‘മോനേ പൃഥ്വീ, ആ പൂതി കീശയിലിട്ടോളൂ’; ഭീഷണിയുമായി ഹിന്ദു ഐക്യവേദി

prithvithreat-23
ഫാൻമെയ്ഡ് പോസ്റ്ററുകളിൽ ഒന്ന്( വലത്) കടപ്പാട് ; സോഷ്യൽ മീഡിയ
SHARE

വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയായി അഭിനയിക്കുന്നതിൽ നിന്ന് പൃഥ്വിരാജ് പിൻമാറണമെന്ന് ഹിന്ദു ഐക്യവേദി. സിനിമ ചെയ്യാമെന്നുള്ള പൂതി എട്ടായി മടക്കി കീശയിലിട്ടേക്കൂവെന്നാണ് ഇതിനോട് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയുടെ മുന്നറിയിപ്പ്. 1921 ലെ പോലെ ഒടുങ്ങിത്തീരാൻ 2021 ൽ ഹിന്ദുക്കൾ തയ്യാറല്ലെന്നും അവർ ഭീഷണിപ്പെടുത്തുന്നു. ഫെയ്ബുക്കിലാണ് കെ.പി ശശികലയുടെ കുറിപ്പ്.  ആഷിഖ് സംവിധാനം ചെയ്തോളൂ, കാണാമെന്ന് പറയുന്ന പോസ്റ്റിൽ സിനിമയെ രക്ഷപെടുത്തുന്നതിനാണ് നേരത്തേ പേരുവിവരങ്ങൾ പുറത്ത് വിട്ടതെന്നും ഹിന്ദു ഐക്യവേദി ആരോപിക്കുന്നു. സംഘപരിവാറുകാർ കേറിക്കൊത്തുമ്പോൾ മുഖ്യമന്ത്രിയും പ്രതിപക്ഷവും ചേർന്ന് സിനിമയെ രക്ഷിക്കുമെന്നും അവർ പറയുന്നു. 

കുറിപ്പിങ്ങനെ: 2021 ലേക്ക് വാരിയൻ ക്കുന്നൻ പുനരവതരിക്കുന്നത്രെ ! നായകനും സംവിധായകനും ഹർഷോന്മാദത്തിലാണ്. വിവാഹാലോചന നടക്കും മുൻപ് കുട്ടിയുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയതിന്റെ ഉദ്യേശം വ്യക്തം' സംഘ പരിവാറുകാർ കേറിക്കൊത്തും മതേതരർ രക്ഷയ്കെത്തും മുഖ്യനും പ്രതിപക്ഷനും ഞാൻ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും. സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി? അവരെ കുറ്റം പറയാൻ പറ്റ്വോ ?

മീശയെന്ന മൂന്നാം കിട നോവൽ രക്ഷപ്പെട്ട തങ്ങനെയല്ലേ? തിയേറ്ററിൽ ഒരു ചലനവുമുണ്ടാക്കാത്ത ഒരു സിനിമ ഇറങ്ങിയ ദിവസം തന്നെ എന്നെ ഒരാൾ വിളിക്കുന്നു. അതിൽ ആറ്റുകാൽ പൊങ്കാലയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് ടീച്ചർ ഉടനെ പ്രതികരിക്കണം. ഞാൻ സിനിമാരംഗത്തുള്ള ചിലരെ വിളിച്ചു അവർ പറഞ്ഞു അത് കാശിന് കൊള്ളാത്ത സിനിമയാണ്. ഉടനെ പെട്ടീൽ കേറും. അപ്പോഴാണ് ഉദ്ദേശം മനസ്സിലായത്. ആലുവായിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞു..അതോണ്ട് മോനെ പൃഥ്വീ , ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക് ! ഞങ്ങൾ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം ! 1921 ലെ പ്പോലെ ഒടുങ്ങിത്തിരാൻ ഈ 2021 ൽ ഹിന്ദുക്കൾ തയ്യാറല്ല! ആസിഖേ സംവിധാനിച്ചോളു..... കാണാം.

‘വാരിയന്‍കുന്നന്‍’ സിനിമ ചരിത്രത്തോട് നീതിപുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ബിജെപി. ഇല്ലെങ്കില്‍ സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുമെന്ന് എം.ടി.രമേശ് പറഞ്ഞു. കേരളീയ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയ സംഭവമാകുമ്പോള്‍ പൂര്‍ണമായും അതിനോട് നീതി പാലിക്കണം. ഇത് സിനിമ നിര്‍മിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും എം.ടി.രമേശ് പറഞ്ഞു.

സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് ഉണ്ടായത്. കുടുംബാംഗങ്ങളെ വരെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ഉണ്ടായി. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ 2021 ലാകും ചിത്രീകരണം ആരംഭിക്കുക.

ഇതിനിടെ, ആഷിക്–പൃഥ്വി ടീമിന് പുറമെ കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച്  എന്ന സിനിമയുമായി മുന്നോട്ടെന്ന പ്രഖ്യാപനവുമായി പി.ടി.കുഞ്ഞുമുഹമ്മദും നാടകകൃത്ത് ഇബ്രാഹിം വേങ്ങരയും രംഗത്തെത്തി. നായകനെ വില്ലനാക്കുന്ന സിനിമ അലി അക്ബറും പ്രഖ്യാപിച്ചു.    

ആഷിഖ് അബുവിന്റെ ‘വാരിയംകുന്നനും’ പി.ടി.കുഞ്ഞുമുഹമ്മദിന്റെ ‘ഷഹീദ് വാരിയംകുന്നനും  ഇബ്രാഹിം വെങ്ങരയുടെ ‘ദ് ഗ്രേറ്റ് വാരിയംകുന്നത്തും’. ഇവയ്ക്കെല്ലാം മറുപടിയെന്ന പേരില്‍ ബിജെപി സഹയാത്രികനായ അലി അക്ബറിന്റെ സിനിമയും.   ഒരേ ആളുടെ പേരില്‍ ഒരേകാലത്ത് നാലു സിനിമകളെന്നത് ലോകത്തില്‍ തന്നെ അപൂര്‍വമാകും. മലബാര്‍ കലാപമെന്ന് ഒരു കൂട്ടരും മാപ്പിള ലഹളയെന്ന് മറ്റൊരു കൂട്ടരും വിശേഷിപ്പിക്കുന്ന, 1921ല്‍ ഏറനാട്  പ്രദേശങ്ങളിലായി നടന്ന പോരാട്ടം ബ്രിട്ടീഷുകാര്‍ക്കെതിരെയും ജന്മികള്‍ക്കും എതിരെയായിരുന്നുവെന്ന് നിഷ്പക്ഷ ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. എന്നാല്‍, കുറേപ്പേര്‍ക്കിത് ഒരു പ്രത്യേക സമുദായത്തിനെതിെര മാത്രം നടന്ന ആക്രമണമാണ്. 

ഇതാണ് ‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധംചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ചയാളെക്കുറിച്ച് സിനിമ വരുന്നുവെന്ന പൃഥ്വിരാജിന്റെ പോസ്റ്റിനു പിന്നാലെ ലഹള തുടങ്ങാന്‍ കാരണം. പൃഥ്വിരാജിനെ മാത്രമല്ല ആഷിഖ് അബുവും റീമ കല്ലിങ്കലും മല്ലിക സുകുമാരനും വരെ ഇരകളായി. പൃഥ്വിരാജിന്റെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ മാത്രം  പിന്തുണച്ചും എതിര്‍ത്തും പോരാട്ടം തുടരുകയാണ്.  വിവാദങ്ങളോട് ഇപ്പോള്‍ പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് അണിയറപ്രവര്‍ത്തകര്‍. 

ഇതിനിടെയാണ് പി.ടി.കുഞ്ഞുമുഹമ്മദ് ഏറെക്കാലമായി മനസിലുള്ള ഷഹീദ് വാരിയംകുന്നനുമായി മുന്നോട്ടെന്ന് പ്രഖ്യാപിച്ചത്.  അതേസമയം, മൂന്നുവര്‍ഷം മുമ്പു തന്നെ വണ്‍ലൈനും ഇതിനുശേഷം   തിരക്കഥയും തയ്യാറാക്കിയെന്ന് നാടകകൃത്ത് ഇബ്രാഹിം വേങ്ങര വ്യക്തമാക്കിയത്.  1921ന്റെ യഥാര്‍ഥമുഖം 2021ല്‍ ജനം കാണുമെന്നാണ് അലി അക്ബറിന്റെ പ്രഖ്യാപനം. 1921 എന്ന് പോസ്റ്റിട്ടെങ്കിലും ഇതാവുമോ പേരെന്നത് വ്യക്തമല്ല.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...