സ്കൂൾ ഫീസുമായി ഒളിച്ചോട്ടം; ടിക്കറ്റ് കളഞ്ഞു; മദ്രാസിൽ പിടിച്ചു; രജനിയുടെ ആദ്യ തമിഴ് യാത്ര

rajini-first-tn-trip
SHARE

തമിഴ്നാട്ടിൽ ജനിച്ചുവളരാത്ത രജനികാന്ത് ഇന്ന് തമിഴകത്തിന്റെ എല്ലാമെല്ലാമാണ്. പലപ്പോഴും ആരാധകർ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്. രജനികാന്ത് എന്നാണ് ആദ്യമായി തമിഴ്നാട്ടിലെത്തിയത്. ഇൗ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് താരം. ദർബാർ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് രജനി ആദ്യമായി തമിഴ്നാട് എത്തിയ സംഭവം പറയുന്നത്. 

‘എസ്എസ്എൽസി കഴിഞ്ഞു നിൽക്കുന്ന സമയം. എനിക്ക് പഠിക്കാൻ അത്ര താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ എന്റെ അണ്ണന് എന്നെ പഠിപ്പിക്കണം എന്നായിരുന്നു മോഹം. തുടർപഠനത്തിനുള്ള സൗകര്യവും അദ്ദേഹം ചെയ്തു. എനിക്ക് എന്തെങ്കിലും ജോലിക്ക് പോകണം എന്നൊക്കെ തോന്നിയിരിക്കുന്ന സമയമാണ്. അങ്ങനെയിരിക്കെ സ്കൂളിൽ പരീക്ഷാഫീസ് നൽകാൻ 160 രൂപ അദ്ദേഹം എന്നെ ഏൽപ്പിച്ചു. എനിക്ക് നന്നായി അറിയാം പരീക്ഷ ഞാൻ തോൽക്കും. ഇൗ പണം വെറുതെ പോകും. 

അന്ന് രാത്രി ഞാൻ ഭക്ഷണം കഴിച്ച ശേഷം ആരോടും പറയാതെ വീടുവിട്ടിറങ്ങി. ബെംഗളൂരു സെൻട്രൽ സ്റ്റേഷനിലെത്തി. അപ്പോൾ ഒരു ട്രെയിൻ അവിടെ കിടപ്പുണ്ട്. ഇൗ ട്രെയിൻ എങ്ങോട്ടാണെന്ന് തിരക്കി. തമിഴ്നാട്ടിലേക്കാണ് മദ്രാസിലേക്കാണെന്ന് മറുപടി ലഭിച്ചു. സ്കൂളിൽ കൊടുക്കാൻ അണ്ണൻ തന്ന പണം കയ്യിലുണ്ട്. അതുകൊണ്ട് ടിക്കറ്റെടുത്ത് ട്രെയിനിൽ കയറി. പിറ്റേന്ന് പുലർച്ചെ മദ്രാസിലെത്തി. അപ്പോഴാണ് പ്രശ്നം.

പോക്കറ്റിൽ ടിക്കറ്റ് കാണുന്നില്ല. സ്റ്റേഷനിൽ പരിശോധന നടക്കുന്നുണ്ട്. എന്നോട്ട് ഓഫിസർ ടിക്കറ്റ് ചോദിച്ചു. ഞാൻ പറഞ്ഞു. ടിക്കറ്റ് കളഞ്ഞുപോയെന്ന്. പക്ഷേ അതു ആ ഓഫിസർ വിശ്വസിച്ചില്ല. അദ്ദേഹം എന്നെ ഒരു വശത്തേക്ക് മാറ്റി നിർത്തി. ഞാൻ ആവർത്തിച്ച് പറയുന്നുണ്ട്. ടിക്കറ്റ് എടുത്തിരുന്നു കളഞ്ഞുപോയതാണെന്ന്. എന്റെ സങ്കടം കണ്ട് അവിടെ ഉണ്ടായിരുന്നു രണ്ട് റയിൽവെ പോർട്ടർമാർ വന്നു. അവർ ഉദ്യോഗസ്ഥനോട് ചോദിച്ചു. സാർ ഇൗ പയ്യനെ വിടൂ. അവൻ ടിക്കറ്റെടുത്തെന്ന് അല്ലേ പറയുന്നത്. ഇനി നിങ്ങൾക്ക് അവനെ ജയിലിൽ കയറ്റാനാണോ. അതു വേണ്ട. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് എത്രയാണ് പിഴ എന്നുവച്ചാ ഞങ്ങൾ തരാം. ഇൗ പയ്യനെ വിട്ടേക്കൂ എന്ന് അവർ പറഞ്ഞു.

അപ്പോൾ ഞാൻ ഉദ്യോഗസ്ഥനോട് പറഞ്ഞു. ‘സാർ പിഴ അടയ്ക്കാനുള്ള പണം എന്റെ കയ്യിലുണ്ട്. പക്ഷേ ഞാൻ ടിക്കറ്റെടുത്തതാ.. സത്യം’. പോക്കറ്റിൽ ബാക്കിയുണ്ടായിരുന്ന പണം എടുത്തുകാണിച്ച് ഞാൻ പറഞ്ഞു. കുറച്ച് നേരം എന്നെ നോക്കിയിട്ട് ആ ഉദ്യോഗസ്ഥൻ പറഞ്ഞു. ‘പൊയ്ക്കോ..’ അദ്ദേഹമാണ് എന്നെ തമിഴ്മണ്ണിലേക്ക് കാലുകുത്താൻ അനുവദിച്ചത്. പിന്നെ രക്ഷയ്ക്കായി എത്തിയ ആ കൂലികളും..’ രജനി പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...