വര്‍ഗവിവേചനത്തിന്‍റെ ആഴം; ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അകലം: പാരസൈറ്റ് ഇതാണ്

parasite-10
SHARE

ദക്ഷിണ കൊറിയയിലെ സോള്‍ നഗരത്തില്‍ ജീവിക്കുന്ന മൂന്ന് കുടുംബങ്ങളിലൂടെ വര്‍ഗ്ഗവിവേചനത്തിന്റെയും സാമൂഹിക-സാമ്പത്തിക അസമത്വത്തിന്റെയും രാഷ്ട്രീയം പറയുന്ന സിനിമയാണ് ബോങ് ജൂണ്‍-ഹോ സംവിധാനം ചെയ്ത പാരസൈറ്റ്. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ നേടുന്ന ആദ്യ കൊറിയന്‍ സിനിമ എന്ന പ്രത്യേകതയുമുണ്ട്. 'മെമ്മറീസ് ഓഫ് മര്‍ഡര്‍', 'മദര്‍', 'സ്‌നോപിയേഴ്‌സര്‍' എന്നീ സിനിമകളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംവിധായകനായ ബോങ് ജൂണ്‍-ഹോ -യും, ഹാന്‍ ജിന്‍-വണും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

സിനിമയിലെ മൂന്ന് കുടുംബങ്ങളും മൂന്ന് വര്‍ഗ്ഗത്തെ ആണ് പ്രതിനിധീകരിക്കുന്നത്. സമൂഹത്തിന്റെ ഏറ്റവും മുകള്‍ത്തട്ടിലുള്ള സമ്പന്ന വര്‍ഗത്തിന്റെ പ്രതിനിധികളാണ് പാര്‍ക്ക് കുടുംബം. മൂണ്‍-ഗ്വാങ് ആകട്ടെ സമ്പന്ന വര്‍ഗ്ഗത്തെ സേവിച്ചു കഴിയുന്ന 'സെര്‍വന്റ് ക്ലാസ്' എന്ന് വിളിക്കപ്പെടുന്ന വര്‍ഗ്ഗത്തില്‍ പെടുന്നു. സെമി-ബേസ്മെന്റ് പോലെ മുകളിലോ താഴെയോ അല്ലാതെ ഇതിനിടയില്‍ എവിടെയോ പെട്ട് കിടക്കുകയാണ് കിം കുടുംബം. ഈ മനുഷ്യരിലൂടെയും അവരുടെ ജീവിത സംഘര്‍ഷങ്ങളിലൂടെയുമാണ് 'പാരസൈറ്റ്' സഞ്ചരിക്കുന്നത്.

പണം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരമാണ് ചിത്രത്തില്‍. പുരോഗതിയുടെ പടിക്കു വെളിയില്‍ ഏറ്റവും താഴെത്തട്ടില്‍ അതിജീവനത്തിനായി പാടുപെടുന്നവര്‍. വര്‍ഗ്ഗവിവേചനത്തിന്റെ ആഴം പല സന്ദര്‍ഭങ്ങളിലൂടെയും, ആളുകളുടെ പെരുമാറ്റത്തിലൂടെയും, അവര്‍ കഴിയുന്ന ഇടത്തിലൂടെയും, അവരുടെ അനുഭവങ്ങളിലൂടെയും വായിച്ചെടുക്കാവുന്നതാണ്. യാഥാര്‍ത്ഥ്യത്തിന്‍റെ ഭീകരത കാണിച്ചുതരുന്നു പാരസൈറ്റ്. 

92 വര്‍ഷത്തെ ഓസ്കര്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇംഗ്ലീഷ് ഇതരഭാഷാ ചിത്രം ഓസ്കര്‍ വേദിയില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഒരു ദക്ഷിണകൊറിയന്‍ ചിത്രം  നാലു ഓസ്കര്‍ പുരസ്കാരങ്ങള്‍ നേടുന്നതും ചരിത്രം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...