‘നീയൊക്കെ ഇനി എങ്ങനെ കുത്തിയാലും മുറിവേല്‍ക്കില്ല’; സിനിമയിലെ കയ്പ്: കുറിപ്പ്

abhiram3
SHARE

സിനിമാരംഗത്തെ സ്വജനപക്ഷപാതത്തെക്കുറിച്ച് ചർച്ചകൾ കൊഴുക്കുകയാണ്. ഇൗസമയത്ത് നിര്‍മ്മാതാവും സംവിധായകനുമായ സുരേഷ് ഉണ്ണിത്താന്റെ മകന്‍ അഭിറാമിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇടയ്ക്കിടയ്ക്ക് നെപോട്ടിസ കുരു എനിക്കിട്ട് പൊട്ടിക്കുന്നവര്‍ക്കുള്ള ഒരു കോമണ്‍ വിശദീകരണം എന്ന തുടക്കത്തോടെയാണ് അഭിറാമിന്റെ കുറിപ്പ് തുടങ്ങുന്നത്. നിര്‍മ്മിച്ച സിനിമ നഷ്ടത്തിലാവുകയും, അത് ജീവിതത്തെ ബാധിക്കുകയും ചെയ്തപ്പോള്‍ ജോലി സമ്പാദിക്കുക, സിനിമയില്‍ വരാതിരിക്കുക എന്ന് അച്ഛന്‍ ഉപദേശിച്ചിരുന്നു. എന്നിട്ടും സിനിമ ഒരുക്കി പരാജയപ്പെട്ടതിനെ കുറിച്ചാണ് അഭിരാമിന്റെ കുറിപ്പ്.

അഭിരാമിന്റെ കുറിപ്പ്:

ഇടയ്ക്കിടയ്ക്ക് നെപോട്ടിസ കുരു എനിക്കിട്ട് പൊട്ടിക്കുന്നവര്‍ക്കുള്ള ഒരു കോമണ്‍ വിശദീകരണം.. ഇതിന്റെ ഒരാവശ്യവും നീയൊന്നും അര്‍ഹിക്കുന്നില്ല എന്നിരുന്നാലും ഭാവിയിലേക്കുള്ള സംശയ നിവാരണമായി കണ്ടാല്‍ മതി..

ഭാഗ്യവാന്‍, തോവാളപ്പൂക്കള്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചതില്‍ വന്ന സാമ്പത്തിക പ്രാരാബ്ധം ലക്ഷങ്ങളുടെ കടത്തിലാണ് ഞങ്ങളുടെ കുടുംബത്തെ കൊണ്ട് നിര്‍ത്തിയത്.. അന്ന് എനിക്ക് ഏതാണ്ട് 8-9 വയസ്സ്, അനിയന്‍ ജനിച്ചിട്ടില്ല..തിരുവനന്തപുരത്തെ ഞങ്ങളുടെ ഉള്ളതെല്ലാം വിറ്റു വാടക വാടക വീടുകളില്‍ നിന്ന് വാടക വീടുകളിലേക്ക് ഓട്ടം തുടങ്ങി.. അപ്പോഴാണ് അച്ഛന്‍ ഒരു ബൈക്ക് അപകടത്തില്‍ പെടുന്നതും കാലിനു സാരമായ പരിക്കോടെ ഏതാണ്ട് 2 കൊല്ലം കിടപ്പിലാവുന്നതും.. താരകേന്ദ്രിതമായ അന്നത്തെ സിനിമ മേഖലയില്‍ അദ്ദേഹത്തോടൊപ്പം മുന്‍പ് അനവധി സിനിമകള്‍ ചെയ്ത അന്നത്തെ സൂപ്പര്‍താരമുള്‍പ്പടെ ആരും അദ്ദേഹത്തിനൊരു സിനിമ കൊടുത്ത് സഹായിക്കാന്‍ തയ്യാറായില്ല.. അതിന് ശേഷം അച്ഛന്‍ സീരിയല്‍ രംഗത്ത് സജീവമാവുകയും ആഹാരത്തിനുള്ള വക ഉണ്ടാവുകയും ചെയ്തു.. പക്ഷേ എന്നും അച്ഛന്‍ പറഞ്ഞ ഒരു കാര്യം കൃത്യമായൊരു ജോലി സമ്പാദിക്കുക, സിനിമയില്‍ വരാതിരിക്കുക എന്നുള്ളതാണ്..

എന്റെ മനസുമുഴുവന്‍ എന്നും സിനിമയായിരുന്നു.. നാലാം ക്ലാസ്സിലാണ് ആദ്യമായി ഞാന്‍ നാടകം എഴുതി സംവിധാനം ചെയ്യുന്നത്.. അന്ന് തൊട്ടിന്നു വരെ ആ പ്രോസസ്സ് തരുന്നൊരു ലഹരി മറ്റൊന്നാണ്.. അച്ഛന്‍ പറഞ്ഞത് കേള്‍ക്കാതെ തന്നെ ഞാന്‍ ഡിഗ്രി മാസ് കമ്മ്യൂണിക്കേഷന്‍ പഠിച്ചു.. പി ജി സിനിമ പഠിക്കാന്‍ പുറത്ത് പോണം എന്ന് പറഞ്ഞപ്പോള്‍ സീരിയലില്‍ നിന്നും പുള്ളി സ്വരൂക്കൂട്ടിയ വീട് തന്നെ ബാങ്കില്‍ പണയം വെച്ച് ഞാന്‍ ഇംഗ്ലണ്ടില്‍ പോയി പഠിച്ചു.. പോവുമ്പോഴും എല്ലാരും കരുതിയത് അച്ചടക്കമുള്ള മലയാളിയായി ഞാന്‍ അവിടെ തന്നെ പ്രവാസിയായി ജീവിക്കുമെന്നാണ്.. കൃത്യം ക്ലാസ്സ് തീര്‍ന്നതും വണ്ടി കയറിയതും ഒരുമിച്ചായിരുന്നു.. മനസ്സ് മുഴുവന്‍ സിനിമയായിരുന്നു.. എന്റെ അവസാന വര്‍ഷ മാസ്റ്റര്‍ പ്രൊജക്റ്റ് ഞാന്‍ നാട്ടില്‍ തന്നെ ചെയ്തു, അതാണ് യക്ഷി ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്.. ശമ്പളം ഇല്ലാതെ ചെയ്ത ജോലിയാണ്, എന്റെ മാസ്റ്റേഴ്‌സ് ആണ്.. അങ്ങനെ അത് കഴിഞ്ഞു.. പണിയില്ല.. കുറേ സിനിമകള്‍ ആലോചിച്ചു, കുറെയൊക്കെ അലഞ്ഞു.. ഒന്നും നടന്നില്ല..

ആയിടയ്ക്കാണ് കല്യാണവും കുഞ്ഞുമൊക്കെ, എന്തെങ്കിലും തൊഴില്‍ ചെയ്തില്ലെങ്കില്‍ കാര്യം സ്വാഹയാണ്.. അങ്ങനെയാണ് ഹൈദരാബാദില്‍ ശ്രീ നാഗാര്‍ജുനയുടെ അന്നപൂര്‍ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് മീഡിയയില്‍ ഡയറക്ഷന്‍ വിഭാഗം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്.. ആസ് യൂഷ്വല്‍ കാലുറച്ചില്ല, സിനിമ എന്ന ലഹരി.. അപ്പോഴാണ് ശ്രീ സുരേഷ് കുമാര്‍ സാറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്തു ആരംഭിക്കുന്നത്.. നേരെ നാട്ടിലേക്ക് വീണ്ടും പിടിച്ചു, രണ്ട് കൊല്ലത്തോളം അവിടെ ജോലി ചെയ്തു, എന്റെ എന്നത്തേയും ഏറ്റവും പ്രിയപ്പെട്ട തൊഴിലിടം അതാണ്.. അപ്പോഴും സിനിമ അടക്കി നിര്‍ത്തിയില്ല..ഞാനും എന്റെ ഫിലിം സ്‌കൂള്‍ സുഹൃത്തുക്കളും ചേര്‍ന്ന് സിനിമ ചെയ്യാന്‍ തീരുമാനിച്ചു.. എന്റെ സുഹൃത്തുക്കളെ എല്ലാം കൂട്ടി ഹിമാലയത്തിലെ കശ്മലന്‍ അവിടെ പിറക്കുന്നു.. ഇന്നും ടോറെന്റില്‍ പടം കണ്ട് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ആളുകളുടെ മെസ്സേജ് വരും, അഭിനന്ദിച്ചു കൊണ്ട്.. എന്തായാലും പടം ഉജ്വല തോല്‍വിയടഞ്ഞു.. ചാനലുകാര്‍ക്ക് പുതുമുഖ സിനിമ വേണ്ട എന്ന കാരണം കൊണ്ട് അവിടെയും തഴയപ്പെട്ടു..

അപ്പോഴാണ് 6 കൊല്ലം മുന്‍പത്തെ എന്റെ എഡ്യൂക്കേഷന്‍ ലോണ്‍ പലിശ കയറിയതും വീടിന് ജപ്തി നോട്ടീസ് വരുന്നതും.. സ്വാഭാവികമായും അവരത് കൊണ്ട് പോയ്.. താലിമാല ഉള്‍പ്പടെ ഭാര്യ വില്‍ക്കാന്‍ തന്നത് ഇന്നും ഓര്‍മയാണ്.. കടം കയറി നില്‍ക്കാന്‍ പറ്റാതെ തത്കാലത്തേക്ക് പാര്‍ട്ടിനേഴ്‌സിനെ നാട്ടില്‍ നിര്‍ത്തി കുടുംബത്തെയും കൊണ്ട് നാട് വിട്ടു..അറപ്പോടെ ജീവിതത്തില്‍ കണ്ട പല തൊഴിലുകളും എന്റെ നിത്യവൃത്തിയായി.. എനിക്കിന്ന് വിശപ്പില്ല, തൊഴിലെടുക്കുന്നുണ്ട്, ലക്ഷങ്ങളുടെ കട ബാധ്യതകള്‍ ഞാന്‍ തീര്‍ത്തിട്ടുണ്ട്.. സിനിമ തന്നതല്ല, എന്നാലും ഞാന്‍ സിനിമ ചെയ്യും.. അതെന്റെ ഇഷ്ടമാണ്, എന്റെ ലഹരിയാണ്.. സിനിമ കൊണ്ട് തകര്‍ന്നടിഞ്ഞ എന്നിട്ടും സിനിമയെ സ്‌നേഹിക്കുന്ന ഒരു കുടുംബത്തിലെ അംഗമെന്ന നിലയ്ക്ക് നീയൊക്കെ ഇനി എങ്ങനെ കുത്തിയാലും മുറിവേല്‍ക്കില്ല.. വെയിലത്തു തന്നെയാടാ കുരുത്തത്, അങ്ങനെ ഈ ജന്മം വാടില്ല.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...