കൊച്ചുമുറിയിൽ മൂവരും; ചുരുണ്ടുകൂടി ഉറങ്ങി ലാൽ; ‘സത്യാ ഇവൻ സൂപ്പർ സ്റ്റാറായാൽ നമ്മൾ രക്ഷപ്പെട്ടു; ഓർമ

mohanlal-priyan-sathyan
SHARE

ചെന്നൈയിലെ ദാരിദ്യം മുതൽ സന്തോഷത്തിന്റെ മഹാസൗധങ്ങളിൽവരെ ഇവർ മൂന്നുപേരും മുന്നിലും പുറകിലുമായി പരസ്പരം വെളിച്ചം തെളിച്ചു നടന്നു; ഇരുളിൽ വരമ്പത്തു ടോർച്ചടിച്ചു നടക്കുന്നതുപോലെ – മോഹൻലാലും സത്യൻ അന്തിക്കാടും പ്രിയദർശനും. ഒരു ഹൃദയമിടിപ്പു മാറിയാൽപ്പോലും സ്നേഹത്തിന്റെ സ്റ്റെതസ്കോപ്പു കൊണ്ടു തിരിച്ചറിയുന്നവർ. കോവിഡ് കാലത്തിന്റെ വേർപാടിൽ കേരളത്തിലിരുന്നു സത്യൻ അന്തിക്കാടും ചെന്നൈയിലുള്ള  പ്രിയദർശനും മനോരമയ്ക്കു വേണ്ടി വിഡിയോ കോളിൽ സംസാരിച്ചു,  പ്രിയപ്പെട്ട ലാലിനെക്കുറിച്ച്:

പ്രിയദർശൻ: മോഹൻലാൽ എന്ന മനുഷ്യനില്ലെങ്കിൽ പ്രിയദർശൻ എന്ന സംവിധായകനില്ല. എന്നാൽ പ്രിയദർശൻ എന്ന സംവിധായകനില്ലെങ്കിലും മോഹൻലാൽ എന്ന നടനുണ്ടാകുമായിരുന്നു. കയ്യിൽ അതിനുള്ള കോപ്പുണ്ടായിട്ടു കണ്ട സ്വപ്നമല്ല സിനിമ. ഇവനുണ്ടായതുകൊണ്ടു സംഭവിച്ചതാണ്. ഇതു പല തവണ ഞാൻ മക്കളോടും പറഞ്ഞിട്ടുണ്ട്. അവർ കാണുന്നതു അച്ഛന്റെ സുഹൃത്തായി മാത്രമാണ്. അതിലും എത്രയോ ഉയരെയാണെന്നു ഇവനെന്ന് അവരറിയണം.

സത്യൻ അന്തിക്കാട്: എന്റെ ജീവിതത്തിലും രണ്ടു ഘട്ടമുണ്ട്. മോഹൻലാലിനെ കണ്ടതിനു ശേഷമുള്ള സിനിമയും അതിനു മുൻപുള്ള സിനിമയും. ‘അപ്പുണ്ണി’ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കേ ഈ മനുഷ്യനെത്തിയതു എന്റെ സിനിമയിൽ അഭിനയിക്കാൻ മാത്രമല്ല, എന്റെ ജീവിതത്തിലേക്കാണ്. അന്നു ഞാൻ കണ്ടത് അതുവരെ കാണാത്തൊരു വലിയ നടനെയായിരുന്നു. എന്തൊരു മൈന്യൂട്ട് റിയാക്‌ഷൻസ് എന്ന് അറിയാതെ പറഞ്ഞു പോയിട്ടുണ്ട്.

പ്രിയൻ: പലർക്കും വേണ്ടി എഴുതി ചെന്നൈയിൽ ലാലിന്റെ സഹായത്താൽ ജീവിച്ചൊരു കാലമുണ്ടായിരുന്നു. അന്നു ലാൽ എല്ലാ സിനിമയിലും വില്ലനാണ്. എല്ലായിടത്തും കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തും. ഒരിടത്തും രക്ഷപ്പെട്ടില്ല. അങ്ങിനെ അവൻ തന്നെ പറഞ്ഞു, ‘നിന്റെ മനസ്സിലുള്ള സിനിമ ഇവിടെ ഇല്ല. നാട്ടിലേക്കു തിരിച്ചുപോയി ആലോചിക്ക്’. ലാൽ തന്നെയാണു എന്നെ വണ്ടി കയറ്റിയത്. നാട്ടിലെത്തി എഴുതിയ സിനിമയാണ് ‘എങ്ങനെ നീ മറക്കും.’ ലാലിനോടു പറഞ്ഞു, നിന്റെ ഡേറ്റ് കിട്ടിയാൽ എനിക്കൊരു സിനിമയായി എന്ന്. അന്നു നൽകിയ ഡേറ്റിൽ കിട്ടിയ ഹിറ്റാണു പ്രിയദർശനെ ഇവിടെവരെ എത്തിച്ചത്.

സത്യൻ: ചെന്നൈ വുഡ്‌ലാന്റ്സ് ഹോട്ടലിൽ നമ്മൾ മൂന്നുപേരും തിക്കിത്തിരക്കി താമസിക്കുന്ന കാലത്തു കട്ടിലിൽ വളഞ്ഞു കിടന്നുറങ്ങുന്ന ലാലിനെ നോക്കി പ്രിയൻ പറഞ്ഞത് എനിക്കോർമയുണ്ട്. സത്യാ, ഇവനൊരു സൂപ്പർ സ്റ്റാറായാൽ നമ്മൾ രണ്ടുപേരും രക്ഷപ്പെട്ടു.

പ്രിയൻ: ശരിയാണ്. അവനായിരുന്നു നമ്മളുടെ ഏക പ്രതീക്ഷ. അന്നു ലാൽ വില്ലൻ വേഷമായി മാത്രമായി നടക്കുന്ന കാലമാണ്. ആഴ്ചയിൽ നാലു ദിവസവും മമ്മൂട്ടിയോട് ഇടി മേടിക്കും.

സത്യൻ: ‘ ടി.പി.ബാലഗോപാലൻ എംഎ’യോടെ ഈ മനുഷ്യനിൽ ഞാൻ അഡിക്റ്റായിപ്പോയി. മോഹൻലാലിനെ ഓർക്കാതെ ഒരു കഥ എഴുതാനാകാത്ത അവസ്ഥ. ലാലിനു തിരക്കായതോടെ ഞങ്ങൾക്കിടയിൽ ചെറിയൊരു ആശയക്കുഴപ്പമായി.12 വർഷം ലാലില്ലാതെ മറ്റുള്ളവരെവച്ചു സിനിമ ചെയ്തപ്പോഴും , മോഹൻലാൽ ആവശ്യമില്ലാത്ത കഥയെ സിനിമയാക്കിയിട്ടുള്ളു. കഥ ആലോചിക്കുമ്പോൾ ലാലിന്റെ മുഖം മനസ്സിൽ വരാതെ ഞാൻ നോക്കി.

പ്രിയൻ: എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്ത സമയത്തു ഒരു ദിവസംപോലും വിളിക്കാതിരുന്നിട്ടില്ല. ഒന്നു ശാന്തമായപ്പോൾ സിനിമ ചെയ്യാനായി വിളിച്ചു തുടങ്ങി.സത്യത്തിൽ എനിക്കു ശല്യമായി. പലപ്പോഴും ഫോൺ ഓഫ് ചെയ്തു. അയാളെന്നെ വലിച്ചു കൊണ്ടുവരികയായിരുന്നു. അങ്ങിനെയുണ്ടായ സിനിമയാണ് ‘ഒപ്പം’. വീണ്ടും ഒരു ജന്മം കൂടിതന്നു.

സത്യൻ: എന്റെ സെറ്റിലായിരുന്നു ആ സമയത്തു ലാലുണ്ടായിരുന്നത്. ജീവിതത്തിൽ ഒരിക്കൽപ്പോലും ഞാൻ ഇത്രയും പതറിയ ലാലിനെ കണ്ടിട്ടില്ല. തുടർച്ചയായി ഫോൺ ചെയ്യുകയും മുഖം വല്ലാതാകുകയും ചെയ്യുന്നതു ഞാൻ കണ്ടു.

പ്രിയൻ: ഞാനും സത്യനും ശ്രീനിയും ലാലും ജീവിതത്തിൽ ഒരു പാട് അനുഭവിച്ചവരാണ്. അതായിരിക്കും നമ്മളെ ഒരുമിച്ചു നിർത്തിച്ചത്. സിനിമയെക്കാളുപരി നമുക്കു ജീവിതം പരസ്പരം അറിയാമായിരുന്നു.

സത്യൻ: മലയാളി കുടുംബങ്ങളിലേക്കു ലാലിനെ എത്തിച്ചതു നമ്മൾ മൂന്നുപേരുമാണെന്നു പലരും പറയാറുണ്ട്. മോഹൻലാൽ എന്ന നടനുണ്ടായതുകൊണ്ടാണു നമുക്കതിനായത്. ലാൽ നമുക്കു പാലമാകുകയായിരുന്നു. ‘സന്മനസ്സുള്ള‍വർക്കു സമാധാന’ത്തിൽ എനിക്കും ‘കിലുക്ക’ത്തിൽ പ്രിയനും ലാലിനെയുമല്ലാതെ ആരെയെങ്കിലും ആലോചിക്കാനാകുമോ. ശ്രീനിവാസനെപ്പോലുള്ള ഒരാളുടെ മാജിക്കും നമുക്കൊപ്പമുണ്ടായിരുന്നു.

പ്രിയൻ: തിരക്കഥയും കഥയുമില്ലാതെയല്ലേ, സത്യാ അന്നവൻ നമുക്കു ഡേറ്റ് തന്നുകൊണ്ടിരുന്നത്. എത്രയോ തിരക്കഥകൾ എഴുതിയതു സെറ്റിലല്ലേ. ശ്രീനിവാസൻ എന്ന മനുഷ്യനെപ്പോലെ ലാലിനെ സൂക്ഷ്മമായി മനസ്സിലാക്കിയ ആളില്ല. ശ്രീനി പറഞ്ഞിട്ടുണ്ട്, ദാരിദ്ര്യത്തിലെ ഹ്യൂമർ ഇതുപോലെ ചെയ്യാൻ കഴിയുന്ന ഒരാളെ ഒരു ഭാഷയിലും കണ്ടിട്ടില്ല എന്ന്. അതാണു ശ്രീനി മലയാളിക്കു നൽകിയത്.

സത്യൻ: ലാൽ അഭിനയിക്കുമ്പോഴുള്ള ചില നിമിഷങ്ങളിൽനിന്നാണു പലപ്പോഴും അടുത്ത ദിവസത്തെ സീനുകൾ കൂടുതൽ തെളിഞ്ഞു വരുന്നത്. അല്ലാതെ നേരത്തെ എഴുതിവച്ചവയല്ല. ചിരിച്ചു മറിയുന്ന ലാലല്ല ക്യാമറയ്ക്കു മുന്നിലെ ലാൽ.

പ്രിയൻ: ‘മിഥുനം ’ എന്ന സിനിമയിൽ 200 മീറ്റർ ട്രാക്കിൽ എടുക്കുന്ന നീണ്ടൊരു ഷോട്ടുണ്ട്. പെങ്ങളുടെ കല്യാണം മുടങ്ങിയ ശേഷം അച്ഛനെ കാലിൽ വീണു കരയുന്ന ലാലിന്റെ ഷോട്ട്. തിക്കുറിശ്ശി ചേട്ടനും ലാലും ഉച്ചയ്ക്കു മുതൽ ചെവിയിൽ പരസ്പരം സംസാരിച്ചു ചിരിക്കുകയാണ്. വിഷയം നമുക്ക് ഊഹിക്കാവുന്നതെയുള്ളു. രണ്ടു പേജു ഡയലോഗുണ്ട് ലാലിന്, അതു മറച്ചു നോക്കുന്നതല്ലാതെ പഠിക്കുന്നില്ല. ​ഞാൻ ദേഷ്യം പിടിച്ച്, ഒരു ഷോട്ട് വെറുതെ എടുത്തുവയ്ക്കാനായി ആക്‌ഷൻ പറഞ്ഞു. 2 പേജു ഡയലോഗും തെറ്റാതെ പറഞ്ഞ് അവൻ തിക്കുറിശ്ശി ചേട്ടന്റെ കാലിൽ വീണു കരഞ്ഞു. സെറ്റിലെ പലർക്കും കണ്ണു നിറഞ്ഞു. ഞാൻ അടുത്തേക്ക്   ചെന്നപ്പോൾ അവൻ ഏതോ അരഞ്ഞാണത്തെക്കുറിച്ചു പറഞ്ഞു ചേട്ടന്റെ മടിയിൽ തലവച്ചു ചിരിക്കുകയാണ്. അവർ നേരത്തെ പറഞ്ഞു നിർത്തിയതിന്റെ ബാക്കി. എന്തൊരു ജന്മം!

സത്യൻ: വേറെ ആരോ അഭിനയിച്ചതുപോലെ ഈ മനുഷ്യൻ ഷോട്ടിനു ശേഷം നമ്മുടെ അടുത്തേക്ക് തിരിച്ചുവരും. ഇയാൾക്കു പണ്ടു മുതലേ പ്രായത്തെക്കാൾ ഉയർന്ന പക്വതയുണ്ട്. ‘ലാൽ അമേരിക്കയിൽ’ എന്ന സിനിമ ഇടയ്ക്കു മുടങ്ങിപ്പോയി. ഞാൻ അതിൽനിന്നുമാറാൻ തീരുമാനിച്ചു.  അന്നു ലാൽ പറഞ്ഞു, ‘സത്യേട്ടാ നമ്മുടെ 4 മക്കളിൽ ഒരാൾ കേടുവന്നാൽ റോഡിൽ തള്ളില്ലല്ലോ. നമ്മൾ നേരെയാക്കാൻ നോക്കും. സിനിമ നമ്മുടെ മക്കളല്ലേ?’ എന്ന്. ഇന്നും ആ വാക്ക് എന്റെ നെഞ്ചിലുണ്ട്. ശ്രീനിവാസനുമായി തെറ്റിയോ എന്നു അഭിമുഖത്തിൽ ചോദിച്ചയാളോടു ലാൽ പറഞ്ഞു, ‘നിങ്ങൾക്കു ശ്രീനിയുടെ ആ രണ്ടു സിനിമയെ ഓർമയുള്ളു. ഞാൻ ഓർക്കുന്നതു എനിക്കുവേണ്ടി അയാൾ നെഞ്ചുരുകി എഴുതിയ എത്രയോ സിനിമകളാണ്.അതില്ലായിരുന്നുവെങ്കിൽ ഞാനിവിടെ ഇരിക്കില്ലായിരുന്നു.’

പ്രിയൻ: എടാ,പോടാ എന്നൊക്കെയാണെങ്കിലും ഇയാൾ എനിക്കു ഏറെ മുകളിലാണെന്നു മനസ്സിലാക്കിയ ഒരാളാണു ഞാൻ.

സത്യൻ: ലാലിന്റെ ചില ബന്ധങ്ങൾ നമ്മളും കണ്ടു പഠിക്കേണ്ടതാണ്. എന്റെ ‘പട്ടണ പ്രവേശം’ എന്ന സിനിമയുടെ സെറ്റിലാണു ഡ്രൈവറായ ആന്റണി പെരുമ്പാവൂരിനെ ലാൽ കാണുന്നത്. മോഹൻലാലിന്റെ ഹൃദയത്തിലേക്കു ഞാനും പ്രിയനും ശ്രീനിയും കടന്നുവന്നതു പോലെ വന്നയാളാണ് ആന്റണി. ലാലിനെ സാമ്പത്തികമായും കച്ചവടപരമായുമെല്ലാം പുതിയൊരു തലത്തിലെത്തിച്ചതു ആന്റണിയുടെ ബുദ്ധിയും ഊണും ഉറക്കവുമില്ലാത്ത കഠിനാധ്വാനവുമാണ്. 

പ്രിയൻ: ഞാൻ ഇന്നും ലാലിന്റെ ഡ്രൈവറാണെന്ന് അന്തസ്സോടെ ആന്റണി പറയുമ്പോൾ നാം കാണുന്നതു ലാലിന്റെ നന്മയാണ്. 

സത്യൻ: പിറന്നാൾ എന്നതു പ്രായമാണ്. ലാൽ ഒരിക്കൽ എന്നോടു ചോദിച്ചു, ‘ഏതെങ്കിലും മരത്തിന്റെയും മുറ്റത്തെ മുല്ലയുടെയും പ്രായം ആ മരം കാണുമ്പോൾ ചോദിക്കാറുണ്ടോ എന്ന്. അതിനു തണലുണ്ടോ, പൂവുണ്ടോ, സ്വാദുള്ള കായ്കളുണ്ടോ കാതലുണ്ടോ എന്നാണു നോക്കേണ്ടത്’. ലാലിനെ ഓർക്കുമ്പോൾ അതു ശരിയാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...