ഓസ്കാർ വേദിയിലെ ഉറച്ച ശബ്ദമായി താരങ്ങൾ; വ്യക്തമാക്കിയത് തീവ്ര നിലപാടുകളും രാഷ്ട്രീയവും

osacr
SHARE

പരസ്പരമുള്ള പുകഴ്ത്തലുകള്‍ നിറയുന്ന ഓസ്കര്‍വേദിയില്‍ നിന്ന് ഭിന്നമായി തീവ്ര നിലപാടുകളും രാഷ്ട്രീയവും പറയുന്ന ഓസ്കര്‍ വേദിയാണ് ഇന്ന് കണ്ടത്. നടീനടന്‍മാരും അവതാരകരും അണിയറ പ്രവര്‍ത്തകരും ഒരുപോലെ തങ്ങള്‍ക്ക് കിട്ടിയ 45 സെക്കന്‍റുകള്‍ നിലപാടുകള്‍ ഉറക്കെ പറയാന്‍ ഉപയോഗിച്ചു.

സ്ത്രീപുരുഷ സമത്വം, വര്‍ഗീയത, ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സ്വദേശികളുടെയും അവകാശങ്ങള്‍ എന്നിവ പരാമര്‍ശിച്ച് വോക്വിന്‍ ഫീനിക്സ് നടത്തിയ പ്രസംഗമാണ് ഓസ്കര്‍വേദിയെ ഇളക്കിമറിച്ചു.  പ്രസിഡന്റ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് ശ്രമം പരാജയപ്പെട്ടതും പരാമർശ വിഷയമായി. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോൾടന് ഇംപീച്ച്മെന്റ് ഹിയറിങ്ങിൽ ആവശ്യത്തിന് സമയം നൽകാത്തതിനെ ബ്രാഡ്പിറ്റ് പരിഹസിച്ചു. ഓസ്കർ വേദിയിൽ തനിക്ക് ലഭിച്ച 45 സെക്കൻഡ് പോലും ബോൾടന് ലഭിച്ചില്ല. 

അണിയറപ്രവര്‍ത്തകരായ സ്ത്രീകളെ ഓസ്കര്‍ നോമിനേഷനില്‍ തഴഞ്ഞതിനെ അവതാരകരായെത്തിയ സ്റ്റീവ് മാര്‍ട്ടിനും ക്രിസ് റോക്കും കളിയാക്കി. ഗായിക ജാനെല്‍ മൊണേ ഓസ്കറിലെ എല്ലാരും വെള്ളക്കാര്‍ എന്ന ആക്ഷേപത്തെക്കുറിച്ചാണ് പറഞ്ഞത്. ഇത്തവണ അഭിനയത്തിനുള്ള 20 നോമിനേഷനുകളില്‍ ഒന്ന് മാത്രമാണ് കറുത്തവര്‍ഗക്കാരിയായ സിന്ത്യ എറീവോയ്ക്ക് ലഭിച്ചത്. ഓസ്കറില്‍ തഴയപ്പെട്ട സ്ത്രീ സംവിധായികമാരുടെ പേരുകള്‍ സ്വര്‍ണനൂലില്‍ തയ്ച്ചുവച്ച ഗൗണും ധരിച്ചാണ് നടി നതാലീ പോര്‍ട്ട്മാന്‍ വേദിയിലെത്തിയത്.

സഹനടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയ നടി ലോറ ഡേണ്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചപ്പോള്‍ അവതാരകനായെത്തിയ നടന്‍ ജോഷ് ഗാഡ് വിരല്‍ ചൂണ്ടിയത് ട്രംപ് സര്‍ക്കാരിന്‍റെ വീഴ്ചകളിലേക്കാണ്. തൊഴിലാളി വര്‍ഗം നേരിടുന്ന പ്രശ്നങ്ങള്‍ പറഞ്ഞ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വരികള്‍ ഉദ്ധരിച്ചു മികച്ച ഡോക്യുമെന്‍ററിയുടെ സംവിധായികരിലൊരാളായ ജൂലിയ റെയ്ചെര്‍ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...