‘കമാൻഡോ ത്രീ’ ബോളിവുഡില്‍ കാശു വാരുമ്പോള്‍ ചിരിക്കുന്ന മ‌ലയാളി: അഭിമുഖം

daris-web
SHARE

കോഴിക്കോട്ടെ കുന്ദമംഗലത്ത് നിന്നും സിനിമാ സ്വപ്നങ്ങളുമായി ഡാരിസ് മുംബൈയ്ക്ക് വണ്ടി കയറിയത് വെറുതെയായില്ല. ആദിത്യ ദത്ത് സംവിധാനത്തിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം കമാൻഡോ 3യുടെ തിരക്കഥ നിർവഹിച്ചത് ഈ കുന്ദമംഗത്തുകാരനാണ്. 

മലയാളികൾക്കാകമാനം അഭിമാനമാകാൻ പോകുന്ന പേരാണ് ഡാരിസ് യാർമിൽ. അക്കാദമിക് കാലത്ത് സ്കൂളിൽ എന്നും ഒന്നാമനായ ഡാരിസിന്റെ ലോകം സിനിമയാകുമെന്ന് ആരും അറിഞ്ഞില്ല. എസ്എസ്എൽസി പാസ്ഔട്ട് ആയ കാലത്ത് ലോക ക്ലാസിക് സിനിമകളെല്ലാം കാണുകയും നിരീക്ഷിക്കുകയും ചെയ്ത ഡാരിസ് ഉറപ്പിച്ചിരുന്നു തന്റെ ലോകം സിനിമയെന്ന്. അതിനായുളള പരിശ്രമങ്ങളായിരുന്നു പിന്നീട്. 

ദേവഗിരി കോളേജിൽ സാഹിത്യത്തിൽ ബിരുദം. കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ബിരുദാനന്തര ബിരുദകാലത്ത് പുസ്തകവും സിനിമയും ചേർന്ന് സിനിമാ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചു. ലോക ക്ലാസിക്കുകളെ കൂടുതലറിഞ്ഞ ആ കാലത്ത് ദേവഗിരി കോളേജിലെ ലിറ്ററേച്ചർ ഡിപ്പാർട്മെന്റിലെ ഡോ സലിൽ വർമയും ഡാരിസും മറ്റ് മൂന്ന് സുഹൃത്തുക്കളും ചേർന്ന് ദേവഗിരി ഫിലിം ക്ലബ്ബ് രൂപീകരിച്ചു.പിന്നീട് ഈ ക്ലബ്ബിന് ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരം വരെ നേടി. ഈ അംഗീകാരം നേടിയ ഏക കോളേജ് ഫിലിം ക്ലബ്ബ് കൂടിയായിരുന്നു അന്ന് ഡിഎഫ്സി.

പിജി കഴിഞ്ഞ് മുംബൈയിലെ വിസിലിങ് വുഡ് ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യട്ടിൽ നിന്ന് സിനിമാ സംവിധാനവും തിരക്കഥയും പഠിച്ചു. ഇന്ത്യൻ സിനിമയുടെ തലസ്ഥാന നഗരിയിലെ ആ പഠന കാലം ഡാരിസിന്റെ സ്വപ്നങ്ങൾക്ക് ശക്തി പകർന്നു. അന്നത്തെ അനുഭവ കാലം സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഡാരിസിനെ കൊണ്ടെത്തിച്ചു. 

കുറച്ചു കാലം സഹസംവിധായകനായി ജോലി ചെയ്തെങ്കിലും കർമ മണ്ഡലം തിരക്കഥയാണെന്ന തിരിച്ചറിവ് നേടി. യഷ് രാജ് ഫിലിംസിലെ ഹബി ഫൈസലിനൊപ്പം ആദ്യമായി തിരക്കഥയെഴുതി. അതിനിടെയാണ് കമാൻഡോ 3 യുടെ നിർമാതാവായ വിപുൽഷായുടെ പ്രൊഡക്ഷൻ ഹൗസായ സൺഷൈൻ പിക്ചേഴ്സിനൊപ്പം സഹകരിക്കാൻ അവസരം ലഭിച്ചത്. അങ്ങനെ ഈ കുന്ദമംഗലത്തുകാരൻ വരച്ച ഭാവനക്കൊപ്പം ആദ്യ ബോളിവുഡ് ചിത്രം തിയേറ്ററുകളിലെത്തി. 

വിദ്യുത് ജാംവലിന്റെ സിനിമയ്ക്ക് കിട്ടുന്ന മികച്ച കളക്ഷനായി മാറുകയാണ് കമാൻഡോ ത്രീ. കമാൻഡോ സീരീസിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണിത്. വിദ്യുതിനൊപ്പം ആദ ശർമയും അംഗിര ധറും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.സൗദിയിൽ നിർമാണം നടക്കുന്ന ഹ്രസ്വ ചിത്രത്തിന് പുറമെ വിപുൽഷാ പ്രൊഡക്ഷൻ ഹൗസിന്റെ ത്രില്ലർ ചിത്രവും പൂർത്തിയാക്കാനുണ്ട്. കുന്ദമംഗലം പടനിലം സ്വദേശിയായ ഡാരിസിന്റെ ഭാര്യ  ശ്രിത പ്രകാശ് കാനറാ ബാങ്ക് ജീവനക്കാരിയാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...