വീട്ടിൽ കേക്ക് മുറിച്ച് ലാൽ; സദ്യവട്ടമൊരുക്കി സുചിത്ര; ചിത്രങ്ങൾ, വിഡിയോ

mohanlal2
SHARE

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നു ഫോണിലുംഓൺലൈനിലുമെത്തിയ ആശംസകൾ തീർത്ത ആഹ്ലാദത്തിൽ മോഹൻലാൽ 60 ാം ജന്മദിനം ആഘോഷിച്ചു. ഭാര്യ സുചിത്ര, മകൻ പ്രണവ്, പ്രിയദർശൻ, സുചിത്രയുടെ കസിന്‍ അനിത, ഭര്‍ത്താവ് മോഹന്‍ എന്നിവർക്കൊപ്പം െചന്നൈയിലെ വീട്ടിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു.

ലാലിന്റെ മകൾ വിസ്മയ വിദേശത്താണ്. ഉറ്റ സുഹൃത്തുക്കള്‍ വിഡിയോ കോള്‍ വഴി കേക്ക് മുറിക്കല്‍ പാര്‍ട്ടിയില്‍ പങ്കുകൊണ്ടു. കേക്കുമുറിക്കുന്നതിന്റെ വിഡിയോ ഇപ്പോല്‍ വൈറലാവുകയാണ്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, അമിതാഭ് ബച്ചൻ, രജനീകാന്ത്, കമൽ ഹാസൻ, മമ്മൂട്ടി, അനിൽ കപൂർ, അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പ്രഭു തുടങ്ങി നൂറുകണക്കിനു സുഹൃത്തുക്കൾ ആശംസകൾ നേർന്നു. അമ്മ ശാന്തകുമാരി കൊച്ചിയിൽ ആന്റണി പെരുമ്പാവൂരിനൊപ്പം കേക്കു മുറിക്കുകയും സദ്യയുണ്ണുകയും ചെയ്തു.

സഹോദര തുല്യനായാണു താൻ എന്നും ഈ അനുഗൃഹീത നടനെ കരുതിയിട്ടുള്ളതെന്ന് ആശംസാ സന്ദേശത്തിൽ മമ്മൂട്ടി പറഞ്ഞു. അഭിനേതാവ് എന്ന നിലയിൽ അദ്ദേഹത്തോട് അസൂയയാണെന്നു കമൽ ഹാസൻ സന്ദേശത്തിൽ പറഞ്ഞു. 

mohanlal-suchitra

ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടനെന്നായിരുന്നു മഞ്ജു വാരിയരുടെ ആശംസാ കുറിപ്പ്.

തന്റെ ഏറ്റവും പ്രിയപ്പെട്ട മോഹൻലാൽ കഥാപാത്രം ‘നമുക്കു പാർക്കാം മുന്തിരിത്തോപ്പുകളി’ലെ സോളമനാണെന്നു പറഞ്ഞാണ് ‘ലാലേട്ടന്’ ദുൽഖർ സൽമാൻ ആശംസ അറിയിച്ചത്. ജന്മദിന സന്ദേശത്തിൽ, നാഷനൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ മലയാള സിനിമയിലെ ഏറ്റവും ആകർഷണീയനായ പ്രണയ നായകനായി ചൂണ്ടിക്കാട്ടിയതും ഈ കഥാപാത്രത്തെയാണ്. 

mohanlal-suchitra-1

‘ലാലേട്ടൻ ദ് ബുക്ക് ഓഫ് ആക്ടിങ്’ എന്ന പേരുള്ള പുസ്തക കവർ ഡിസൈൻ ഒരുക്കിയാണ് ജയസൂര്യയും കുടുംബവും ആശംസ നേർന്നത്. പൃഥ്വിരാജ് താൻ സംവിധാനം ചെയ്ത ലൂസിഫറിൽ മോഹൻലാലുമൊത്തുളള ചിത്രം പങ്കുവച്ചു.

എല്ലാവരുടെയും അനുഗ്രഹത്തോടെ യാത്ര തുടരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. കോവിഡ് കാരണം ആഘോഷം വേണ്ടെന്നു ഫാൻസ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. 

അതിനാൽ, ഒരിടത്തും പ്രത്യേക പരിപാടികളുണ്ടായില്ല. ലാലിന്റെ സുഹൃത്തുക്കൾക്ക് അസോസിയേഷൻ കഴിഞ്ഞദിവസം സദ്യ എത്തിച്ചു സന്തോഷമറിയിച്ചിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...