ചന്ദ്രലേഖയിൽ അവസരം ലഭിച്ചു; ചെയ്യാൻ കഴിയാത്തതിൽ ഇപ്പോഴും സങ്കടം: മഞ്ജു

manju-chandralekha
SHARE

സംവിധായകൻ പ്രിയദർശനൊപ്പം സിനിമ ചെയ്യാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടി മഞ്ജു വാര്യർ. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ നിർണായക കഥാപാത്രമായി മഞ്ജു എത്തുന്നുണ്ട്. 

25 വർഷത്തെ സിനിമാജീവിതത്തിനിടയിൽ ഇതാദ്യമായാണ് മഞ്ജു പ്രിയദർശന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്. നേരത്തെ ചന്ദ്രലേഖ എന്ന ചിത്രത്തിൽ അവസരം ലഭിച്ചെങ്കിലും മഞ്ജുവിന് ചെയ്യാൻ സാധിച്ചില്ല. അതേക്കുറിച്ചെല്ലാം മനസ്സുതുറക്കുകയാണ് മഞ്ജു. 

മഞ്ജുവിന്റെ വാക്കുകൾ: 

എന്റെ ബാല്യകാലം വര്‍ണാഭമാക്കിയ സിനിമകളാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്നത്. ചിത്രം, കിലുക്കം പോലുള്ള സിനിമകള്‍, കാലാപാനി അങ്ങനെ അത് ഏത് വിഭാഗത്തില്‍പെട്ട സിനിമകളാണെങ്കിലും അതൊക്കെ പ്രിയപ്പെട്ടതാണ്. പിന്നീട് ഞാന്‍ സിനിമയില്‍ എത്തിയപ്പോഴും പ്രിയദര്‍ശന്‍ സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല.

ചന്ദ്രലേഖ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെങ്കിലും എനിക്ക് അന്ന് അത് ചെയ്യാന്‍ സാധിച്ചില്ല. അതിന്റെ സങ്കടം ഇപ്പോഴുമുണ്ട്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അതിനുള്ള അവസരം കിട്ടിയത് കുഞ്ഞാലിമരയ്ക്കാറിലാണ്. ഞാന്‍ മനസ്സിലാക്കിയത് വച്ച് മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ ചിത്രമാണ് മരയ്ക്കാര്‍. ഈ മഹാപ്രതിഭകള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു.  പ്രഗത്ഭ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. 

സിനിമയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്.  ഈ സിനിമ നമ്മളെ എല്ലാവരെയും അദ്ഭുതപ്പെടുത്തും. നിങ്ങള്‍ക്കൊപ്പം ഈ സിനിമ തിയറ്ററില്‍ പോയി കാണാന്‍ ഏറെ ആകാംക്ഷയോടെ ഞാനും കാത്തിരിക്കുന്നു- മഞ്ജു പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...