‘സാർ ഒരു വാർത്ത കൊടുക്കാമോ? ഞാൻ രക്ഷപെടും’; അന്നത്തെ യുവാവ്; പിന്നെ ചരിത്രം

rajini-balachandra-menon
SHARE

‘ഹോട്ടലിൽ കൂലിപ്പണി ചെയ്യുന്ന കുറേ ചെറുപ്പക്കാർ അയാൾക്ക് ചുറ്റുമുണ്ട്. അവരുടെ നടുക്കിരുന്ന് അവൻ സിഗററ്റ് മുകളിലേക്ക് എറിയുന്നു അത് വായിൽ പിടിക്കുന്നു. ആരെടാ ഇവൻ എന്ന ധാരണയിൽ ‍ഞാൻ ഇത് ശ്രദ്ധിക്കുന്നുണ്ട്. ഇയാളുടെ സിഗററ്റ് െകാണ്ടുള്ള അഭ്യാസം കണ്ട് മാജിക്കുകാരനാണ് എന്ന് ആ ചെറുപ്പക്കാരിൽ ഒരാൾ എന്നോട് പറഞ്ഞു. പിന്നീട് ഈ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഞാൻ ഇരിക്കുമ്പോൾ അയാൾ എനിക്ക് നേരെ വന്നു.

‘സാർ, എന്റെ പേര് ശിവാജി റാവു, ഇവിടെ സിനിമ പഠിക്കുകയാണ്. അഭിനയിക്കണം എന്നാണ് മോഹം. സാർ ജോലിചെയ്യുന്ന പത്രത്തിൽ എന്നെ പറ്റി ഒരു വാർത്ത കൊടുക്കാമോ? മലയാളത്തിലെങ്കിലും ഒരു അവസരം കിട്ടിയാൽ ഞാൻ രക്ഷപ്പെടും. ഇതെന്റെ പലതരത്തിലുള്ള ചിത്രങ്ങളാണ്. ദയവായി സാറൊന്ന് സഹായിക്കണം..’ മദ്രാസിൽ മാധ്യമപ്രവർത്തകനായി എത്തിയ ബാലചന്ദ്രമേനോന്റെ അടുത്ത് ആ യുവാവ് സഹായം ചോദിച്ചു. ഉള്ളിൽ അടങ്ങാത്ത സിനിമാമോഹവുമായി.

ആ യുവാവിന്റെ ആത്മാർഥയിൽ അവന്റെ ആവേശത്തിൽ ഇഷ്ടം തോന്നിയ ബാലചന്ദ്രമേനോൻ ഈ ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു വാർത്തയാക്കി തിരുവനന്തപുരത്തെ ഓഫിസിലേക്ക് അയച്ചു. എന്നാൽ മേൽ അധികൃതർ ആ വാർത്ത പ്രസിദ്ധീകരിക്കാൻ തയാറായില്ല. ഇത്തരം കാര്യങ്ങൾക്ക് എന്തിന് മാസികയിൽ സ്ഥലം നൽകുന്നു എന്ന നിലപാട് സ്വീകരിച്ചതോടെ, ആ യുവാവിന്റെ മോഹം ചവറ്റുകുട്ടയിലായി. ഇതറിയാതെ പിന്നിട് പലപ്പോഴും  ബാലചന്ദ്രമേനോനോട് വാർത്ത വരുമോ എന്ന് തിരക്കി ഒരുപാട് നടന്നു ആ യുവാവ്. ഇന്നുവരും നാളെ വരും എന്നൊക്കെ പറഞ്ഞ് ബാലചന്ദ്രമേനോനും ഒഴിഞ്ഞുമാറി. ഒടുവിൽ ഈ യുവാവിന് മുഖം കൊടുക്കാതെ മേനോൻ നടന്നുതുടങ്ങി.

പിന്നീട് ശ്രീവിദ്യയുടെ ഒരു അഭിമുഖം എടുക്കാൻ ബാലചന്ദ്രമേനോൻ സത്യാ സ്റ്റുഡിയോയിലെത്തി. അവിടെ വച്ച് മാധ്യമങ്ങൾക്ക് നടുവിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആ സിനിമയിലെ നായകൻ കമൽഹാസനെ കണ്ടു. അദ്ദേഹത്തിന് ചുറ്റും മാധ്യമങ്ങളുടെ വലിയ ബഹളമാണ്. അതുകഴിഞ്ഞ് ശ്രീവിദ്യയുമായുള്ള അഭിമുഖം എടുക്കാൻ ഒരുങ്ങുമ്പോഴാണ് പിന്നിൽ നിന്നും ആ വിളി എത്തുന്നത്. സാർ, എന്നെ ഓർക്കുന്നുണ്ടോ, ഞാൻ ശിവാജി റാവു. അന്ന് വാർത്ത കൊടുക്കുമോ എന്ന് ചോദിച്ചു വന്നിരുന്നു. ഈ സിനിമയിൽ ബാലചന്ദർ സാർ എനിക്ക് ഒരു വേഷം തന്നു. നല്ല വേഷമാണ് സാർ. സിനിമയുടെ പേര് ‘അപൂർവ രാഗങ്ങൾ’.

അന്ന് കൊടുത്ത വാർത്ത മേൽ അധികൃതർ നിരസിച്ച കാര്യം ബാലചന്ദ്രമേനോൻ ആ യുവാവിനെ പറഞ്ഞു മനസിലാക്കി. അതു സാരമില്ല സാർ എന്ന് അയാൾ മറുപടി നൽകി പിരിഞ്ഞു. പിന്നീട് ശ്രീവിദ്യയുമായുള്ള അഭിമുഖത്തിന് ഒരുങ്ങുമ്പോൾ മേനോൻ അവരോട് ചോദിച്ചു. ഈ പത്രക്കാര് നായകന്റെ പിന്നാലെയാണ്. അവിടെ നായകന് കിട്ടുന്ന പ്രാധാന്യം കണ്ടില്ലേ. ആ യുവാവിനെ ആരും ഗൗനിക്കുന്നില്ല. അന്ന് ശ്രീവിദ്യ പറഞ്ഞു. നിങ്ങൾ നോക്കിക്കോളൂ. കാലം ഒരു കാര്യം തെളിയിക്കും. ഇപ്പോൾ കുറച്ച് സീനുകൾ അയാൾക്കൊപ്പം എടുത്തു കഴിഞ്ഞ അനുഭവം കൊണ്ട് പറയുവാണ്. അയാളൊരു താരമാകും. സൂപ്പർ സ്റ്റാറാകും. ആ വാക്കുകൾ പിന്നീട് സത്യമായി. ബാലചന്ദ്രമേനോന്റെ മുന്നിൽ വാർത്ത കൊടുക്കാമോ എന്ന് ചോദിച്ച് നിന്ന ആ യുവാവ് പിന്നീട് ലോകം മുഴുവൻ ആരാധകരുള്ള രജനികാന്തായി മാറി. ഇന്ന് ഒരു അഭിമുഖത്തിനായി ലോകമാധ്യമങ്ങൾ കാത്തിരിക്കുന്ന മെഗാതാരം.

സിനിമാ ജീവിതത്തിന്റെ തുടക്കത്തിലുള്ള ഓർമകൾ പങ്കുവയ്ക്കുന്ന ഫില്‍മി ഫ്രൈഡേസിലാണ് ബാലചന്ദ്രമേനോൻ രജനികാന്തുമായുള്ള അനുഭവങ്ങൾ തുറന്നുപറഞ്ഞത്. വിഡിയോ കാണാം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...