‘അന്ന് അവർ ഒരു ക്ലാപ്പ് ബോയ്ക്കു വേണ്ടി കയ്യടിച്ചു’; അനൂപ് സത്യന്റെ കൊച്ചുരഹസ്യം

anoop-wb
SHARE

ലാൽ ജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദര രാത്രികൾ എന്ന സിനിമയിൽ അസോസിയേറ്റായി മാത്രമല്ല അഭിനേതാവായും തിളങ്ങിയ ആളാണ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ. ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ  ആരും അറിയാതെ പോയ ഒരു കൊച്ചു രഹസ്യം  വെളിപ്പെടുത്തുകയാണ് അനൂപ്.

സിനിമയിൽ മുരളി ഗോപിയെ കാത്ത് റിമ ഒരു ചടങ്ങിൽ തനിച്ചിരിക്കുന്ന രംഗമുണ്ട്. ഇതിനിടെ തന്റെ അരികിലേയ്ക്ക് നടിയെ ക്ഷണിക്കാൻ മദ്യപിച്ചെത്തുന്ന യുവാവ് ആരാണെന്ന് മനസ്സിലായിരുന്നോ? ആ കക്ഷി അനൂപ് ആയിരുന്നു.

‘2013 അവസാനമാണ് ലാൽ ജോസ് സർ ചിത്രമായ ഏഴ് സുന്ദര രാത്രികളിൽ എഡി ആയി(ക്ലാപ് ബോയ്) ഞാൻ ചേരുന്നത്. അച്ഛൻ സിനിമാ സംവിധായകൻ ആണെങ്കില്‍ കൂടി, എന്റെ ജീവിതത്തിൽ ഞാൻ അഭിമുഖീകരിക്കുന്ന മൂന്നാമത്തെ സിനിമാ ഷൂട്ട് കൂടിയായിരുന്നു ഇത്. പിൻഗാമി ക്ലൈമാക്സ് ഷൂട്ട് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അവിടെ മോഹൻലാൽ എന്നൊരാൾ ഉണ്ടായതുകൊണ്ട് ഫിലിംമേക്കിങിലേയ്ക്കൊന്നും എന്റെ നോട്ടം എത്തുമായിരുന്നില്ല.’

‘സിനിമയിൽ ക്ലാപ്പ് അടിക്കാൻ തന്നെ ഒരു ബുദ്ധിമുട്ട് എനിക്ക് ഉണ്ടായിരുന്നു. ഒരു സംവിധായകന്റെ മകൻ ആയിട്ടുകൂടി എന്തുകൊണ്ടാണ് ഇവനിത് നന്നായി ചെയ്യാത്തതെന്ന് പലരും പറയുന്നുണ്ടായിരുന്നു. ആദ്യ മൂന്ന് ദിവസം ലാൽ ജോസ് സാറും ക്ഷമിച്ചു. എന്നാൽ പിന്നെ പിന്നെ തെറ്റുവരുത്തിയാൽ എന്നോട് ദേഷ്യപ്പെടാന്‍ തുടങ്ങി. അതെന്നെ ഒരുപാട് സഹായിച്ചു. അങ്ങനെ ക്ലാപ്പ് ബോർഡിനെ ഇഷ്ടപ്പെടാൻ തുടങ്ങി. അതെന്നെ ക്യാമറ െലൻസുകളുടെ റേഞ്ചിനെപറ്റിയും ഷോട്ട് ഡിവിഷനെപറ്റിയും താരങ്ങളോട് ഇടപെടുന്നതിനെപറ്റിയും പറയാതെ പറഞ്ഞുതന്നുകൊണ്ടിരുന്നു. ഈ ടീമിൽ എന്നെ ചേര്‍ത്തതിന് ലാൽ ജോസ് സാറിന് നന്ദി.’

‘ഇത്രയും പറയുമ്പോൾ എന്റെ അഭിനയ നിമിഷത്തെപറ്റിയും പറയണം. ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടെ ജൂനിയർ ആർടിസ്റ്റിനു പേടി തുടങ്ങി. അങ്ങനെ ആ സീൻ എന്നോട് ചെയ്യാൻ ലാൽ ജോസ് സർ ആവശ്യപ്പെട്ടു. ഞാൻ നോ പറയുന്നതിനു മുമ്പേ ജൂനിയർ ആർട്ടിസ്റ്റിന്റെ കോസ്റ്റ്യൂം അവർ എനിക്കു തന്നു കഴിഞ്ഞിരുന്നു. പക്ഷേ ആ ഷോട്ട് സിംഗിൾ ടേക്കിൽ ഓക്കെയായി. അന്ന് ഒരു ക്ലാപ്പ് ബോയ്ക്കു വേണ്ടി അവർ കൈയ്യടിച്ചു.’–അനൂപ് സത്യൻ പറഞ്ഞു

MORE IN INDIA
SHOW MORE
Loading...
Loading...