രാക്ഷസൻ മാത്രം ജയിച്ചു; ജീവിതം പരാജയം; മദ്യപാനത്തിനും വിഷാദരേഗത്തിനും അടിമയായി; വിഷ്ണു വിശാൽ

vishnu-vishal
SHARE

"ആ കാലത്ത് രാക്ഷസൻ മാത്രമേ വിജയിച്ചുള്ളൂ, ബാക്കിയെല്ലാം പരാജയമായിരുന്നു"- കടന്നുപോയ ജീവിതത്തെക്കുറിച്ച് സുദീർഘമായ കുറിപ്പെഴുതി വിഷ്ണു വിശാൽ. രാക്ഷസൻ എന്ന ഒറ്റച്ചിത്രം കൊണ്ട് തരംഗമായി മാറിയ നടനാണ് വിഷണു. എന്നാൽ വലിയ വിജയത്തിനിടയ്ക്കും ജീവിതത്തിലെ പ്രതിസന്ധികൾ തന്നെ വിഷാദത്തിലേക്കും മദ്യപാനത്തിലേക്കും തള്ളിയിട്ടെന്ന് തുറന്നെഴുതിയിരിക്കുകയാണ് വിഷ്ണു വിശാൽ. കുറിപ്പ് ഇങ്ങനെ;

എന്റെ ജീവിതത്തിൽ സംഭവിച്ച 'വാരണം ആയിരത്തെ'ക്കുറിച്ചാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. എന്റെ കുറിപ്പ് അൽപം ദീർഘമായെന്ന് അറിയാം. എങ്കിലും എനിക്കിത് എഴുതാതിരിക്കാനാവില്ല. രാക്ഷസന്റെ വിജയത്തോടെ എന്റെ കരിയർ നന്നായി. എന്നാൽ ആ സമയത്ത് എന്റെ വ്യക്തിജീവിതം തകർച്ചയുടെ വക്കിലായിരുന്നു. 11 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് 2017ൽ ഞാനും ഭാര്യയും വേർപിരിഞ്ഞു. എന്റെ മകന് ഏതാനും മാസങ്ങൾ മാത്രമായിരുന്നു പ്രായം. അവന്റെ അഭാവം എന്നെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. വേർപിരിയൽ എന്നെ അവനിൽ നിന്നും അകറ്റുകയായിരുന്നു. മാനസികാമായി ഞാൻ തകർന്നു. രാവും പകലും മദ്യപാനത്തിൽ അഭയം തേടി. വിഷാദത്തിന്റെ കയത്തിലേക്ക് വീണു. ഉറക്കം പോലും നഷ്ടപ്പെട്ട ഞാൻ രോഗിയായി. ഇതിന്റെ ഇടയ്ക്ക് എനിക്കൊരു ശസ്ത്രക്രിയയും വേണ്ടി വന്നു.

വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ ജോലിയേയും ബാധിച്ചു. എന്റെ സിനിമകൾ സമയത്തിന് പുറത്തിറങ്ങിയില്ല. എന്റെ നിർമാണ കമ്പനി ഏറ്റെടുത്ത ചിത്രം 21 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം മുടങ്ങി. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ് കിടപ്പിലായി. ഒരു മാസം കൊണ്ട് എന്റെ ഭാരം 11 കിലോയായി വർധിച്ചു. ആരോഗ്യം പോലും കൈമോശം വരുന്ന അവസ്ഥയായി. രാക്ഷസൻ മാത്രമാണ് ആ കാലത്ത് വിജയമായത്. ബാക്കിയെല്ലാം നഷ്ടങ്ങൾ മാത്രമായിരുന്നു.

എന്റെ അച്ഛൻ ജോലിയിൽ നിന്ന് വിരമിച്ചത് പോലും ഞാൻ അറിഞ്ഞില്ല. എന്റെ ജീവിതത്തിന്റെ കടിഞ്ഞാൺ നഷ്ടമായി. അത് തിരികെ പിടിക്കാതെ രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞു. അതിനായി ആദ്യം വിഷാദരോഗത്തിന് ചികിത്സ തേടി. മാനസികാരോഗ്യം വീണ്ടെടുത്ത ഞാൻ ശാരീരികാരോഗ്യം വീണ്ടെടുക്കാനായി ട്രെയിനറുടെ കീഴിൽ ജിമ്മിൽ ചേർന്നു. മദ്യപാനം കുറച്ചു, യോഗ പരിശീലിച്ചു. നെഗറ്റീവായുള്ള ചിന്തകളിൽ നിന്നും വ്യക്തികളിൽ നിന്നും അകലം പാലിച്ചു. അത്തരക്കാരെ സമൂഹമാധ്യമത്തിൽ ബ്ലോക്ക് ചെയ്തു. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവിട്ടു.

പരുക്കേറ്റ ശേഷം ആറുമാസം ജിമ്മിൽ പോകരുതെന്ന് ഡോക്ടറുമാർ പറഞ്ഞിരുന്നു. എന്നാൽ അത്രയും കാലം എനിക്ക് വെറുതെയിരിക്കാനാകുമായിരുന്നില്ല. കൃത്യമായി ജിമ്മിൽ പോയി. ആദ്യ ദിനം ഒരു പുഷ്അപ്പ് പോലുമെടുക്കാൻ സാധിച്ചില്ല. എന്നാൽ ആറുമാസത്തിനിപ്പുറം 16 കിലോയോളം കുറച്ചു. ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും ഞാൻ വീണ്ടെടുത്തു. ഒരുപാടുകൾ നിങ്ങളെ തകർക്കാൻ നോക്കും. എന്നാൽ അവരെ അഗണിച്ച് മുന്നേറുക. സന്തോഷത്തോടെയിരിക്കുക. – വിഷ്ണു വിശാൽ കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...