"ഇതുപോലെ അടുത്തിരുന്നിട്ടും ചിരിച്ചിട്ടും 77 ദിവസങ്ങൾ"; വൈകാരിക കുറിപ്പുമായി സുപ്രിയ

supriya-prithviraj
SHARE

ഷൂട്ടിങ് തിരക്കുകളില്ലാതെ കുടുംബാംഗങ്ങൾക്കൊപ്പം ചെലവിടാൻ കിട്ടിയ ദിവസങ്ങളായിരുന്നു ഭൂരിഭാഗം താരങ്ങൾക്കും ഈ ലോക്ഡൗൺ ദിനങ്ങൾ. എന്നാൽ യുവതാരം പൃഥ്വിരാജിനും കുടുംബത്തിനും നീണ്ട കാത്തിരിപ്പിന്റെ ദിവസങ്ങളാണ് കടന്നു പോകുന്നത്. ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിനായി ജോർദ്ദാനിൽ പോയ പൃഥ്വിരാജിനും സംഘത്തിനും ഇതുവരെ നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല. ചിത്രത്തിനായി പൃഥ്വിരാജ് കേരളത്തിൽ നിന്നു പോയിട്ട് 77 ദിവസങ്ങളായെന്ന് പറയുകയാണ് യുവതാരത്തിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ. വിവാഹത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയും ദൈർഘ്യമേറിയ കാലം പിരിഞ്ഞിരിക്കുന്നതെന്നും വികാരനിർഭരമായ കുറിപ്പിൽ സുപ്രിയ പറഞ്ഞു. 

"2012ലെ ഒരു ഓർമചിത്രം. മോളി ആന്റി റോക്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിനു വേണ്ടി പൃഥ്വി പാലക്കാട് എത്തിയപ്പോൾ. ഇതുപോലെ അടുത്തിരുന്നിട്ടും ചിരിച്ചിട്ടും ഇന്നേക്ക് 77 ദിവസങ്ങളായി. ഇതുവരെയുള്ളിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ പിരിഞ്ഞിരിക്കൽ," സുപ്രിയ സമൂഹമാധ്യമത്തിൽ കുറിച്ചു. മോളി ആന്റി റോക്സിന്റെ ലൊക്കേഷനിൽ വച്ചെടുത്ത ചിത്രവും സുപ്രിയ കുറിപ്പിനൊപ്പം പങ്കുവച്ചു. 

സുപ്രിയയുടെ വികാരനിർഭരമായ വാക്കുകളും ചിത്രവും ആരാധകർ ഏറ്റെടുത്തു. സുപ്രിയയുടേതിന് സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുകയാണെന്നും പ്രതീക്ഷയോടെ കാത്തിരിപ്പ് തുടരേണ്ടതെന്നും നിരവധി പെൺസുഹൃത്തുക്കൾ സുപ്രിയയുടെ പോസ്റ്റിന് മറുപടി എഴുതി. ആരാധകരുടെ ആശ്വാസവാക്കുകൾക്ക് സ്നേഹപൂർവം നന്ദി അറിയിക്കാനും സുപ്രിയ മറന്നില്ല. പൃഥ്വിരാജ് വേഗത്തിൽ തിരിച്ചു വന്നിട്ടു വേണം എമ്പുരാന്റെ ഷൂട്ട് തുടങ്ങാനെന്നായിരുന്നു ഒരു ആരാധകന്റെ രസകരമായ കമന്റ്. പൃഥ്വിക്ക് ഒരു ഇടവേള കൊടുക്കൂ സഹോദരാ എന്നായിരുന്നു അതിന് സുപ്രിയയുടെ മറുപടി.

അതിനിടെ ജോർദ്ദാനിൽ ആടുജീവിതത്തിന്റെ ഷൂട്ട് വീണ്ടും ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. രാജ്യാന്തര വിമാനസർവീസുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാത്തതിനാൽ പൃഥ്വിരാജും സംഘവും എന്നു തിരിച്ചെത്തും എന്നതു വ്യക്തമല്ല. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...