ആൾക്കൂട്ടത്തിലൊരാളായി സിസ്റ്റർ; വേദിയിലേക്ക് വിളിച്ച് ഉദ്ഘാടനം ചെയ്യിച്ച് മമ്മൂട്ടി; വിഡിയോ

mammootty-sister
SHARE

ഉദ്ഘാടകനായി മമ്മൂട്ടി എത്തി. പക്ഷേ വിളിക്ക് തെളിക്കാൻ അദ്ദേഹം ക്ഷണിച്ചത് ആൾക്കൂട്ടത്തിനിടയിലിരുന്ന ഒരാളെ. ഹൃദയം തൊടുന്ന ആദരത്തിന്റെ കാഴ്ചയാണ് മമ്മൂട്ടി ഒരുക്കിയത്. ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ സിസ്റ്റർ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്. തികഞ്ഞ ആദരവോടെ സംഘാടകർ താരത്തെ വേദിയിലേക്ക് ആനയിച്ചു. മമ്മൂട്ടിയെ അടുത്ത് കണ്ട സന്തോഷത്തിലായിരുന്നു സദസ്സിലുണ്ടായിരുന്ന സിസ്റ്റർ ഡോ. ലില്ലിയാൻ തെക്കൂടൻ.

ഉദ്ഘാടനത്തിന് സമയമായപ്പോൾ മമ്മൂട്ടി സിസ്റ്ററെ വേദിയിലേക്ക് വിളിച്ചു. നിലവിളക്ക് തെളിയിക്കാൻ പറഞ്ഞു. അതിെനാരു കാരണം കൂടിയുണ്ട്. താരത്തെ സ്വാഗതം ചെയ്ത് പ്രസംഗിച്ച എസ്ഡിഎഫ്ഐ പ്രസിഡന്റ് സിസ്റ്റർ ഡോ. ബീന മാധവത്താണ് സിസ്റ്ററെ കുറിച്ച് പറഞ്ഞത്. 26 വർഷം മുൻപ് ആരംഭിച്ച സംഘടനയുടെ സ്ഥാപക പ്രസിഡന്റ് സിസ്റ്റർ ഡോ. ലില്ലിയാൻ താഴെ സദസ്സിൽ ഇരിപ്പുണ്ടെന്നായിരുന്നു ആ വാക്കുകൾ.

ഇതു ശ്രദ്ധിച്ച മമ്മൂട്ടി വിളക്കു തെളിക്കാൻ സമയമായപ്പോൾ സിസ്റ്ററെ വേദിയിലേക്കു ക്ഷണിക്കുകയായിരുന്നു, തന്നോടൊപ്പം ഉദ്ഘാടനത്തിൽ പങ്കാളിയാകാൻ. തിരിച്ചു പോകുമ്പോൾ സിസ്റ്ററിന്റെ സീറ്റിനടുത്തെത്തി സ്നേഹാന്വേഷണം നടത്താനും മറന്നില്ല. ഈ സ്നേഹനിമിഷത്തിന്റെ വിഡിയോ മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റോബർട്ട് കുര്യാക്കോസ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. 

റോബർട്ടിന്റെ വാക്കുകൾ: മമ്മൂട്ടി എന്ന മനുഷ്യന്റെ വ്യക്തിത്വവും അന്തസ്സും അറിവും തിരിച്ചറിയാൻ ഈ വിഡിയോ ഒന്ന് കണ്ട് നോക്കിയാൽ മതിയാവും. ഇന്ത്യയിലെ സന്യാസിനിമാരായ ഡോക്ടർമാരുടെ മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം ആലുവയിലെ പ്രശസ്തമായ രാജഗിരി ആശുപത്രിയിൽ എത്തുന്നത്. സ്വാഗതപ്രസംഗ വേളയിൽ അദ്ദേഹത്തിന് മനസ്സിലായി ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക ഡോ. സിസ്റ്റർ ലില്ലി തൈക്കൂടൻ വേദിയിൽ വരാതെ, കാഴ്ച്ചക്കാരുടെ കൂട്ടത്തിൽ ആണ് ഇരിക്കുന്നതെന്ന്. ഉദ്ഘാടനം ചെയ്യേണ്ട സമയത്തു അദ്ദേഹം ഒട്ടും മടിച്ചില്ല ആ വന്ദ്യ സിസ്റ്ററെ സ്റ്റേജിലേക്ക് വിളിച്ചു, തനിക്കു പകരം തിരി കൊളുത്തിച്ചു !! 

മാത്രമോ, ഈ ക്രൈസ്തവ സന്ന്യാസിനിമാരുടെ നന്മകൾ ഓരോന്നായി അക്കമിട്ട് പറഞ്ഞ്, മലയാളികൾ അല്ലാത്തവർ കൂടി മനസ്സിലാക്കാൻ ഇംഗ്ലിഷിൽ ഒരു തകർപ്പൻ പ്രസംഗവും !!! പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ സിസ്റ്റർ ലില്ലിയെ ഇരിപ്പിടത്തിൽ പോയി കണ്ട് യാത്ര ചോദിച്ചു, അനുഗ്രഹവും വാങ്ങി മടങ്ങുന്ന മമ്മൂക്കയെ അദ്ഭുതത്തോടെ നോക്കി നിൽക്കുന്ന ആയിരങ്ങൾ...ഇതൊന്നും കാണാതെ "മമ്മൂട്ടി " വന്നു എന്ന് കേട്ടു ഓടി വന്ന ആരോ ഒരാൾ അപ്പോൾ പറഞ്ഞുവത്രേ " മമ്മൂട്ടി അല്ലേ.. എന്നാ ജാഡയാ, അല്ലേ?? "

ബെംഗളൂരു വിവേക് നഗറിൽ ഗൈനക്കോളജിസ്റ്റാണ് എൺപത്തൊന്നുകാരിയായ സിസ്റ്റർ ലില്ലിയാൻ. ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശി. ജെഎംജെ സന്യാസിനി സഭാംഗം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...