സിനിമ സെറ്റ് പൊളിച്ച് രാഷ്ട്രീയ ബജ്റംഗദള്‍; നെഞ്ചുപൊട്ടി സംവിധായകന്‍

basil-post
SHARE

മിന്നൽ മുരളി എന്ന സിനിമയ്ക്ക് താൽക്കാലികമായി നിർമിച്ച പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർ പൊളിച്ച സംഭവത്തിൽ ആശങ്ക അറിയിച്ച് സിനിമയുടെ സംവിധായകന്‍ ബേസിൽ ജോസഫ്. രണ്ട് വർഷമായി ഈ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുകയാണെന്നും കലാ സംവിധായകനും സംഘവും ദിവസങ്ങളോളം പൊരി വെയിലത്ത് നിന്ന് കഷ്ടപ്പെട്ട് നിർമിച്ച സെറ്റാണ് പൊളിച്ചതെന്നും ബേസിൽ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. അനധികൃതമായി നിർമിച്ച സെറ്റല്ലെന്നും ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ലെന്നും ബേസിൽ വ്യക്തമാക്കുന്നു. വിഷമവും ആശങ്കയുമുണ്ടെന്നാണ് ബേസിൽ പറ‍ഞ്ഞു നിർത്തുന്നത്.

ചിത്രത്തിന്റെ നിർമാതാവായ സോഫിയ പോളും ഫെയ്സ്ബുക്കിലൂടെ വിഷമം പങ്കുവച്ചു. 'ഒരുപാട് പ്രതീക്ഷകളുള്ള സൂപ്പർ ഹീറോ ചിത്രമാണ് നിർമാണത്തിലിരിക്കുന്ന മിന്നൽ മുരളി. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചു. 2 വർഷങ്ങളോളം എടുത്താണ് ചിത്രം നിർമിക്കുന്നത്. സിനിമ ചിത്രീകരണത്തിന് നിലവിലുള്ള നിയന്ത്രണങ്ങൾ മാറിയാലുടൻ ബാക്കി ഭാഗങ്ങൾ ഷൂട്ട് ചെയ്യും. അടുത്ത ഭാഗം ചിത്രീകരിക്കാനാണ് കാലടിയിൽ പള്ളിയുടെ സെറ്റ് പണിതത്. ഇവിടയൊണ് ക്ലൈമാക്സ് രംഗം ചിത്രീകരിക്കേണ്ടത്. ഇവിടെ ഷൂട്ട് ചെയ്യുന്നതിനാവശ്യമായ എല്ലാ നടപടിയകളും എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴുണ്ടായ സംഭവും നിർഭാഗ്യകരവും വലിയ നഷ്ടവുമാണെന്ന് സോഫിയ പോൾ പറയുന്നു'. 

സംഭവത്തിൽ പ്രതിഷേധമറിയിച്ച് നടൻ അജു വർഗീസും നേരത്തെ രംഗത്തെത്തിയിരുന്നു. കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നിൽ ഷൂട്ടിങ്ങിനായി നിർമിച്ച സെറ്റാണ് പൊളിച്ചതെന്ന സംഘടനയുടെ ഭാരവാഹി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകർത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നാണ് ഇവരുടെ ആരോപണം

ബേസിൽ ജോസഫിന്റെ കുറിപ്പ്: 

എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു.കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു അഭിമാനവും,ഷൂട്ടിങ്ങിനു തൊട്ടു മുൻപ് ലോക്ക്ഡൌൺ സംഭവിച്ചതിനാൽ "ഇനി എന്ന്" എന്നോർത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയും .

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...