ഒന്നുമറിയില്ല, എന്റെ ആദ്യ സിനിമ, സ്വപ്നം, അധ്വാനം; പാതിയിൽ വെയിൽ ഒടുങ്ങുമ്പോൾ; അഭിമുഖം

sarath-veyil-film-new
SHARE

മുന്നിലിങ്ങനെ ഇരുട്ട് പകരുന്നത് കണ്ട് നിൽക്കുന്നവന്റെ അവസ്ഥയിലാണ് വെയിൽ എന്ന സ്വപ്നത്തിന്റെ സംവിധായകൻ ശരത്ത് മേനോൻ. ആറുവർഷത്തെ അധ്വാനം. ആദ്യ സിനിമ. ഒടുവിൽ ഇപ്പോൾ സിനിമ ഉപേക്ഷിക്കുന്നതായി നിർമാതാക്കളുടെ സംഘടന കൂടി വ്യക്തമാക്കുന്നു. മുന്നോട്ട് എന്ത് എന്ന് അറിയാതെ പകയ്ക്കുകയാണ് ശരത്ത് എന്ന സംവിധായകൻ. ചിത്രം ഉപേക്ഷിച്ചു എന്ന നിർമാതാക്കളുടെ തീരുമാനത്തിന് പിന്നാലെ ശരത്ത് മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

‘ടിവിയിലൂടെയാണ് ഞാൻ അറിയുന്നത് ചിത്രം ഉപേക്ഷിക്കുന്നതായി. അൽപം മുൻപ് നിർമാതാവ് ജോബി ചേട്ടൻ വിളിച്ചു. അദ്ദേഹവും നിസഹായനാണ്. ഇത്തരത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് സംഘടനയുടെ തീരുമാനം. എനിക്ക് സിനിമയുമായി മുന്നോട്ടുപോകണമെന്നാണ്. ഫെഫ്കയ്ക്ക് എന്റെ അവസ്ഥ പറഞ്ഞ് ഒരു പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനപ്പുറം എന്താണ് വേണ്ടതെന്ന് എനിക്ക് അറിയില്ല. 

മുന്നോട്ട് എങ്ങനെ പോകണമെന്നും എനിക്ക് അറിയില്ല. എന്റെ ആറുവർഷത്തെ സ്വപ്നമാണിത്. സഹസംവിധായകനായി നടക്കുന്ന കാലം മുതൽ ‍ഞാൻ കണ്ട വെയിലാണിത്. എന്റെ ആദ്യ സിനിമ. വെയിലിന്റെ കഥ ഷെയ്നോട് ഞാൻ കിസ്മത്ത് സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്നെ പറഞ്ഞതാണ്. അയാളും എനിക്കൊപ്പം സഞ്ചരിച്ചതാണ്. പക്ഷേ ഇന്ന്.. സിനിമ നിർമാതാവ് ഉപേക്ഷിച്ചാൽ എനിക്ക് എന്താണ് പറയാൻ പറ്റുക. അദ്ദേഹത്തിനുണ്ടായ നഷ്ടം. എന്നെ വിശ്വസിച്ച് സിനിമ നിർമിക്കാൻ ഇറങ്ങിയ വ്യക്തിയാണ്. അദ്ദേഹം സിനിമ ഉപേക്ഷിച്ചെങ്കിൽ ‍ഞാൻ എന്തുചെയ്യാനാണ്. അറിയില്ല എനിക്ക്..’ വാക്കുകളിൽ ശരത്ത് ഇടറി.

ലിജോ ജോസ് പല്ലിശേരിയുടെ സഹസംവിധായകനായി രണ്ടു ചിത്രത്തിൽ ‍ഞാൻ പ്രവർത്തിച്ചിരുന്നു. 2011 മുതൽ സിനിമ എന്ന സ്വപ്നത്തിന് പിന്നാലെ കൂടിയതാണ്. വേണമെങ്കിൽ മുൻപുതന്നെ സിനിമ ചെയ്യാമായിരുന്നു. പക്ഷേ വെയിൽ എന്റെ സ്വപ്നമാണ്. ഇതിങ്ങനെ വഴിയിൽ ഉപേക്ഷിച്ച് പോകാൻ മനസ് വരുന്നില്ല. ഒരു പ്രതീക്ഷ ഇപ്പോഴും എനിക്കുണ്ടെന്ന് പറയാനാണ് ഇഷ്ടം. 

15 ദിവസം കൂടി ഷൂട്ട് ചെയ്യാൻ പറ്റിയാൽ ഇൗ സിനിമ തീരും. 70 ശതമാനവും ഷൂട്ട് തീർന്നിട്ടുണ്ട്. ഇതുവരെ എടുത്ത ഭാഗങ്ങളിൽ ഞങ്ങൾ ഹാപ്പിയാണ്. ഇൗ സിനിമയ്ക്ക് ശേഷാണ് ജോബി ചേട്ടൻ നിർമിക്കുന്ന മമ്മൂട്ടി ചിത്രം  ഷൈലോക്ക് ഷൂട്ട് തുടങ്ങിയത്. അതിപ്പോൾ തീർന്നു. എന്നിട്ടും.. ഇതൊക്കെയാണ് നിർമാതാവിനെ പിന്നോട്ട് വലിക്കുന്നത്. അദ്ദേഹം ഇതുവരെ മുടക്കിയ കോടികൾ കൂടിയാണ് സിനിമ ഉപേക്ഷിച്ചാൽ നശിക്കുന്നത്. ഇപ്പോഴും പ്രതീക്ഷയിലാണ് ഞാൻ.. വേറെ എന്താണ് എനിക്ക് കഴിയുക..’ ശരത്ത് പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...