‘ലോക്ഡൗൺ സമയത്ത് 4 തവണ വിളിച്ചന്വേഷിച്ചു, എന്നെ മാത്രമല്ലെന്ന് ഉറപ്പുണ്ട്’; സൂര്യ

surya-mohanlal
SHARE

ലക്ഷക്കണക്കിന് ആരാധകരെപ്പോലെ സ്ക്രീനിൽ ലാൽ സാറിന്റെ അഭിനയം കണ്ടു വിസ്‌മയിച്ചു പോയ ഒരാളാണ് ഞാനും. എന്നാൽ, മോഹൻലാലെന്ന വ്യക്തിയെ അടുത്തറിഞ്ഞപ്പോഴാണു സ്വാഭാവികമായ ആ അഭിനയത്തിന്റെ രഹസ്യം പിടികിട്ടിയത്. ജീവിതത്തിൽ ഇത്രയധികം പോസിറ്റീവായ അധികം പേരെ ഞാൻ കണ്ടിട്ടില്ല. മറ്റെല്ലാം പ്രശ്നങ്ങളും മാറ്റിവച്ച്, സന്തോഷവും ഊർജവും പ്രസരിപ്പിക്കുന്നയൊരാളായാണു അദ്ദേഹം സെറ്റുകളിലെത്തുക. ഒഴുക്കുള്ള, സ്വാഭാവികമായ അദ്ദേഹത്തിന്റെ അഭിയനത്തിനു പിന്നിലും ആ ഊർജമാണ്. 

നടനാകാൻ ആഗ്രഹിച്ചു നടന്ന കാലത്ത് അഭിനയ പഠനത്തിനായി മുന്നിലുണ്ടായിരുന്ന മാതൃകകളിലൊന്നാണു ലാൽ സർ. ഒരുപാട് പൊതു സുഹൃത്തുക്കൾ വഴി അദ്ദേഹത്തെ എനിക്കു നേരത്തെ പരിചയമുണ്ട്. അതൊരു അടുപ്പമായി വളരുന്നതു ചെന്നൈ കടൽ തീരത്തെ ഒരു സൗഹൃദക്കൂട്ടായ്മയിൽ വച്ചാണ്. അന്നു മുതൽ ഏതു പാതിരാത്രിയും വിളിക്കാവുന്ന അടുത്ത സുഹൃത്താണു എനിക്ക് അദ്ദേഹം. 

ഉയരങ്ങളിലെത്തും തോറും സിനിമയിൽ നടന്മാർക്കു ചുറ്റും ഏകാന്തതയുടെ ഒരു വലയം രൂപപ്പെടുന്നതു നാം കാണാറുണ്ട്. അതു അവർ പോലും അറിയാതെ സംഭവിച്ചു പോകുന്നതാണ്. എന്നാൽ, ഇത്രയും ഉയരങ്ങളിൽ നിൽക്കുമ്പോഴും അത്തരമൊരു വലയമില്ലാതെ തീർത്തും സാധാരണക്കാരനായി നിൽക്കുന്നുവെന്നതാണു മോഹൻലാലിന്റെ പ്രത്യേകത. സെറ്റിൽ നാലോ അഞ്ചോ സുഹൃത്തുക്കൾക്കൊപ്പമല്ലാതെ  അദ്ദേഹത്തെ കാണില്ല. മറ്റുള്ളവരുടെ സംസാരത്തിനു ചെവികൊടുത്ത്, ഒട്ടും മുഷിപ്പ് പ്രകടിപ്പിക്കാതെ എത്ര നേരം വേണമെങ്കിലും അദ്ദേഹം നമുക്കൊപ്പമിരിക്കും. ഇത്ര ഉയരത്തിൽ നിൽകുന്നയൊരാളിൽ  നിന്നു പ്രതീക്ഷിക്കാവുന്നതിലുമപ്പുറം, സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിനെടുക്കുന്ന ശ്രമം കൂടി എടുത്തു പറയണം. ഈ ലോക്ഡൗൺ കാലത്ത് നാലു തവണ ഫോൺ വിളിയും മെസേജുമായി അദ്ദേഹം എന്റെ ക്ഷേമമന്വേഷിച്ചു. എനിക്കുറപ്പുണ്ട്,   എല്ലാ നടന്മാരെയും സംവിധായകരെയും സിനിമാ പ്രവർത്തകരെയുമെല്ലാം അദ്ദേഹം വിളിച്ചിട്ടുണ്ടാകും. 

പ്രായത്തിലും സിനിമയിലെ അനുഭവത്തിലും എന്റെ മുതിർന്ന തലമുറയിൽപ്പെട്ടയാളാണു അദ്ദേഹം. എന്നാൽ,  കോളജ് കാലത്തെ ഏറ്റവും അടുത്ത സുഹൃത്തിനോടെന്ന പോലെ സംസാരിക്കാനും ഇടപഴകാനും കഴിയുന്നതു അദ്ദേഹത്തിന്റെ മഹത്വം. ഒരുമിച്ചു കൂടുന്ന സമയങ്ങളിൽ എനിക്കായി ചെമ്മീൻ കറിയും മറ്റു ഇഷ്ട വിഭവങ്ങളും പാചകം ചെയ്യുന്ന നല്ല ആതിഥേയൻ കൂടിയാണു അദ്ദേഹം.  കാപ്പാൻ സിനിമാ ചിത്രീകരണത്തിനിടെ രാത്രി വൈകുവോളം സംസാരിച്ചിരുന്നതു നല്ല ഓർമയാണ്. സമുദ്രകനിയും കൂട്ടിനുണ്ടായിരുന്നു.കഴിഞ്ഞുപോയ സംഭവങ്ങൾ ചാരം പോലെ ഉപേക്ഷിക്കണമെന്നും ഓരോ ദിവസവും പുതിയ തുടക്കമാണെന്നുമായിരുന്നു അന്നത്തെ സംസാരത്തിന്റെ കാതൽ. ഹൃദയവിശാലതയുള്ള ഒരാളിൽ നിന്നു മാത്രം വരുന്ന ചിന്ത. ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ആരോഗ്യവും സന്തോഷവും എക്കാലവും ഒപ്പമുണ്ടാകട്ടെ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...