കൃഷിയാണ് ഉയിർ; ഇനി അൽപം 'അഭിനയിക്കാം'; വെറ്റിനറി ഡോക്ടറുടെ 'പ്രണയം'

കാർഷിക പരിപാടികളിൽ അവതാരകനായും മൃഗസംരക്ഷകനായും അങ്ങനെ കൃഷിയെ പരിപോഷിപ്പിക്കാൻ അവസരം ലഭിക്കുന്നിടത്തൊക്കെ അദ്ദേഹമുണ്ടാവും. കൃഷി ഉയിരായി കൊണ്ട് നടക്കുന്ന ഡോക്ടർ ഷൈൻ‍. വെറ്റിനറി ഡോക്ടറായി കരിയർ ആരംഭിച്ച് ഡോ. ഷൈൻ മൃഗസംരക്ഷണവും കൃഷിയും എല്ലാം നെഞ്ചിലേറ്റിയാണ് കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്നത്. 

കേരള മൃഗസംരക്ഷണ വകുപ്പിലെ അസിസ്റ്റൻറ് ഡയറക്ടറായ ഡോക്ടർ തൻറെ പാഷനും പ്രഫഷനുമെല്ലാം ഒരേ പോലെ മുന്നോട്ട് കൊണ്ട് പോകുന്നു. ഇപ്പോളിതാ നിസാം ബഷീർ സംവിധാനം ചെയ്ത 'കെട്ട്വോളാണ് എൻറെ മാലാഖ' എന്ന ചിത്രത്തില്‍ അഭിനയത്തിലേക്കുള്ള അരങ്ങേറ്റവും കുറിച്ചിരിക്കുകയാണ് ഈ ഡോക്ടർ. തൻറെ വ്യത്യസ്ത 'പ്രണയങ്ങളെ' കുറിച്ച് മനോരമ ന്യൂസ് ഡോട്കോമിനോട് മനസ്സ് തുറക്കുകയാണ് ഡോക്ടർ ഷൈൻ.

കൃഷി, അവതരണം, അഭിനയം...

കൃഷിയുടെ ഒരു ഭാഗം തന്നെയാണ് മൃഗസംരക്ഷണം ഒരിക്കലും രണ്ടും വേർതിരിച്ച് കാണാൻ ആവില്ല. മൃഗസംരക്ഷണത്തോടുള്ള താത്പര്യത്തിൽ കരിയർ ആരംഭിച്ച് പതിയെ കൃഷിയെ അടുത്തറിയുകയായിരുന്നു. പിന്നീടാണ് പത്രപ്രവർത്തനത്തില്‍ താൽപര്യമുണ്ടായിയത്. അങ്ങനെ ഹൈദ്രാബാദിൽ നിന്ന് മാസ് മീഡിയയിൽ ഡിപ്ലോമ സ്വന്തമാക്കി. 2004 മുതലാണ് ദൂരദർശനിലുൾപ്പെടെ കാർഷിക പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങിയത്. അങ്ങനെ രണ്ട് പാഷനുകളും ഒന്നിച്ച് കൊണ്ടുപോയി. ഇപ്പോൾ അഭിനയത്തിലേക്കും. 

സിനിമയിലേക്കുള്ള അരങ്ങേറ്റം

സിനിമയിൽ എത്തിപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ല. അവതരണമായിരുന്നു എനിക്കറിയാവുന്നത്. അഭിനയം ശരിയാകുമെന്ന് ഒരിക്കലും കരുതിയതല്ല.   'കെട്ട്വോളാണ് എൻറെ മാലാഖ'യിലേക്ക് എത്തിയത് തിരക്കഥാകൃത്ത് അജി പീറ്റർ തങ്കം വഴിയാണ് . ഇടുക്കിക്കാരനായ അദ്ദേഹം നല്ലൊരു കർഷകൻ കൂടിയാണ്. അങ്ങനെ മുൻപ് തന്നെ സൗഹൃദം ഉണ്ടായിരുന്നു. 

എനിക്ക് ചേർന്നൊരു വേഷം എഴുതിയപ്പോൾ ഞാനും സിനിമയിൽ എത്തി എന്ന് തന്നെ പറയാം. കൃഷി പ്രമേയമാക്കിയുള്ള ചിത്രമായതിനാൽ ഒരുപാട് സന്തോഷം. ഈ പാഷനുകളോടെല്ലാം വലിയ പ്രണയമായതിനാൽ എല്ലാത്തിനും സമയം കണ്ടെത്താനും കഴിയുന്നുണ്ട്.

ആദ്യ അഭിനയ അനുഭവം 

അവതരണവും അഭിനയവും തമ്മിൽ ഒരുപാട് അകലം ഉണ്ടെങ്കിലും സിനിമയിലും ഞാൻ ഒരു അവതാരകനായി തന്നെയാണ് എത്തുന്നത്. അതിനാൽ അഭിനയിക്കുന്നതായേ തോന്നിയിരുന്നില്ല. ഈ ചിത്രം സാധാരണക്കാരുടെ ജീവിതത്തോട് ഒരുപാട് ചേർന്ന് നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ  അഭിനയിക്കേണ്ടി വന്നില്ല. മാത്രമല്ല സംവിധായകൻ നിസാം ബഷീർ നല്ല പിൻതുണ നൽകി

ആസിഫലിയെ കുറിച്ച്

ആസിഫലിക്ക് എന്നെ മുൻപ് പ്രോഗ്രാമുകളിൽ കണ്ട് പരിചയമുണ്ടെന്ന് കണ്ടപ്പോഴേ പറഞ്ഞത് സന്തോഷമായി. വളരെ സാധാരണക്കാരനായ സ്വീവച്ചൻ എന്ന കർഷകനായാണ് ആസിഫ് എത്തുന്നത്. കഥാപാത്രത്തിന് ഇണങ്ങും വിധം നടപ്പും ഇരിപ്പും എല്ലാം. ഇടക്കിടയ്ക്ക് കണ്ണാടിയിൽ നോക്കുകയോ ടച്ച് ചെയ്യുകയോ ഒന്നും ചെയ്തിരുന്നില്ല. 

ഡയലോഗിലെ തിരുത്തലും കയ്യടിയും

സംവിധായകന്‍റെ സമ്മതത്തോടെ എൻറെ ഡയലോഗുകളിൽ ഞാൻ ഒരൽപം മാറ്റങ്ങളൊക്കെ വരുത്തിയിരുന്നു.  എൻറേതായ ശൈലിയിൽ ആയപ്പോൾ സിനിമയ്ക്ക് വേണ്ടിയാണെന്ന് പോലും തോന്നിയില്ല. ഷോട്ടെടുത്ത് കഴിഞ്ഞതും ആസിഫും സൈറ്റിലുള്ളവരും എല്ലാം ചേർന്ന് കൈയ്യടിച്ചത് മനസ്സിന് ഒരുപാട് സന്തോഷം നൽകി. അതൊരു അംഗീകാരമായി തന്നെ കരുതുന്നു.

ഇനി സിനിമകൾ

'കെട്ട്വോളാണ് എന്‍റെ മാലാഖ' റിലീസ് ചെയ്തതിന് ശേഷം രണ്ട് ചിത്രങ്ങളില്‍ നിന്ന് കൂടി അവസരം ലഭിച്ചിട്ടുണ്ട്. ബാങ്കുദ്യോഗസ്ഥയായ ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് എൻറെ കുടുംബം. അവരിൽ നിന്നും നല്ല പിൻതുണയാണ്. സിനിമ കണ്ടതിന് ശേഷം സുഹൃത്തുക്കവും നല്ല അഭിപ്രായം പറഞ്ഞു. കുടുംബവുമൊത്താണ് ചിത്രം കണ്ടത്. എല്ലാവരും പിൻതുണ നൽകുമ്പോൾ ഇനിയും നല്ല വേഷങ്ങൾ ചെയ്യണമെന്നുണ്ട്.