‘കിടപ്പറ പങ്കിടണമെന്ന് പറഞ്ഞവരുടെ പേര് പുറത്തു വിടാൻ പറഞ്ഞില്ലല്ലോ?’; കുറിപ്പ്

shammy-post
SHARE

മലയാള സിനിമയിലെ ചില പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറച്ചിൽ നടത്തിയ നടൻ നീരജ് മാധവിനോട് സംഘടനകൾ വിശദീകരണം ചോദിച്ചതിനെതിരെ നടൻ ഷമ്മി തിലകൻ. പല്ലിട കുത്തി നാട്ടുകാരെ മണപ്പിക്കല്ലേ സാറെ എന്ന തലക്കെട്ടിൽ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് ഷമ്മിയുടെ രൂഷമായ ഭാഷയിലുള്ള വിമർശനം. 

അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ ചില പ്രസക്തഭാഗങ്ങൾ:

സിനിമയിലെ ഒരു ‘ആറാം ക്ലാസ്സുകാരൻ’ ഇവിടുത്തെ വേർതിരിവുകളെക്കുറിച്ച് വിളിച്ചു പറഞ്ഞപ്പോൾ വിശദീകരണം, അന്വേഷണം എന്നൊക്കെയുള്ള കാലഹരണപ്പെട്ടു പോയ കൊറേ ഉമ്മാക്കികളും പൊക്കിപ്പിടിച്ച് പേടിപ്പിക്കാനും പീഡിപ്പിക്കാനും വരുന്ന ട്രേഡ് യൂണിയനുകളുടെയും അവരുടെ സൈബർ പോരാളികളുടെയും മാനസിക നിലയോർത്ത് ചിരിക്കാതിരിക്കാൻ കഴിയുന്നില്ല. ഊതിപ്പെരുപ്പിച്ചെടുക്കുന്ന ഭയമാണ് അന്ധമായ അനുസരണയ്ക്ക് അടിസ്ഥാനമെന്ന് കരുതുന്ന അധികാര കൊതിയൻമാരായ ഇക്കൂട്ടർ അണികളെ അനുസരിപ്പിക്കാൻ എളുപ്പമാർഗം അവരിൽ ഭയം കുത്തി വെക്കുകയാണ് വേണ്ടതെന്ന തെറ്റിദ്ധാരണയാൽ ആർക്കും മനസ്സിലാകാത്ത നുണകളും കണ്ടുപിടിക്കാനാവാത്ത കള്ളങ്ങളും കൂട്ടിച്ചേർത്തു തന്ത്രങ്ങൾ മെനയുകയാണ്. 

ബലഹീനതകൾ മറക്കാനുള്ള ഏറ്റവും നല്ല മൂടുപടമാണല്ലോ ഭീഷണി. പലരും പേടിച്ച് അനുസരിച്ചെന്നിരിക്കും.

എന്നാൽ, വിവേകമില്ലാത്ത വിധേയത്വത്തിന് കീഴ്പ്പെടുന്നവരാകില്ല എല്ലാ അനുയായികളും എന്നതിന്റെ തെളിവായി ഇത്തരം ബദൽ ശബ്ദങ്ങൾ കാലാകാലങ്ങളായി ഉയർന്നുവരാറുമുണ്ട്. അപ്പോഴെല്ലാം അതിന് വിശദീകരണം ചോദിച്ചു ചെല്ലുന്ന അധികാരികൾക്ക്, മലയാളികൾ പൊങ്കാല കൊണ്ട് അഭിഷേകം നടത്തുന്ന കാഴ്ചയും കണ്ടിട്ടുണ്ട്. വരുംതലമുറയുടെ നന്മയെ കരുതി, തൊഴിലിടത്തിലെ തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ സ്വയം കുറ്റപ്പെടുത്തിക്കൊണ്ട് വെറുമൊരു ആറാംതരക്കാരൻ കുറിച്ച അവന്റെ അനുഭവ സാക്ഷ്യം പറച്ചിലിനെതിരെ ഘോരഘോരം പ്രതിഷേധിച്ച് മാധ്യമ ശ്രദ്ധ നേടിയെടുക്കാൻ ശ്രമിച്ച നിങ്ങൾ എന്തുകൊണ്ടാണ് ചിലതിനെതിരെ ഒന്നും പ്രതികരിക്കാത്തത്. 

മലയാള സിനിമയെ നിയന്ത്രിക്കുന്നത് നടന്മാർ, സംവിവിധായകര്‍, നിർമാതാക്കള്‍ എന്നിവരുള്‍പ്പെട്ട 15 പേരുടെ ലോബി ആണെന്നും ഇവരില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോലും അവര്‍ക്ക് ഇഷ്ടമില്ലാത്ത ആരെയും എന്നന്നേയ്ക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്നും അവസരങ്ങള്‍ക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്‍മാര്‍ മുന്നോട്ട് വെയ്ക്കുന്നുവെന്നും സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ടെന്നും പല നടിമാരും പല നടന്മാരും ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നുവെന്നും പ്രമുഖരായ നടിമാര്‍ക്കും നടന്‍മാര്‍ക്കും ഇപ്പോഴും വിലക്കുണ്ട് എന്നും നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണെന്നും ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നത് ലോബിയുടെ രീതിയാണെന്നും അവര്‍ക്ക് ഇഷ്ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്താറുണ്ടെന്നും ഇവര്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലനില്‍പ്പുളളൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത് എന്നും മറ്റുമുള്ള ഞെട്ടിക്കുന്ന വസ്തുതകൾ,100-ൽ പരം അനുഭവ സാക്ഷ്യം പറച്ചിലുകാരുടെ മൊഴികൾ, അവരുടെ വാട്ട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് അടക്കം ഉൾപ്പെടുത്തി ബഹു. ജസ്റ്റിസ് ഹേമ കമ്മീഷൻ സർക്കാരിന് പത്ത് മുന്നൂറ് പേജുള്ള റിപ്പോർട്ട് കൊടുത്തപ്പോൾ ഒരക്ഷരം പോലും മിണ്ടാതെ വാലും ചുരുട്ടി അവരവരുടെ മടയിൽ തന്നെ ചുരുണ്ടു കൂടി ഇരുന്നത് എന്തുകൊണ്ടാണ് ?

അന്നാരും, സംശയത്തിന്റെ മുൾമുന പാടില്ലെന്നോ‌ അവസരങ്ങള്‍ക്കായി കിടപ്പറ പങ്കിടാനാവശ്യപ്പെട്ടവരുടേയും, നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന സാറമ്മാരുടെയും മറ്റും പേരുകൾ, എല്ലാവരേയും സംശയത്തിന്റെ മുൾമുനയിൽ നിർത്താതെ എടുത്തു പറയണമെന്നോ അവർ ചെയ്തതിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ആ വിശുദ്ധമായ റിപ്പോർട്ട് സർക്കാർ പുറത്തു വിടണമെന്നോ ഒന്നും പറഞ്ഞ് ക്യാമറയ്ക്ക് മുന്നിൽ എത്താതിരുന്നത് എന്തുകൊണ്ടാണ് ? കോഴി കട്ടവന്റെ തലയിൽ കോഴിപ്പൂട കാണും എന്ന പഴഞ്ചൊല്ലിൽ വിശ്വാസം തോന്നിയത് കൊണ്ടല്ലേ അന്നങ്ങനെ ചുരുണ്ടു കൂടി മടയിലൊളിച്ചിരുന്നത്. സിനിമാമേഖലയിലെ സ്വതന്ത്രവും നീതിപൂർവ്വമായ മത്സരത്തിന് സാറമ്മാര് ഭരിക്കുന്ന സംഘടനകൾ തടസ്സം സൃഷ്ടിച്ചെന്നും നിങ്ങളുടെ ഇഷ്ടത്തിനും, ഇംഗിതത്തിനും, താളത്തിനും തുള്ളാത്തവർക്ക് നിങ്ങൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നെന്ന് വ്യക്തമായെന്നും ഇത്തരം മാത്സര്യവിരുദ്ധപ്രവർത്തനങ്ങൾ നിങ്ങൾ അവസാനിപ്പിക്കണമെന്നും ഇത്തരം പ്രവർത്തികളിൽ നിന്നും നിങ്ങൾ വിട്ടുനിൽക്കണമെന്നും മറ്റും പേരെടുത്തു പറഞ്ഞ് കുറ്റവാളികളായി മുദ്രകുത്തി ലക്ഷക്കണക്കിന് രൂപ പിഴ ഒടുക്കുവാനും ബഹു.കോംപറ്റീഷൻ കമ്മീഷനാൽ ചുമത്തപ്പെട്ട നിങ്ങൾക്ക് ധാർമ്മികത എന്ന വാക്കിന്റെ അർത്ഥം അറിയാത്തതുകൊണ്ടാണോ അതോ ഗണേശ് കുമാർ പരസ്യമായി പറഞ്ഞതു പോലെ അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കണം എന്നുള്ള അടങ്ങാത്ത അഭിനിവേശം ഉള്ളിന്റെയുള്ളിൽ രൂഢമൂലമായതു കൊണ്ടാണോ ഇത്തിൾ കണ്ണികളേ പോലെ ഇപ്പൊഴും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നത്.?അണികളെ അടിമകളാക്കി ഭരിക്കുന്ന ഒരു നേതാവിനും അധികകാലം അധികാരം ഉണ്ടാകില്ല.സത്യം തിരിച്ചറിയുന്ന അനുയായികൾ അപകടകാരികളാണ്. ഭയപ്പെട്ട് ജീവിച്ചവരുടെ ഭയം അവസാനിക്കുന്നിടത്ത് ഭയപ്പെടുത്തിയവരുടെ ഭീരുത്വം ആരംഭിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...