ആമേനി’ലെ പള്ളി തീർത്ഥാടനകേന്ദ്രമായി’; പ്രചരണത്തിനു പിന്നിലെ സത്യം: കുറിപ്പ്

churchminnal
SHARE

ടോവിനോ ചിത്രം മിന്നൽ മുരളിയുടെ സെറ്റ് തകർത്തതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉയരുമ്പോൾ സിനിമ സെറ്റുകൾ പൊളിക്കുന്നതിനെ കുറിച്ച് വ്യാജ പ്രചരണങ്ങളും സജീവം. സിനിമയിലെ പള്ളിയായി നിർമ്മിക്കുന്ന സെറ്റുകളെ ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടക്കുന്നതായാണ് പരാതി. ആമേന്‍ സിനിമയിലെ പള്ളിക്കെതിരെ വ്യാജ പ്രചരണവുമായാണ് ചിലർ എത്തിയത്. 

ആമേന്‍ സിനിമയ്ക്ക് വേണ്ടി 2013–ല്‍ പണിത സെറ്റ് ഇന്ന് തീര്‍ത്ഥാടന കേന്ദ്രമാണ് എന്നാണ് ചില രാഷ്ട്രീയകേന്ദ്രങ്ങൾ പ്രചരണം നടത്തുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ തെളിയിക്കുകയാണ് സിനിമയുടെ ചിത്രീകരണം നടന്ന ആലപ്പുഴ ജില്ലയിലെ ഉളവയ്പ്പിൽ നിന്നുള്ള അനന്തു അജി. ഒന്നൊന്നര മാസം നീണ്ടു നിന്ന ആമേന്‍റെ ചിത്രീകരണത്തിന് ശേഷം വിറക് വിലയ്ക്ക് ആ പള്ളി പൊളിച്ച് വിൽക്കുകയായിരുന്നു എന്ന് അനന്തു വ്യക്തമാക്കുന്നു.

അനന്തു അജിയുടെ കുറിപ്പ്: ആമേൻ സിനിമയ്ക്കായി 2013ൽ പണിത ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് സിനിമ ഷൂട്ടിങിന് ശേഷവും പൊളിച്ച് മാറ്റിയില്ലെന്നും അതിപ്പോഴൊരു ‘തീർത്ഥാടനകേന്ദ്രമായി’ മാറിയിരിക്കുകയാണെന്നുമൊക്കെ മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ച സംഘികൾ പറഞ്ഞു പരത്തുന്നുണ്ട്. ആമേൻ സിനിമയ്ക്കായി സെറ്റിട്ട പള്ളി എന്‍റെ നാട്ടിലാണ്. ഉളവയ്പ്പിൽ.. ( ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക്. ) 

എന്‍റെ അറിവിൽ ആമേൻ സിനിമയ്ക്കായി അന്ന് സെറ്റിട്ടത് ഈ ചിത്രത്തിൽ കാണുന്ന ഒരേയൊരു പള്ളിയാണ്. അതും എന്‍റെ വീട്ടിൽ നിന്ന് പത്തോ പതിനഞ്ചോ മിനിറ്റ് കഷ്ടി നടന്നാൽ എത്താവുന്ന ദൂരത്ത്. ചോറും കറിയുമൊക്കെ നേരത്തെ വെച്ച് സ്‌ത്രീകളടക്കമുള്ള ആളുകൾ, കുട്ടികൾ, പണിക്ക് അവധി കൊടുത്ത് ചേട്ടന്മാർ ഒരു നാട് മൊത്തം ഷൂട്ടിങ് കാണാൻ എത്തുന്നത് ഞാനാദ്യമായി കാണുന്നത് അന്നാണ്. 

അതിന് മുമ്പും അതിന് ശേഷവും വാരിക്കുഴിയിലെ കൊലപാതകമടക്കം ഒരുപാട് സിനിമകൾ ഉളവയ്പ്പിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. ഏതാണ്ട് ഒന്നൊന്നര മാസം നീണ്ടു നിന്ന ആമേന്റെ ഷൂട്ടിങിനു ശേഷം വിറക് വിലയ്ക്ക് ആ പള്ളി പൊളിച്ച് വിൽക്കുകയായിരുന്നു ഉണ്ടായത്. പക്ഷെ സംഘികള്‍ പറയുന്ന ഇപ്പോഴും "തീർത്ഥാടനകേന്ദ്രമായി" നില്ക്കുന്ന ആ പള്ളി ഏതാണ് എത്രയാലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.

ഇനിയിപ്പോ ഞാനറിയാതെ എന്‍റെ തൊട്ടടുത്തെങ്ങാനും വേറൊരു "തീർത്ഥാടനകേന്ദ്രം " ഉണ്ടോ ആവോ..? അല്ല ഇല്യൂമിനാണ്ടിയുടെയൊക്കെ കാലമാണേ..ഒന്നും പറയാൻ പറ്റില്ല..!!

പ്രധാന വിറ്റ് ഇതൊന്നുമല്ല. വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയ്ക്ക് വേണ്ടി സെറ്റ് ഇട്ട കൂട്ടത്തിൽ ഒരു പാർട്ടി ഓഫിസും ഉണ്ടായിരുന്നു. അതിപ്പോ ഉളവയ്പ്പിലെ പാർട്ടിക്കാര്‍ ഓഫീസ് ആയിട്ട് ഉപയോഗിക്കുവാണെന്നെങ്ങാനും ഇവറ്റകള്‍ പറയുവോന്നാ എന്റെ പേടി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...