'വർഗ്ഗീയതയുടെ വൈറസ്‌ എത്ര മാരകം' ; 'മിന്നൽ മുരളി' ടീമിന് ഐക്യദാർഢ്യം; പ്രതിഷേധം

minnal-new
SHARE

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി' ടീമിന് ഐക്യദാർഢ്യവുമായി കൂടുതൽ സിനിമാ പ്രവർത്തകർ രംഗത്ത്. ഇന്നലെ നടൻ അജു വർഗീസാണ് സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ആദ്യം രംഗത്തെത്തിയത്. ചിത്രത്തിനായി  കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ച സംഭവം വലിയ വിവാദമാകുകയാണ്.

'വാങ്ങിക്കേണ്ട മുഴുവൻ അനുമതികളും വാങ്ങിച്ചുകൊണ്ട്‌, ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മിന്നൽമുരളി എന്ന സിനിമയുടെ സെറ്റാണ്‌ സാമൂഹിക വിരുദ്ധർ തകർത്തത്‌. ലോകം മുഴുവനും, വർഗ്ഗ- വർണ്ണ-ജാതി ഭേദമില്ലാതെ മഹാമാരിയെ ചെറുക്കുമ്പോൾ, ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ്‌ പൊളിക്ക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വർഗ്ഗീയതയുടെ വൈറസ്‌ എത്ര മാരകമാണ്‌?! ഇവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് സർക്കാരിനോട്‌ ആവശ്യപ്പെടുന്നു. ബേസിലിനും, സോഫിയാ പോളിനും, മിന്നൽ മുരളി ടീമിനും ഐക്യദാർഡ്യം.' സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ. 

കുറ്റക്കാരെ ശിക്ഷിക്കണമെന്ന് മാക്ട ചെയർമാൻ ജയരാജ് ആവശ്യപ്പെട്ടു

'സിനിമ സെറ്റുകണ്ടാൽപോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം.മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കും. മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം. സംവിധായകൻ ആഷിഖ് അബു കുറിച്ചു.

'മിന്നൽ മുരളിയുടെ സെറ്റ് തകർത്തു..നമ്മളെല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയത്ത് വെറുപ്പ് പടർത്തുന്നത് തടയുക തന്നെ വേണം. ഇത്തരം അസഹിഷ്ണുത നമ്മളെ എവിടെയും കൊണ്ടെത്തിക്കില്ല'. നടി റിമ കല്ലിങ്കൽ കുറിച്ചു. 

'ലക്ഷങ്ങൾ മുടക്കി ഒരു നിർമാതാവും പ്രൊഡക്ഷൻ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേർന്നു കഴിഞ്ഞ മാർച്ചിൽ ഉണ്ടാക്കിയ ഒരു സെറ്റ്. ഇന്ന് അതിന്റെ അവസ്ഥ. കാരണം അതിലേറെ ഞെട്ടൽ ഉണ്ടാക്കുന്നതും. എങ്ങനെ തോന്നുന്നു' എന്നായിരുന്നു നടൻ അജു വര്‍ഗീസിന്‍റെ പ്രതികരണം.

സംവിധായകരായ രഞ്ജിത് ശങ്കർ, മിഥുൻ മാനുവൽ തോമസ്,  അഖിൽ പോൾ, ഡിജോ ജോസ് ആന്റണി തുടങ്ങിയവരും ഫെയ്സ്ബുക്കിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...