‘കണ്ണാ വാങ്കെ’; പ്രണവിനെ വീട്ടിലേക്ക് ക്ഷണിച്ച് രജനി; ഒപ്പം വെള്ളികെട്ടിയ സമ്മാനവും; അഭിമുഖം

pranav-rajini-meet
SHARE

‘കണ്ണാ വാങ്കെ..വാങ്കെ..’ ലോക സിനിമയെ മയക്കിയ ആ കാന്തക്കണ്ണുകൾ െകാണ്ട് പ്രണവിനെ നോക്കി അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ വലിയ ആഗ്രഹം അതാ കൺമുന്നിൽ ചിരിച്ച് നിൽക്കുന്നു. ‘സാർ, ഇൗ ചിരി ബാഷ സിനിമയിലേത് പോലെ തന്നെ.. ഇൗ വാക്കുകൾ കേട്ടതും രജനിയുടെ പ്രസിദ്ധമായ ആ ചിരി ഒന്നൂടെ ഉയർന്നുതാണു..’ കേരളം നെഞ്ചേറ്റിയ പ്രണവിനെ കുറിച്ച് കേട്ടറിഞ്ഞ് ആ കലാകാരനെ നേരിട്ട് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയിരിക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത്.

ദിവസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രണവ് നടത്തിയ കൂടിക്കാഴ്ച വലിയ വാർത്തയായിരുന്നു. ഇത് തമിഴകത്തും വലിയ ചർച്ചയായി. ഇതിന് പിന്നാലെയാണ് കുട്ടിക്കാലം മുതൽ കാണാൻ ആഗ്രഹിച്ച  മനുഷ്യൻ നേരിട്ട് വീട്ടിലേക്ക് ക്ഷണിച്ചത്. ആ അനുഭവത്തെ കുറിച്ച് പ്രണവിന്റെ അച്ഛൻ ബാലസുബ്രഹ്മണ്യൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

‘ഞങ്ങൾ ഇപ്പോൾ ചെന്നൈ റയിൽവെ സ്റ്റേഷനിലാണ്. അൽപം നേരത്തിനുള്ളിൽ ട്രെയിൻ വരും. നാലുപേരെയാണ് ഞങ്ങളെ യാത്രയാക്കാൻ രജനി സാർ അയച്ചിരിക്കുന്നത്. മറക്കാനാവാത്ത ദിവസമാണ് ഇന്ന്. അവന്റെ വലിയ മോഹം നടന്ന ദിവസം. കുട്ടിക്കാലം മുതൽ അവൻ രജനികാന്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തെ കാണണം എന്ന മോഹം പലപ്പോഴും അവൻ പറയും. എന്നാൽ അതിങ്ങനെ നടക്കുമെന്ന് ഞങ്ങൾ ആരും കരുതിയില്ല.

കേരളത്തിൽ നിന്നും ഞങ്ങളെ ഇവിടെ എത്തിച്ചു. ഹോട്ടലിൽ താമസിപ്പിച്ചു. ഇപ്പോൾ തിരിച്ചുപോകാനുള്ള ട്രെയിൻ ടിക്കറ്റ് അടക്കം അദ്ദേഹം എടുത്തുതന്നു. നാലുപേരെ ഞങ്ങളെ സുരക്ഷയ്ക്കായി ഒപ്പം അയച്ചു. അഞ്ചുപൈസ പോലും എന്റെ പോക്കറ്റിൽ നിന്നും ചെലവാക്കേണ്ടി വന്നില്ല. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രജനി സാറിനെ കാണണം എന്ന മോഹം അവൻ പറഞ്ഞത്. ഇതേ പറ്റി മാഗസിൻ വായിച്ചപ്പോൾ രജനി സാർ അറിഞ്ഞു. പിന്നാലെ ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് ഫോൺവിളി എത്തി. പോയസ് ഗാർഡനിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ 25 മിനിറ്റോളം അദ്ദേഹം ഇന്ന് പ്രണവിനൊപ്പം ചെലവഴിച്ചു.

സിനിമയിൽ കാണുന്ന ചിരിയും വർത്തമാനങ്ങളുമൊക്കെയാണ് അദ്ദേഹത്തിന്. വളരെ നല്ല മനുഷ്യൻ. രജനി സാറിന് സമ്മാനിക്കാൻ പ്രണവ് ഒരു ചിത്രം വരച്ചിരുന്നു. അതും അദ്ദേഹത്തിന് സമ്മാനിച്ചു. എന്റെ സിനിമകൾ കാണാറുണ്ടോയെന്നും ഏതാണ് ഇഷ്ടപ്പെട്ട സിനിമ എന്നും അവനോട് അദ്ദേഹം ചോദിച്ചു. ബാഷയാണ് ഇഷ്ട സിനിമ എന്ന് അവൻ മറുപടി പറഞ്ഞു. ജീവിതത്തിൽ എന്താവശ്യം വന്നാലും അറിയിക്കണമെന്ന് പറഞ്ഞാണ് അദ്ദേഹം യാത്രയാക്കിയത്. പോകാൻ നേരം ഒരു പെട്ടി നിറയെ മിഠായികളും വെള്ളിയിൽ പൊതിഞ്ഞ ബാബാജിയുടെ ഒരു ചിത്രവും അദ്ദേഹം പ്രണവിന് സമ്മാനിച്ചു.’ നിറഞ്ഞ സന്തോഷത്തോടെ പ്രണവിന്റെ അച്ഛൻ പറഞ്ഞു നിർത്തിയപ്പോഴേക്കും ട്രെയിനും എത്തിക്കഴിഞ്ഞിരുന്നു.  

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...