിരുന്നു. ജീപ്പിന്റെ മുകളിൽ വെള്ളമുണ്ടുടുത്ത് പൃഥ്വിരാജ് ഇരിക്കുന്നതായിരുന്നു പോസ്റ്ററിൽ.