അച്ഛന്‍റെ ഫോട്ടോ നോക്കി ചീത്ത വിളിച്ചു; കണ്ണുനിറയിച്ച് വിജയ് സേതുപതി: വിഡിയോ

vijay-sethupathy-speech
SHARE

വിജയ് ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിൽ വികാരാധീനനായി വിജയ് സേതുപതി. ജീവിതത്തിൽ ആരാണ് മാസ്റ്റർ എന്ന അവതാരകയുടെ ചോദ്യത്തിന് അച്ഛനെക്കുറിച്ചാണ് വിജയ് സേതുപതി പറഞ്ഞത്. വലിയൊരു സദസിനു മുൻപിൽ നിൽക്കാൻ തന്നെ പ്രാപ്തനാക്കിയത് അച്ഛനാണെന്നും വിജയ് സേതുപതി പറഞ്ഞു. വിജയ് സേതുപതിയുടെ വാക്കുകൾ– "വിജയ് ഗുരുനാഥ സേതുപതി– അതാണെന്റെ പേര്. എന്റെ അപ്പ എനിക്കു ഇട്ട പേര് വിജയ് ഗുരുനാഥ സേതുപതി കാളിമുത്തു എന്നാണ്. ജീവിതത്തിൽ എന്റെ മാസ്റ്റർ എന്റെ അപ്പയാണ്."

‘സമ്പാദിക്കുന്ന പണവും നേടിയ അറിവും മുഴുവനായി മക്കൾക്കു ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ അച്ഛനാകും. മക്കൾക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ഒരായിരം കാര്യങ്ങൾ മക്കളോട് ഒരു അച്ഛൻ പറഞ്ഞുകൊണ്ടിരിക്കും. ഏതെങ്കിലും ഒരു കാലത്ത്, പറഞ്ഞ കാര്യങ്ങൾ തുണയായി വരുമെന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്യുന്നത്. ആ അറിവ് അവർക്കുണ്ട്. എന്റെ അപ്പയും ആ അറിവ് എനിക്ക് ഒരുപാടു പകർന്നു തന്നിട്ടുണ്ട്. അതുകൊണ്ടാണ്, ഞാനിപ്പോൾ ഇവിടെ നിൽക്കുന്നത്.’ 

‘അപ്പയുടെ ഫോട്ടോ നോക്കി ഞാൻ ചീത്ത വിളിച്ചിട്ടുണ്ട്... വഴക്കിട്ടുണ്ട്. ഒരിക്കൽ നല്ലപോലെ മദ്യപിച്ച് അപ്പയുടെ ഫോട്ടോ നോക്കി കുറെ ചീത്ത വിളിച്ചു. ഞാൻ നന്നായി ഇരിക്കുന്ന ഈ സമയത്ത് നിങ്ങൾ എങ്ങോട്ടാണ് പോയത്,' എന്നൊക്കെ പറഞ്ഞ് കുറെ ഇമോഷണൽ ആയി. അപ്പയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അപ്പയാണ് എന്റെ മാസ്റ്റർ!"

പുതിയ സിനിമയായ മാസ്റ്ററിൽ പ്രതിനായക വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. എന്നാൽ, ജീവിതത്തിൽ താനെപ്പോഴും നായകനാണെന്ന് തെളിയിക്കുന്നതായിരുന്നു ഓഡിയോ ലോഞ്ചിലെ വിജയ് സേതുപതിയുടെ വാക്കുകൾ. ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചുമുള്ള തന്റെ ശക്തമായ നിലപാടുകൾ അദ്ദേഹം ആരാധകരുമായി പങ്കുവച്ചു. ദൈവത്തെ രക്ഷിക്കാനാണെന്ന് പറഞ്ഞു വരുന്നവരെ വിശ്വസിക്കരുതെന്ന് താരം തുറന്നടിച്ചു. 

‘ദൈവത്തിന് ഒരു സാധാരണ മനുഷ്യനെ രക്ഷിക്കാൻ കഴിയില്ല. ആരെങ്കിലും മതത്തെക്കുറിച്ച് സംസാരിക്കാൻ വന്നാൽ അവരോടു നമ്മൾ വിശ്വസിക്കുന്ന മതത്തിൽ പറയുന്ന കാര്യങ്ങൾ തിരിച്ചു പറയാതെ മനുഷ്യനെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും പറയൂ. ദൈവം മുകളിലാണ് ഇരിക്കുന്നത്. മനുഷ്യനാണ് ഭൂമിയിലുള്ളത്. മനുഷ്യനെ രക്ഷിക്കാൻ മനുഷ്യനേ കഴിയൂ. ഇത് മനുഷ്യർ വാഴുന്ന ഇടമാണ്. നമ്മൾ പരസ്പരം സ്നേഹത്തോടെ, സാഹോദര്യത്തോടെ കഴിയണം. മതം പറഞ്ഞ് ദൈവത്തെ പിടിക്കേണ്ട കാര്യമില്ല. ദൈവത്തിനും മനുഷ്യർക്കും മതം ആവശ്യമില്ല," വിജയ് സേതുപതി അഭിപ്രായപ്പെട്ടു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...